breaking news New

അക്കൗണ്ട് ഉടമകൾക്ക് ആശ്വാസം ; കൂടുതൽ ഉപഭോക്തൃ സൗഹൃദ സേവനങ്ങളുമായി ഇന്ത്യ പോസ്റ്റ്

തിരുവനന്തപുരം :
അക്കൗണ്ട് ഉടമകള്‍ നോമിനിയെ വെക്കാതെ മരണപ്പെട്ടാലും പിന്തുടര്‍ച്ചാവകാശികള്‍ക്ക് കോടതിയുടെ പിന്തുണയില്ലാതെ തന്നെ നിയമപരമായി അഞ്ച് ലക്ഷം വരെ തുക ലഭിക്കുന്നതാണ് ഇവയിലൊന്ന്. അക്കൗണ്ട് ഉടമ മരണപ്പെട്ടാല്‍, നോമിനിയെ നിശ്ചയിച്ചിട്ടില്ലെങ്കിലും 5 ലക്ഷം രൂപ വരെയുള്ള സമ്പാദ്യം കോടതിയുടെ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ നിയമാനുസൃത അവകാശികള്‍ക്ക് ക്ലെയിം ചെയ്യാം.

പോസ്റ്റ് ഓഫീസ് അക്കൗണ്ടില്‍ നോമിനിയെ നിശ്ചയിക്കാതെയാണ് ഉടമ മരിച്ചതെങ്കില്‍ പണം ലഭിക്കാന്‍ കോടതി കയറിയിറങ്ങി പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ടോ എന്ന ആശങ്ക പലര്‍ക്കുമുണ്ട്. എന്നാല്‍ അക്കൗണ്ടിലെ ആകെ തുക 5 ലക്ഷം വരെയോ അതില്‍ താഴെയോ ആണെങ്കില്‍ കോടതി രേഖകളില്ലാതെ തന്നെ നിയമപരമായ അവകാശികള്‍ക്ക് പണം പിന്‍വലിക്കാം.

അക്കൗണ്ട് ഉടമ മരിച്ച് 6 മാസം കഴിഞ്ഞിട്ടും നിയമപരമായ അവകാശതര്‍ക്കങ്ങളോ, കോടതി ഉത്തരവുകളോ വന്നിട്ടില്ലെങ്കിലാണ് ഈ ഇളവ് പ്രകാരം അപേക്ഷിക്കാനാവുക.

അതേസമയം അക്കൗണ്ടിലെ തുക 5 ലക്ഷത്തിന് മുകളിലാണെങ്കില്‍, നോമിനി ഇല്ലാത്ത പക്ഷം തുക ക്ലെയിം ചെയ്യാന്‍ കോടതി നല്‍കുന്ന പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പ്രൊബേറ്റ് ഓഫ് വില്‍ നിര്‍ബന്ധമാണ്.

നോമിനിക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപം ക്ലെയിം ചെയ്യാനുള്ള വഴികള്‍ ഇങ്ങനെ...
--------------------------------

അക്കൗണ്ട് ഉടമയുടെ മരണവിവരം ആദ്യം തന്നെ പോസ്റ്റ് ഓഫീസില്‍ അറിയിക്കുക. കൂടെ നോമിനിയുടെ തിരിച്ചറിയല്‍ രേഖ, അക്കൗണ്ട് ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ്, അക്കൗണ്ട് അല്ലെങ്കില്‍ നിക്ഷേപ വിവരങ്ങള്‍ എന്നിവയ്ക്കൊപ്പം ഒരു ക്ലെയിം ഫോം പൂരിപ്പിച്ച് നല്‍കുക.

പോസ്റ്റ് ഓഫീസ് അധികൃതര്‍ രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം പണം നോമിനിക്ക് കൈമാറും.

നോമിനി ഇല്ലാത്ത സാഹചര്യത്തില്‍ നിയമപരമായ അവകാശികള്‍ക്കാണ് ക്ലെയിം ഫയല്‍ ചെയ്യാന്‍ സാധിക്കുക. ഇതിനായി ക്ലെയിം ചെയ്യുന്ന ആള്‍ മരിച്ച വ്യക്തിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും മരണ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

അതേസമയം തുക കൂടുതല്‍ ആണെങ്കില്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള നിയമപരമായ രേഖകള്‍ ആവശ്യമായി വന്നേക്കാം.

ഒന്നിലധികം അവകാശികള്‍ ഉണ്ടെങ്കില്‍, അവര്‍ക്കിടയിലുള്ള സമ്മതപത്രവും സമര്‍പ്പിക്കണം.

മരണപ്പെട്ട വ്യക്തിയുടെ അക്കൗണ്ട് സെറ്റില്‍ ചെയ്യുന്നതിനായി ഇന്ത്യ പോസ്റ്റ് നല്‍കുന്ന നിശ്ചിത ക്ലെയിം ഫോം കൈപ്പറ്റുക.അക്കൗണ്ട് ഉടമയുടെയും ക്ലെയിം ചെയ്യുന്ന ആളുടെയും പൂര്‍ണ്ണവിവരങ്ങള്‍ ഫോമില്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുക.

ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് അപേക്ഷ അംഗീകരിച്ചാല്‍ ചട്ടപ്രകാരം തുക വിതരണം ചെയ്യും. ചില നിക്ഷേപ പദ്ധതികളില്‍ അക്കൗണ്ട് അവകാശിയുടെ പേരിലേക്ക് മാറ്റാനും അവസരമുണ്ട്.

അക്കൗണ്ടിലെ ആകെ തുക, നിക്ഷേപ പദ്ധതിയുടെ തരം, നോമിനിയുടെ ലഭ്യത എന്നിവയെ ആശ്രയിച്ച് ക്ലെയിം ചെയ്യുന്ന പ്രക്രിയയിലും ആവശ്യമായ രേഖകളിലും മാറ്റങ്ങള്‍ ഉണ്ടാകാം.

രേഖകളുടെ അഭാവം മൂലമുള്ള കാലതാമസം ഒഴിവാക്കാന്‍, അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ നിന്ന് ആവശ്യമുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ചോദിച്ചറിയുക എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4