ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ ഭീകര വാഹനാപകടത്തിൽ മൂന്ന് മലയാളികളടക്കം 14 പേർ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 10 പേർ യുഎഇ സ്വദേശികളും നാല് പേർ ഇന്ത്യക്കാരുമാണ്.
മരിച്ച മലയാളികൾ മലപ്പുറം വേങ്ങര സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്‌ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (3) എന്നിവരാണ്. മരിച്ച നാലാമത്തെ ഇന്ത്യക്കാരൻ ഗുജറാത്ത് സ്വദേശിയായ 13 വയസ്സുകാരനാണ്.
പരിക്കേറ്റവരിൽ വിവിധ രാജ്യക്കാരുണ്ട്. എട്ട് യുഎഇ സ്വദേശികൾ, ഏഴ് ഇന്ത്യക്കാർ, ആറ് ഒമാനികൾ, മൂന്ന് ഈജിപ്തുകാർ, രണ്ട് വീതം ജോർദാൻ, പാകിസ്താൻ, ബ്രസീൽ സ്വദേശികൾ എന്നിവരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടികൾ പൂർത്തിയായതായും അധികൃതർ അറിയിച്ചു.
നവംബർ 11 അർധരാത്രിയോടെയാണ് ഫുജൈറ പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ ദുരന്തമുണ്ടായത്. 18 കാറുകളും അഞ്ച് ട്രക്കുകളുമടക്കം 23 വാഹനങ്ങൾ ഉൾപ്പെട്ട രണ്ട് തുടർ അപകടങ്ങളാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ നിശ്ചലമായി കിടന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറിയതാണ് ആദ്യ അപകടം. പിന്നാലെ രണ്ട് ഷിപ്പിംഗ് കണ്ടെയ്നറുകളുമായി എത്തിയ ട്രക്ക് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞു. നിരവധി വാഹനങ്ങൾ പൂർണമായും തകർന്നു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തിൽ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഫുജൈറ വാഹനദുരന്തം : മരിച്ച 14 പേരിൽ മൂന്ന് മലയാളികൾ ; ഒരേ കുടുംബത്തിലെ രണ്ട് യുവാക്കളും മൂന്ന് വയസ്സുകാരനും വിടവാങ്ങി : 30 പേർക്ക് പരിക്ക്
Advertisement
Advertisement
Advertisement