ചെന്നൈ :
വടക്കൻ തമിഴ്നാട്, ആന്ധ്രാ തീരങ്ങളിലെ അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താൽ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. തുലാവർഷം ആരംഭിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ തീവ്രമഴയാണ് ലഭിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. മേഘ വിസ്ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കൻ മേഖലകളിൽ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഒക്ടോബർ 17ന് ചെന്നൈയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
പരിമുനൈ, കത്തിവക്കം എന്നിവയുൾപ്പെടെയുള്ള വടക്കൻ ചെന്നൈ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 25 ദിവസമായി ചെന്നൈയിൽ മഴ ലഭിച്ചിരുന്നില്ല. കനത്ത വരൾച്ചയ്ക്കിടെയാണ് അപ്രതീക്ഷിതമായി കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നത്. 4 മുതൽ 5 മണിക്കൂറിലധികം നീണ്ടുനിന്ന കനത്ത മഴയിൽ റോഡുകളിലടക്കം വെള്ളം കയറി.
ഈ വർഷം വടക്കുകിഴക്കൻ മൺസൂൺ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിതെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. എന്നാൽ തുലാവർഷം ശക്തമായി വരാനിരിക്കുന്നതിനാൽ നിലവിലെ കണക്കുകളിൽ മാറ്റം വന്നേക്കാം. പരിമുനൈയിൽ ഏകദേശം 33 സെന്റീമീറ്ററും കത്തിവാക്കത്തിൽ 32 സെന്റീമീറ്ററും മഴയാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്. തിരുവോട്രിയൂർ, എന്നൂർ പ്രദേശങ്ങളിൽ ഏകദേശം 20 സെന്റീമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പരാമർശിച്ചു.
റോഡ് ഗതാഗതത്തിന് പുറമേ ചെന്നൈ വിമാനത്താവളത്തിലെ സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് കൊൽക്കത്തയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോയമ്പത്തൂരിലേക്കും ഇൻഡിഗോ വിമാനം തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചു വിട്ടു. മുംബൈ, ഡൽഹി, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, മധുര, തൂത്തുക്കുടി തുടങ്ങിയ നഗരങ്ങളിലേക്കുള്ള പന്ത്രണ്ടോളം വിമാന സർവീസുകൾ ഒരു മണിക്കൂറിലധികം വൈകിയോടിയത്.
ഒക്ടോബർ 23വരെ തമിഴ്നാട്ടിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 20ന് നീലഗിരി, കോയമ്പത്തൂർ, തേനി, ദിണ്ടിഗൽ, തെങ്കാശി, തിരുനൽവേലി, കന്യാകുമാരി ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധുര, സേലം, ഈറോഡ്, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി ജില്ലകളിലും മഴ ശക്തമായേക്കും.
വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ ശക്തമായ മഴ
Advertisement
Advertisement
Advertisement