ലണ്ടൻ: സ്കോച്ച് വിസ്കി ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമാകുന്നു.
ഇരു രാജ്യങ്ങളും ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാർ പ്രകാരം ബ്രിട്ടീഷ് സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവ 75 ശതമാനമായി കുറച്ചെങ്കിലും ബൾക്ക് സ്കോച്ച് കോൺസൻട്രേറ്റുകൾക്ക് ഈ ഇളവ് ബാധകമല്ലെന്ന നിലപാടിലാണ് ഇന്ത്യ.
പുതിയ നികുതി നിർദേശപ്രകാരം ബൾക്ക് സ്കോച്ച് കോൺസൻട്രേറ്റുകൾക്ക് 150 ശതമാനം ഇറക്കുമതി തീരുവയ്ക്കൊപ്പം പ്രാദേശിക നികുതിയും ഉൾപ്പെടെ ആകെ 162.5 ശതമാനം നികുതി ബാധകമാകും. നേരത്തെ ഇത് 150 ശതമാനമായിരുന്നു.
നികുതി തർക്കത്തെ തുടർന്ന് പെർനോഡ് റിക്കാർഡ്, ഡിയാജിയോ, ബക്കാർഡി തുടങ്ങിയ പ്രമുഖ മദ്യനിർമാണ കമ്പനികളുടെ 80ലധികം കണ്ടെയ്നറുകളാണ് ഇന്ത്യൻ തുറമുഖങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
ബാങ്ക് ഗ്യാരണ്ടി നൽകി ചരക്കുകൾ താൽക്കാലികമായി പുറത്തിറക്കാൻ പെർനോഡും ഡിയാജിയോയും ശ്രമിക്കുന്നുണ്ടെങ്കിലും ഇത് കമ്പനികളുടെ പ്രവർത്തന മൂലധനത്തിന് വലിയ സാമ്പത്തിക സമ്മർദമുണ്ടാക്കുന്നുണ്ട്. ചെറുകിട കമ്പനികളെയും പുതിയ നികുതി വ്യവസ്ഥ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിലുള്ള നിയമങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഇന്ത്യൻ അധികൃതരുടെ നിലപാട്. അതേസമയം, സ്വതന്ത്ര വ്യാപാര കരാറിലൂടെ ഉറപ്പുനൽകിയ ആനുകൂല്യങ്ങൾ ബ്രിട്ടീഷ് കമ്പനികൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുകെ മന്ത്രിമാർ ഇന്ത്യൻ സർക്കാരുമായി ചർച്ചകൾ തുടരുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സ്കോച്ച് വിസ്കി ഇറക്കുമതി തീരുവയിൽ ഇന്ത്യ–ബ്രിട്ടൻ തർക്കം ; 162.5 ശതമാനം നികുതി : തുറമുഖങ്ങളിൽ കുടുങ്ങി 80ലേറെ കണ്ടെയ്നറുകൾ !!
Advertisement
Advertisement
Advertisement