തിരുവനന്തപുരം : ലഹരിയുടെ പിടിയിൽനിന്ന് യുവതലമുറയെ അകറ്റാൻ വ്യത്യസ്തമായ പദ്ധതിയുമായി കേരള പൊലീസ്. ഇനി പൊലീസിന്റെ അശ്വാരൂഢ സേനയുടെ കുതിരപ്പുറത്ത് പൊതുജനങ്ങൾക്കും കുതിരസവാരി പഠിക്കാം. സേനയുടെ ഭാഗമായ 18 കുതിരകളെ ഉപയോഗിച്ചായിരിക്കും പരിശീലനം നൽകുക.
ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി യുവജനങ്ങളെ ആരോഗ്യകരമായ വിനോദങ്ങളിലേക്ക് ആകർഷിക്കുകയും ഒഴിവുസമയം ക്രിയാത്മകമായി വിനിയോഗിക്കാൻ അവസരമൊരുക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കായികക്ഷമതയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതിനും ഈ സംരംഭം സഹായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി. കൃഷ്ണ മുന്നോട്ടുവച്ച ആശയത്തിന് പൊലീസ് മേധാവി റാവഡ എ. ചന്ദ്രശേഖർ അംഗീകാരം നൽകി.
ആദ്യഘട്ടത്തിൽ പൊലീസുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായിരിക്കും പരിശീലനം നൽകുക. പിന്നീട് പൊതുജനങ്ങൾക്കും പരിശീലനത്തിൽ പങ്കെടുക്കാം. 15 മുതൽ 60 വയസ്സുവരെയുള്ളവർക്കാണ് പ്രവേശനം. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ദിവസവും രാവിലെയും വൈകിട്ടുമായി 30 ദിവസം നീളുന്ന പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതുവരെ പൊലീസുകാരുടെ ഔദ്യോഗിക പരിശീലനത്തിന് മാത്രമായി ഉപയോഗിച്ചിരുന്ന കുതിരകളെയാണ് പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്തുന്നത്.
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കുതിരസവാരി ക്ലബ്ബുകളെ അപേക്ഷിച്ച് സാധാരണക്കാർക്ക് താങ്ങാനാകുന്ന കുറഞ്ഞ ഫീസായിരിക്കും ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചു.
ലഹരിയിൽനിന്ന് യുവതലമുറയെ കുതിരസവാരിയിലേക്ക് നയിക്കാനുള്ള പൊലീസിന്റെ ഈ പുതിയ നീക്കം ശ്രദ്ധേയമാകുകയാണ്.
🖥️ CENTRAL MEDIA NEWS DESK | 🌐www.cmediaonline.in
ലഹരിക്കെതിരെ കുതിരസവാരി ; പൊതുജനങ്ങൾക്കും പരിശീലനം നൽകാൻ കേരള പൊലീസ്! 18 കുതിരകളുമായി പുതിയ പദ്ധതി
Advertisement
Advertisement
Advertisement