breaking news New

ക്രിസ്തുവിന് മുമ്പേ എഴുതപ്പെട്ട രേഖകളിൽ യേശുവിന്റെ മൂന്നാം നാൾ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ച് പരാമർശമുണ്ടോ ? ലോകശ്രദ്ധ നേടി പുതിയ ശാസ്ത്രീയ പഠനം ; പുനരുത്ഥാനവുമായി ബന്ധപ്പെട്ട അപൂർവ കണ്ടെത്തലിന്റെ പിന്നാമ്പുറം

കത്തോലിക്കാ സഭയല്ലാത്ത അല്ലെങ്കില്‍ ക്രിസ്തീയ പശ്ചാത്തലമില്ലാത്ത ഒരു ചരിത്രകാരന്റെ കൃതിയിലാണ് ഈ നിര്‍ണായക വിവരണങ്ങള്‍ ഉള്ളത് എന്നത് കൗതുകമുണര്‍ത്തുന്നു.

ക്രിസ്തുവര്‍ഷം 93-94 കാലഘട്ടത്തില്‍ പ്രശസ്ത യഹൂദ ചരിത്രകാരനായ ഫ്ലാവിയസ് ജോസീഫസ് രചിച്ച 'ജൂയിഷ് ആന്റിക്വിറ്റീസ്' എന്ന ഗ്രന്ഥത്തിലെ 'ടെസ്റ്റിമോണിയം ഫ്ലാവിയനം' എന്ന ഭാഗമാണ് ഈ പുതിയ പഠനത്തിന് ആധാരം. സ്പെയിനില്‍ നിന്നുള്ള ഗവേഷകനായ ജീസസ് ഫെര്‍ണാണ്ടസ്-പെഡ്രേര കൊറീയ, ഈ ഗ്രന്ഥത്തിന്റെ ഗ്രീക്ക്, ലാറ്റിന്‍, അറബിക്, സുറിയാനി പതിപ്പുകള്‍ താരതമ്യം ചെയ്താണ് തന്റെ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നത്. യേശു ക്രൂശിക്കപ്പെട്ടതിന് ശേഷം അനുയായികള്‍ക്ക് മുന്നില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ടു എന്ന് ഈ നാലും ഭാഷകളിലെയും എഴുത്തുകള്‍ ഒരേപോലെ വ്യക്തമാക്കുന്നുണ്ട്.

കാലാകാലങ്ങളിലുണ്ടായ പകര്‍ത്തിയെഴുത്തുകളിലും വിവര്‍ത്തനങ്ങളിലും വന്ന മാറ്റങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ ഈ വിവിധ ഭാഷാ പതിപ്പുകളുടെ വിശകലനം ഗവേഷകനെ സഹായിച്ചു. ഉദാഹരണത്തിന്, ഗ്രീക്ക് പതിപ്പില്‍ യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റത് പഴയനിയമ പ്രവാചകന്മാരുടെ പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണെന്ന് വ്യക്തമായി പറയുമ്പോള്‍, അറബിക് പതിപ്പില്‍ ഇത് ശിഷ്യന്മാര്‍ സാക്ഷ്യപ്പെടുത്തിയ ഒരു സംഭവമായാണ് അവതരിപ്പിച്ചിരിക്കുന്നത്. യേശുവിന്റെ അനുയായികള്‍ കണ്ടതായി അവകാശപ്പെട്ട കാര്യങ്ങള്‍ ഒരു ചരിത്രകാരന്റെ നിഷ്പക്ഷതയോടെ ജോസീഫസ് അതുപോലെ രേഖപ്പെടുത്തുകയായിരുന്നു എന്നാണ് ഗവേഷകന്റെ വാദം.

എന്നാല്‍, പിന്നീട് വന്ന ക്രിസ്തീയ പകര്‍പ്പുകാര്‍ ജോസീഫസിന്റെ മൂലകൃതിയില്‍ തങ്ങളുടെ വിശ്വാസപരമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ടാകാമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 'യേശു തന്നെയായിരുന്നു മശിഹാ' എന്ന പ്രസ്താവന ലാറ്റിന്‍, സുറിയാനി, അറബിക് പതിപ്പുകളില്‍ വ്യത്യസ്ത രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോസീഫസ് യേശുവിനെ മശിഹയായി അംഗീകരിച്ചിരുന്നില്ലെന്ന പ്രശസ്ത സഭാപിതാവായ ഒറിജന്റെ പരാമര്‍ശവും, പില്‍ക്കാലത്ത് ഈ ഗ്രന്ഥത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്ന സംശയത്തിന് ബലമേകുന്നു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂലകൃതിയിലെ ഓരോ വാക്കും കൃത്യമായി പുനഃസൃഷ്ടിക്കുക അസാധ്യമാണെങ്കിലും, യേശുവിന്റെ അനുയായികള്‍ അക്കാലത്ത് തുടര്‍ന്നുവന്ന പ്രസ്ഥാനത്തെക്കുറിച്ചുള്ള ജോസീഫസിന്റെ അവസാന നിഗമനങ്ങള്‍ തികച്ചും ചരിത്രപരമാണെന്ന് ഗവേഷകന്‍ ഉറപ്പിച്ചുപറയുന്നു. ക്രിസ്തുമതത്തിന്റെ ആദ്യകാല ചരിത്രത്തിലേക്കും വിവര്‍ത്തനങ്ങളിലൂടെ അതിനുണ്ടായ പരിണാമങ്ങളിലേക്കും വെളിച്ച വീശുന്ന ഒന്നാണ് ഈ പുതിയ പഠനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4