breaking news New

യാത്രക്കാർക്ക് ആശ്വാസമായി റെയിൽവേയുടെ നിർണായക തീരുമാനം ; കൊല്ലം–കോട്ടയം മെമു ട്രെയിൻ ഇനി എറണാകുളം വരെ സർവീസ് നടത്തും

കോട്ടയം - എറണാകുളം റൂട്ടില്‍ യാത്രാദുരിതം അനുഭവിക്കുന്ന നൂറുകണക്കിന് സ്ഥിരം യാത്രാക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലില്‍ ഒപ്പുവെച്ചതായും തിങ്കളാഴ്ച ഔദ്യോഗിക വിജ്ഞാപനം പുറത്തുവരുമെന്നും അധികൃതര്‍ അറിയിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എംപി, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ എന്നിവരുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണ് റെയില്‍വേയുടെ ഈ നടപടി. വൈകുന്നേരങ്ങളില്‍ വേണാട് എക്‌സ്പ്രസിലുണ്ടാകുന്ന അതിരൂക്ഷമായ തിരക്കും യാത്രാദുരിതവും ചൂണ്ടിക്കാട്ടി ജനപ്രതിനിധികള്‍ റെയില്‍വേ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരുള്‍പ്പെടെയുള്ളവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചാണ് അധിക സര്‍വീസിനായി അനുമതി നേടിയെടുത്തത്.

പുതിയ സമയക്രമപ്രകാരം കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1:40നാണ് ട്രെയിന്‍ പുറപ്പെടുക. എറണാകുളത്തുനിന്ന് വൈകുന്നേരം 5:25നും ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഏറ്റുമാനൂര്‍, കുറുപ്പുംതറ, വൈക്കം റോഡ്, പിറവം റോഡ്, കാഞ്ഞിരമറ്റം, തൃപ്പൂണിത്തുറ എന്നീ സ്റ്റേഷനുകളിലാണ് പുതിയ മെമുവിന് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുള്ളത്.

കേരളപ്പിറവി ദിനത്തില്‍ കേരളത്തിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും സന്തോഷകരമായ സമ്മാനമായാണ് ഈ തീരുമാനത്തെ കാണുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ആയിരക്കണക്കിന് യാത്രാക്കാര്‍ക്ക് ഈ പ്രഖ്യാപനം വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4