breaking news New

യുഎഇയിൽ വൻ വ്യാജരേഖാ-ബയോമെട്രിക് തട്ടിപ്പ് ; സാധാരണ തൊഴിലാളികൾ ലക്ഷ്യം, ഇന്ത്യൻ കോൺസുലേറ്റിന്റെ ജാഗ്രതാ നിർദേശം !

ദുബായിലും വടക്കൻ എമിറേറ്റുകളിലുമാണ് സംഭവം. വിസ, പാസ്‌പോർട്ട്, തൊഴിൽ രേഖകൾ എന്നിവ ശരിയാക്കി നൽകാം എന്നു വിശ്വസിപ്പിച്ച് വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് ഡാറ്റയും കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്.

ഇത്തരത്തിൽ വ്യാജമായി സംഘടിപ്പിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് വൻ തുകയുടെ വായ്പകൾ കൈക്കലാക്കുന്നതോടെ നിരപരാധികളായ സാധാരണക്കാർ ജയിലിലാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കുന്നു.

നാട്ടിലേക്ക് മടങ്ങാനുള്ള അടിയന്തര പാസ്‌പോർട്ട് (ഇസി), രേഖകൾ പുതുക്കൽ, വിസ നിയമസാധുത വരുത്തൽ, പുതിയ ജോലി വാഗ്ദാനം എന്നിവയുടെ പേരിൽ എത്തുന്ന തട്ടിപ്പുകാരുടെ വലയിലാണ് സാധാരണ തൊഴിലാളികൾ വീഴുന്നത്. വിവരക്കേട് മുതലെടുക്കുന്ന ഇടനിലക്കാരും ഏജന്റുമാരും പാവപ്പെട്ടവരുടെ രേഖകൾ കൈക്കലാക്കുകയാണ് ചെയ്യുന്നത്. ബാങ്ക് വിശദാംശങ്ങൾ, മുഖത്തിന്റെ സ്കാൻ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച ശേഷം ഇവരുടെ പേരിൽ വലിയ തുകകളുടെ ബാങ്ക് വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ വ്യാജമായി നിർമിക്കുന്നു.

തങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഇരകൾ, പിന്നീട് യാത്രാവിലക്ക് വരുമ്പോഴോ പൊലീസിന്റെ പിടിയിലായി ജയിലിലാകുമ്പോഴോ മാത്രമാണ് തട്ടിപ്പിനിരയായ വിവരമറിയുന്നത്. ഇത്തരം പരാതികളും സംഭവങ്ങളും വ്യാപകമായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിഷയത്തിൽ ഇന്ത്യൻ കോൺസുലേറ്റ് അടിയന്തരമായി ഇടപെട്ടത്.

പരിചയമില്ലാത്തവർക്കോ അംഗീകാരമില്ലാത്ത ഏജന്റുകൾക്കോ യാതൊരു കാരണവശാലും പാസ്‌പോർട്ടോ ബാങ്ക് വിവരങ്ങളോ കൈമാറരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. ബയോമെട്രിക് വിവരങ്ങൾ അംഗീകൃത യുഎഇ സർക്കാർ ഏജൻസികൾക്ക് മാത്രമേ നൽകാവൂ. ഇന്ത്യൻ കോൺസുലേറ്റോ എംബസിയോ ഇത്തരത്തിൽ വ്യക്തിഗത ബയോമെട്രിക് വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്നും അധികൃതർ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4