breaking news New

ഇന്ധനവില വർധന പ്രവാസികൾക്ക് ഇരുട്ടടി ; യുഎഇയിൽ ജീവിതച്ചെലവ് വീണ്ടും ഉയരുമെന്ന് ആശങ്ക

ദുബായ് :
പെട്രോൾ വില ലിറ്ററിന് നാല് ദിർഹവും ഡീസൽ വില ലിറ്ററിന് 4.80 ദിർഹവുമായി ഉയർന്നതോടെ യുഎഇയിലെ പ്രവാസി സംരംഭകരുടെയും സാധാരണ ഉപഭോക്താക്കളുടെയും ചെലവുകൾ കുത്തനെ ഉയരുന്നു. വീടുമാറ്റം, വാഹന റിക്കവറി, ഗ്രോസറി, ഫുഡ് ഡെലിവറി തുടങ്ങിയ ഇന്ധനത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സേവനമേഖലകളിലാണ് വിലവർധനയുടെ പ്രതിഫലം നേരിട്ട് അനുഭവപ്പെടുന്നത്.

വാടക കുറവുള്ള മറ്റ് എമിറേറ്റുകളിലേക്ക് മാറാൻ ആലോചിക്കുന്ന സാധാരണ പ്രവാസികൾക്ക് വീടുമാറ്റച്ചെലവിലെ വർധന വലിയ തിരിച്ചടിയാകുകയാണ്. ഷാർജയിൽ നിന്ന് ദുബൈയിലേക്കോ തിരിച്ചോ വീട്ടുപകരണങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് ഒരു ട്രിപ്പിൽ തന്നെ 80 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടിവരുന്നുണ്ട്. ഡീസൽ വില ഉയർന്നതോടെ വാഹനത്തിന്റെ ഇന്ധനക്ഷമത അനുസരിച്ച് ഓരോ ട്രിപ്പിലും ഏഴ് മുതൽ 17 ദിർഹം വരെ അധിക ചെലവ് വരുന്നതായി ട്രാൻസ്പോർട്ട് മേഖലയിലുള്ളവർ പറയുന്നു.

ദീർഘദൂര വാഹന റിക്കവറി സർവീസുകളിലും ഇന്ധനവില വർധനയുടെ ആഘാതം പ്രകടമാണ്. ഓരോ സർവീസിനും ഏകദേശം 25 ദിർഹം വരെ അധിക ചെലവ് കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. എന്നാൽ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ ഈ അധികഭാരം ഉടൻ തന്നെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ ചെറുകിട ഓപ്പറേറ്റർമാർ പലരും തയ്യാറാകുന്നില്ല.
ട്രിപ്പുകൾ കുറച്ച് നഷ്ടം നികത്താൻ ശ്രമം
ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒരേ ദിശയിലേക്കുള്ള ഒന്നിലധികം വീടുകളിലെ സാധനങ്ങൾ ഒരുമിച്ച് കയറ്റിയയക്കുക, അനാവശ്യ ട്രിപ്പുകൾ ഒഴിവാക്കുക തുടങ്ങിയ മാർഗങ്ങളാണ് പല സംരംഭകരും സ്വീകരിക്കുന്നത്.

മലയാളികളടക്കമുള്ള ചെറുകിട സംരംഭകർക്ക് ഇന്ധനച്ചെലവിലെ വർധന നേരിട്ട് പ്രവർത്തനച്ചെലവിനെ ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഫുഡ് ഡെലിവറി, ഗ്രോസറി വിതരണ മേഖലകളും സമാന പ്രതിസന്ധിയിലാണ്. ഡെലിവറി വാഹനങ്ങൾക്കും ബൈക്കുകൾക്കും വേണ്ടിവരുന്ന ഇന്ധനച്ചെലവ് ഉയർന്നതോടെ കമ്പനികളുടെയും ഡെലിവറി ജീവനക്കാരുടെയും വരുമാന–ചെലവ് കണക്കുകൂട്ടലുകളിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്ന ഓരോ ഓർഡറിന്റെയും യഥാർത്ഥ ചെലവ് ഉയരുന്നതിനാൽ നിലവിലെ നിരക്കുകളിൽ സേവനം തുടരുന്നത് ചെറുകിട സ്ഥാപനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടാകുകയാണ്.

ഗതാഗതച്ചെലവ് ഉയരുന്നതോടെ സേവനനിരക്കുകളിൽ വർധന വരാനുള്ള സാധ്യതയും ശക്തമാണ്. വീടുമാറ്റം പോലുള്ള വലിയ ചെലവുകൾക്കൊപ്പം ദൈനംദിന ഗ്രോസറി, ഭക്ഷണ വിതരണം, വാഹന റിക്കവറി തുടങ്ങിയ സേവനങ്ങൾക്കും അധിക തുക നൽകേണ്ടിവന്നാൽ സാധാരണ പ്രവാസി കുടുംബങ്ങളുടെ മാസബജറ്റിൽ കാര്യമായ സമ്മർദ്ദമുണ്ടാകുമെന്നാണ് ആശങ്ക.
നിത്യോപയോഗ സാധനങ്ങളുടെ വിലയും യാത്രാച്ചെലവും ഇതിനകം കുടുംബങ്ങളുടെ ചെലവ് വർധിപ്പിക്കുന്ന സാഹചര്യത്തിൽ സേവനമേഖലകളിലേക്കും ഇന്ധനവിലയുടെ ആഘാതം വ്യാപിക്കുന്നത് പ്രവാസി കുടുംബങ്ങൾക്ക് പുതിയ സാമ്പത്തിക വെല്ലുവിളിയാകുകയാണ്. വിലവർധനയുടെ മുഴുവൻ ഭാരം ഉപഭോക്താക്കളിലേക്ക് മാറ്റാതെ എങ്ങനെ പിടിച്ചുനിൽക്കാമെന്നതാണ് ചെറുകിട പ്രവാസി സംരംഭകർ നേരിടുന്ന പ്രധാന ചോദ്യം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4