breaking news New

വിജയ് സർക്കാരിന് ഹൈക്കോടതിയിൽ വൻ തിരിച്ചടി ; തമിഴ്നാട്ടിൽ നിന്ന് നിർമാണ സാമഗ്രികൾ കൊണ്ടുപോകാനുള്ള വിലക്ക് റദ്ദാക്കി : കേരളത്തിന് ആശ്വാസം!

ചെന്നൈ: നിയമപരമായ അനുമതിയോടെ ഖനനം ചെയ്ത ധാതുക്കൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടയാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കോടതി, ഇതുമായി ബന്ധപ്പെട്ട ചട്ടഭേദഗതിയും റദ്ദാക്കി.

കല്ല്, എം-സാൻഡ്, മെറ്റൽ ജെല്ലി (കരിങ്കൽ ചല്ലി) തുടങ്ങിയ നിർമാണ സാമഗ്രികൾ തമിഴ്നാടിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. 2026 ജൂലൈ 9-ന് കൊണ്ടുവന്ന ചട്ടഭേദഗതിയുടെ അടിസ്ഥാനത്തിൽ, പുതുച്ചേരിയും കാരയ്ക്കലും ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ധാതുനീക്കത്തിന് മൂന്ന് മാസത്തെ താൽക്കാലിക വിലക്കും സർക്കാർ ഏർപ്പെടുത്തിയിരുന്നു.

സാധുവായ ലൈസൻസോടെ ഖനനം ചെയ്ത ധാതുക്കളുടെ ഉടമസ്ഥാവകാശം ഖനനക്കാർക്കാണെന്നും അവ എവിടെ വിൽക്കണമെന്നത് തീരുമാനിക്കാനുള്ള അവകാശം ഉടമകൾക്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിർമ്മാണ മേഖലയിലുള്ളവർ കോടതിയെ സമീപിച്ചത്. ചട്ടഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമായിരുന്നുവെന്നും ഹർജിക്കാർ വാദിച്ചു.

അതേസമയം, അനധികൃതമായി ധാതുക്കൾ കടത്തുന്നത് തടയാനും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ആവശ്യമായ നിർമാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാനുമാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നതെന്നായിരുന്നു തമിഴ്നാട് സർക്കാരിന്റെ വിശദീകരണം.

എന്നാൽ, സാധുവായ ലൈസൻസോടെ ഖനനം ചെയ്ത ധാതുക്കളുടെ നീക്കത്തിന് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധർമ്മാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഖനന ലൈസൻസുകൾ നിലവിലുള്ള നിയമപ്രകാരവും രാഷ്ട്രപതിയുടെ അനുമതിയോടെയുമാണ് അനുവദിച്ചിട്ടുള്ളതെന്നും അതിന് വിരുദ്ധമായി പിന്നീട് നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ താൽക്കാലിക നിരോധനം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കോടതി, വിവാദമായ റൂൾ 3എ ഭരണഘടനാവിരുദ്ധമായി കണ്ട് റദ്ദാക്കി.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4