'കാഗ്രിസെമ' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഔഷധം, മികച്ച ഫലം നല്‍കുന്നു എന്നാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ടൈപ്പ്-2 പ്രമേഹ രോഗികളില്‍ നടത്തിയ 'റീഇമാജിന്‍ 5' മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍. ആഴ്ചയില്‍ 1 മില്ലിഗ്രാം കാഗ്രിസെമ സ്വീകരിച്ച രോഗികളില്‍ 60 ആഴ്ചകള്‍ക്കുള്ളില്‍ ശരാശരി 12.4 ശതമാനം ശരീരഭാരം കുറഞ്ഞതായി കണ്ടെത്താനായി. അമിതവണ്ണത്തെ ചെറുക്കുന്നതിനൊപ്പം പ്രമേഹ രോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കാര്യക്ഷമമായി നിയന്ത്രിക്കാനും ഈ മരുന്നിന് സാധിച്ചിട്ടുണ്ട്.
അതേസമയം, പോരാട്ടത്തില്‍ എതിരാളിയായിരുന്ന റ്റിര്‍സെപറ്റൈഡ് 5 മില്ലിഗ്രാം ആഴ്ചതോറും സ്വീകരിച്ച രോഗികളില്‍ 9 ശതമാനം ഭാരക്കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. ഇതുകൂടാതെ, പ്രമേഹമില്ലാത്ത അമിതവണ്ണമുള്ള മുതിര്‍ന്നവരില്‍ നടത്തിയ മറ്റൊരു മൂന്നാം ഘട്ട പരീക്ഷണത്തില്‍, 68 ആഴ്ചകള്‍ കൊണ്ട് 21 ശതമാനം വരെ ഭാരം കുറയ്ക്കാന്‍ കാഗ്രിസെമയ്ക്ക് സാധിച്ചതായും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നോവോ നോര്‍ഡിസ്‌കിന്റെ തന്നെ ഹിറ്റ് മരുന്നുകളായ 'ഓസെംപിക്', 'വെഗോവി' എന്നിവയിലടങ്ങിയിട്ടുള്ള 'സെമാഗ്ലൂറ്റൈഡ്' , കൂടാതെ 'കാഗ്രിലിന്റൈഡ്' എന്നീ രണ്ട് സജീവ ഘടകങ്ങളുടെ സംയോജനമാണ് ആഴ്ചയിലൊരിക്കല്‍ കുത്തിവെക്കാവുന്ന ഈ പുതിയ ഔഷധം.
മറുവശത്ത്, കാഗ്രിലിന്റൈഡ് എന്നത് ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായിക്കുന്ന 'അമിലിന്‍' ഹോര്‍മോണിന്റെ കൃത്രിമ രൂപമാണ്. ഇത് തലച്ചോറിലെ വിശപ്പും വയര്‍ നിറഞ്ഞ സംതൃപ്തിയും നിയന്ത്രിക്കുന്ന ഭാഗങ്ങളെ കൃത്യമായി ലക്ഷ്യമിടുന്നു. ഈ രണ്ട് ഘടകങ്ങളും ഒന്നിക്കുമ്പോള്‍ അമിതവണ്ണമുള്ളവരില്‍ അതിവേഗത്തിലുള്ള ഭാരക്കുറവാണ് പ്രകടമാകുന്നത്. സെമാഗ്ലൂറ്റൈഡ്, കാഗ്രിലിന്റൈഡ് എന്നിവയുടെ സംയോജനം മികച്ച പ്രതികരണമാണ് നല്‍കുന്നതെന്ന് നോവോ നോര്‍ഡിസ്‌കിന്റെ ചീഫ് സയന്റിഫിക് ഓഫീസര്‍ മാര്‍ട്ടിന്‍ ഹോള്‍സ്റ്റ് ലാംഗെ വ്യക്തമാക്കി. കുറഞ്ഞ അളവില്‍ പോലും കാഗ്രിസെമ, റ്റിര്‍സെപറ്റൈഡിനേക്കാള്‍ ഉയര്‍ന്ന ഭാരക്കുറവ് ഉറപ്പുനല്‍കുന്നുണ്ടെന്നും പ്രമേഹ സംബന്ധമായ ചികിത്സയില്‍ ഇതൊരു വലിയ നാഴികക്കല്ലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പരീക്ഷണത്തില്‍ ഉപയോഗിച്ച റ്റിര്‍സെപറ്റൈഡിന്റെ അളവ് 5 മില്ലിഗ്രാമില്‍ നിന്നും 10 മില്ലിഗ്രാമോ 15 മില്ലിഗ്രാമോ ആയി വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍ ഭാരക്കുറവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നതും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എങ്കിലും കാഗ്രിസെമയുടെ പ്രാരംഭ ഫലങ്ങള്‍ വൈദ്യശാസ്ത്ര ലോകത്ത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നിലവില്‍ യു.എസ് എഫ്.ഡി.എയുടെ അന്തിമ അംഗീകാരം കാത്തിരിക്കുന്ന ഈ മരുന്ന് അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2030-ല്‍ പേറ്റന്റ് കാലാവധി അവസാനിക്കുന്ന നോവോയുടെ തന്നെ ജനപ്രിയ മരുന്നായ വെഗോവിയുടെ പിന്‍ഗാമിയായാണ് കാഗ്രിസെമ വിലയിരുത്തപ്പെടുന്നത്.
അതേസമയം,
മറ്റ് അമിതവണ്ണ പ്രതിരോധ മരുന്നുകള്‍ക്ക് സമാനമായി ചില പാര്‍ശ്വഫലങ്ങളും കാഗ്രിസെമ പരീക്ഷണങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ ബുദ്ധിമുട്ടുകളാണ് പ്രധാനമായും രോഗികളില്‍ കണ്ടുവന്നത്.
അമിതവണ്ണ ചികിത്സയിൽ വമ്പൻ നീക്കം ; കൂടുതൽ ഫലപ്രദമായ പുതിയ മരുന്നുമായി നോവോ നോർഡിസ്‌ക്
Advertisement
Advertisement
Advertisement