breaking news New

പുകവലിക്കാരുടെ കീശയ്ക്ക് വീണ്ടും പുകച്ചിൽ ; സിഗരറ്റ് വില കൂട്ടി ഐടിസി !

കമ്പനിയുടെ ജനപ്രിയ ബ്രാൻഡായ 'ഗോൾഡ് ഫ്ലേക്ക് പ്രീമിയം' ഉൾപ്പെടെയുള്ളവയ്ക്കാണ് വില കൂട്ടിയിരിക്കുന്നത്.

പുതിയ നിരക്ക് പ്രകാരം 10 സിഗരറ്റുകൾ അടങ്ങിയ ഗോൾഡ് ഫ്ലേക്ക് പ്രീമിയം പാക്കറ്റിന് ഇനി മുതൽ 135 രൂപ നൽകണം. 125 രൂപയായിരുന്ന പാക്കറ്റിനാണ് ഒറ്റയടിക്ക് 8 ശതമാനത്തോളം വർദ്ധനവ് വരുത്തിയത്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഗോൾഡ് ഫ്ലേക്ക് പ്രീമിയത്തിന് കമ്പനി വില കൂട്ടുന്നത്. കഴിഞ്ഞ ജൂണിൽ 115 രൂപയിൽ നിന്ന് 125 രൂപയായി വില ഉയർത്തിയിരുന്നു. ഈ വർഷത്തെ രണ്ട് വർദ്ധനവുകളും കണക്കിലെടുത്താൽ ആകെ 17.4 ശതമാനത്തിന്റെ വിലക്കയറ്റമാണ് ഈ ബ്രാൻഡിനു മാത്രം ഉണ്ടായിരിക്കുന്നത്.

മറ്റു പ്രമുഖ ബ്രാൻഡുകൾക്കും വില കുത്തനെ കൂട്ടിയിട്ടുണ്ട്. സെപ്റ്റംബർ ആദ്യം 20 എണ്ണമുള്ള 'ക്ലാസിക് കണക്ട്' സിഗരറ്റ് പാക്കറ്റിന്റെ വില 390 രൂപയിൽ നിന്ന് 428 രൂപയായി (9.74%) ഉയർത്തിയിരുന്നു. കൂടാതെ 10 എണ്ണമുള്ള 'ഗോൾഡ് ഫ്ലേക്ക് സൂപ്പർ സ്റ്റാറി'ന്റെ വില 79 രൂപയിൽ നിന്ന് 89 രൂപയായും (12.66%) കൂട്ടി. ഈ വർഷം ഫെബ്രുവരിയിലും ഈ ബ്രാൻഡുകൾക്ക് കമ്പനി വില വർദ്ധിപ്പിച്ചിരുന്നു.

കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ നികുതി ഘടനയാണ് സിഗരറ്റ് കമ്പനികളെ വില വർദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചത്. 2026 ഫെബ്രുവരി 1 മുതൽ സിഗരറ്റുകൾക്ക് 40 ശതമാനം ജിഎസ്ടിയും കൂടാതെ പുതിയ അധിക എക്സൈസ് ഡ്യൂട്ടിയും നിലവിൽ വന്നിരുന്നു. സിഗരറ്റിന്റെ നീളവും ഫിൽട്ടറിന്റെ സാന്നിധ്യവും അടിസ്ഥാനമാക്കിയാണ് ഈ എക്സൈസ് ഡ്യൂട്ടി ഈടാക്കുന്നത്. ഈ അധിക നികുതി ഭാരം കമ്പനികൾ ഉപഭോക്താക്കളിലേക്ക് കൈമാറുന്നതാണ് നിരന്തരമായ വിലവർദ്ധനവിന് കാരണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4