breaking news New

അധികാരത്തിന്റെ ഉന്നതിയിൽ നിന്ന് ജയിലറയിലേക്ക് ; അഴിമതിയും അനധികൃത സ്വത്തുസമ്പാദനവും തെളിഞ്ഞു ...

കേരള പോലീസില്‍ ഡിജിപി റാങ്കില്‍ നിന്നു വിരമിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടുന്നത് ആദ്യമാണ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വലിയ തോതില്‍ സ്വത്ത് സമ്പാദിച്ചുെവന്ന ആരോപണം കോട്ടയം വിജിലന്‍സ് കോടതി ശരിവെച്ചിരിക്കുകയാണ്.

നാലുവര്‍ഷത്തെ കഠിന തടവും 30,84,892 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവനുഭവിക്കണം. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ തടവു വിധിച്ച കേസായതിനാല്‍ വിചാരണ കോടതിയില്‍ നിന്ന് നേരിട്ട് ജാമ്യം ലഭിക്കില്ല. ജയിലില്‍ പോകേണ്ടിവരും. ശാരീരിക ബുദ്ധിമുട്ടുകളും നെഞ്ചുവേദനയുമുണ്ടെന്നും രണ്ടു പെണ്‍മക്കളുണ്ടെന്നും ഒറ്റയ്‌ക്കാണ് താമസിക്കുന്നതെന്നുമൊക്കെയുള്ള ശിക്ഷായിളവ് വാദങ്ങള്‍ കോടതി തള്ളി.

രണ്ടുപതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ശിക്ഷ. 2003 ജനുവരി മുതല്‍ 2007 ജൂലൈ വരെ എസ്പിയായും ഡിഐജിയായും സേവനമനുഷ്ഠിക്കവേ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 64.70 ലക്ഷം രൂപയുടെ (വരവിനേക്കാള്‍ 135 ശതമാനം) സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. പരാതിക്കാരനായ ബോബി കുരുവിള എന്ന വ്യക്തി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് നിയമപോരാട്ടങ്ങള്‍ക്കു പിന്നാലെ നടന്നത്.

തച്ചങ്കരി ഇടപെട്ട് പലതവണ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെങ്കിലും, വിചാരണ അനന്തമായി നീളുന്നതില്‍ അതൃപ്തിയറിയിച്ച് ഹൈക്കോടതി ഇടപെടുകയായിരുന്നു. കേസ് സമയബന്ധിതമായി തീര്‍പ്പാക്കാന്‍ ഉത്തരവിട്ടതോടെയാണ് വിചാരണ വേഗത്തിലായത്. സ്വത്തുക്കള്‍ കുടുംബവിഹിതമായും ഇഷ്ടദാനമായും കിട്ടിയതാണെന്ന വാദം സ്ഥാപിക്കാന്‍ സഹോദരിയെയടക്കം സാക്ഷിയാക്കി തച്ചങ്കരി ശ്രമം നടത്തിയെങ്കിലും അതിനുള്ള രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു.

1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ തച്ചങ്കരി എന്നും വിവാദപുരുഷനായിരുന്നു. അധികാരവും രാഷ്‌ട്രീയ പിടിപാടും ഉപയോഗിച്ച് പല കേസുകളില്‍ നിന്നും ഊരിപ്പോയി. പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന ഒട്ടേറെ കേസ് ഫയലുകള്‍ ഇദ്ദേഹം നശിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞത് മുന്‍ ഡിജിപി ടി.പി. സെന്‍കുമാറാണ്.

2002ല്‍ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ തച്ചങ്കരിയുടെ ഗണ്‍മാന്‍ വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരുന്നതിനിടെ പിടിക്കപ്പെട്ടിരുന്നു. ഇത് തച്ചങ്കരിക്കുവേണ്ടിയുള്ള കടത്താണെന്ന ആരോപണമുയര്‍ന്നിരുന്നു അന്ന്. ഔദ്യോഗിക പദവിയിലിരിക്കേ, സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകളും അത്തരം യാത്രകള്‍ക്കുശേഷം കടത്തിക്കൊണ്ടുവന്ന വസ്തുക്കളും അന്ന് വലിയ ചര്‍ച്ചയായി.

2004ല്‍ ആന്റി പൈറസി സെല്ലിന്റെ നോഡല്‍ ഓഫീസറായിരിക്കേ തിരുവനന്തപുരം ബീമാപള്ളിയിലെ വ്യാജ സിഡി വിപണികള്‍ക്കെതിരേ നടത്തിയ റെയ്ഡിലൂടെ അദ്ദേഹം ശ്രദ്ധേയനായി. എന്നാല്‍ 2006 ഡിസംബറില്‍ ആന്റി പൈറസി സെല്‍ മേധാവിയായിരുന്ന ഐജി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി കൊച്ചിയില്‍ നടത്തിയിരുന്ന ‘റിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ’യില്‍ റെയ്ഡ് നടത്തുകയും വന്‍തോതില്‍ വ്യാജ സിഡികള്‍ പിടിച്ചെടുക്കുകയും ചെയ്തു.

2023ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും തച്ചങ്കരി തന്റെ സ്വകാര്യ കാറില്‍ ഡിജിപി പദവിയെ സൂചിപ്പിക്കുന്ന മൂന്ന് നക്ഷത്ര ചിഹ്നവും ഔദ്യോഗിക ബോര്‍ഡും ഉപയോഗിച്ചു. ഇതും വലിയ വിവാദമായി. 2026ല്‍ കോട്ടയം വിജിലന്‍സ് കോടതിയില്‍ വിചാരണയ്‌ക്കായി ഇതേ കാറിലെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പിഴ ചുമത്തിയിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4