‘Knot.Dating’ എന്ന മാട്രിമോണിയൽ ആപ്പിന്റെ സിഇഒ ജസ്‌വീർ സിംഗാണ് ദക്ഷിണ ഡൽഹിയിലെ ഒരു സമ്പന്ന കുടുംബത്തിൽ നിന്നുള്ള അമ്മയുടെ വിചിത്രമായ ആവശ്യങ്ങൾ എക്സിലൂടെ പങ്കുവെച്ചത്.
പ്രതിവർഷം 73 ലക്ഷം രൂപ ശമ്പളമുള്ള, ഉന്നത കമ്പനിയിൽ ജോലി ചെയ്യുന്ന മകന് വേണ്ടി പങ്കാളിയെ തിരയുകയായിരുന്നു ഈ അമ്മ. എന്നാൽ അവർ മുന്നോട്ടുവെച്ച നിബന്ധനകൾ കേട്ട് റിലേഷൻഷിപ്പ് മാനേജർ പോലും അമ്പരന്നു പോയി. ഉയർന്ന വിദ്യാഭ്യാസമള്ള, പ്രശസ്തമായ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങിയ മിടുക്കിയായ പെൺകുട്ടി വേണമെന്നായിരുന്നു അവരുടെ ഒന്നാമത്തെ ആവശ്യം. എന്നാൽ വിവാഹശേഷം ആ പെൺകുട്ടി ജോലിക്ക് പോകാൻ പാടില്ല എന്നതായിരുന്നു പ്രധാന നിബന്ധന.
വിദ്യാസമ്പന്നയായ പെൺകുട്ടി വേണമെന്ന് നിർബന്ധം പിടിക്കുകയും അതേസമയം തന്നെ അവൾക്ക് കരിയർ പാടില്ലെന്ന് പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യത്തെ ജസ്‌വീർ സിംഗ് രൂക്ഷമായി വിമർശിച്ചു. “നിങ്ങൾ നിങ്ങളുടെ മകന് പങ്കാളിയെയല്ല തിരയുന്നത്, മറിച്ച് ഡിഗ്രിയുള്ള, കാണാൻ ഭംഗിയുള്ള ഒരു വേലക്കാരിയെയാണ്” എന്ന് അദ്ദേഹം കുറിപ്പിൽ കുറിച്ചു.
മകൻ ജോലി ചെയ്യുന്നതിൽ കുഴപ്പമില്ലെന്നും മരുമകൾ വീട്ടിലിരിക്കണമെന്നും പറയുന്ന കുടുംബങ്ങളുടെ ചിന്താഗതി 1950-കളിലേതിന് സമാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഡേൺ ആയിരിക്കണം എന്നാൽ പരമ്പരാഗതമായ എല്ലാ നിയന്ത്രണങ്ങളും അനുസരിക്കണം എന്ന ഇത്തരം കുടുംബങ്ങളുടെ ആവശ്യം പുതിയ കാലത്തെ പെൺകുട്ടികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗത്ത് ഡൽഹിയിലെ ഈ അമ്മയുടെ നിലപാട് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും പല ഉന്നത കുടുംബങ്ങളും ഇന്നും ഇത്തരം ഒരു ‘ബ്ലൂപ്രിന്റ്’ ആണ് വിവാഹത്തിനായി നൽകുന്നതെന്നും ജസ്‌വീർ സിംഗ് ഓർമ്മിപ്പിക്കുന്നു. പഠിപ്പും വിവരവുമുള്ള പെൺകുട്ടികളെ വേണമെങ്കിലും അവരുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും തടയിടാനാണ് പലരും ശ്രമിക്കുന്നത്. വിവാഹങ്ങൾ പുറമെ നോക്കുമ്പോൾ ആധുനികമായി തോന്നുമെങ്കിലും, പെൺകുട്ടികളെ കേവലം വീട്ടുജോലിക്കാർ മാത്രമായി കാണുന്ന ഇത്തരം മനോഭാവങ്ങൾ മാറാൻ ഇനിയും ഏറെ സമയമെടുക്കും എന്ന സൂചനയോടെയാണ് വൈറൽ പോസ്റ്റ് അവസാനിക്കുന്നത്.
വിവാഹ വിപണിയിൽ ഇന്നും നിലനിൽക്കുന്ന ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇന്റർനെറ്റിൽ വൻ ചർച്ചയാകുന്നു
Advertisement
Advertisement
Advertisement