തഫോ കുകി, തഫോ നാഗ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുണ്ടായ സംഘർഷത്തിൽ നിരവധി വീടുകൾ തീയിട്ടു നശിപ്പിക്കപ്പെടുകയും അക്രമം തടയാൻ ശ്രമിച്ച സി.ആർ.പി.എഫ് ഉദ്യോഗസ്ഥന് വെടിയേൽക്കുകയും ചെയ്തു.
ഓഗസ്റ്റ് 24 പുലർച്ചെ 2:30 ഓടെയാണ് അക്രമസംഭവങ്ങളുടെ തുടക്കം. തഫോ കുകി ഗ്രാമത്തിലെ വീടിന് അജ്ഞാതർ തീയിട്ടതിന് പിന്നാലെ സമീപത്തെ തഫോ നാഗ പ്രദേശത്തെ വീടുകൾക്ക് നേരെയും പ്രത്യാക്രമണവും തീവെപ്പുമുണ്ടായി.
തുടർന്ന് രാവിലെ സായുധ സംഘങ്ങൾ തമ്മിൽ കനത്ത വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് സുരക്ഷയൊരുക്കാൻ എത്തിയ 36-ാം ബറ്റാലിയനിലെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ പ്രദീപ് സിങ്ങിനാണ് വെടിവെപ്പിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ സേനാപതി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തീവെപ്പിലും അക്രമങ്ങളിലും പ്രതിഷേധിച്ച് പ്രാദേശികവാസികൾ ഇംഫാൽ-ദിമാപ്പൂർ ദേശീയപാത 2 സേനാപതി ഗേറ്റിന് സമീപം തടയുകയും ടയറുകൾ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
അക്രമത്തിൽ തഫോ കുകി വില്ലേജ് അതോറിറ്റിയും നാഗാ സംഘടനകളും കടുത്ത അമർഷം രേഖപ്പെടുത്തി. പ്രദേശത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും സർക്കാർ തലത്തിൽ ചർച്ചകൾ നടത്തുകയും ചെയ്തതോടെ ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
മണിപ്പൂരിലെ സേനാപതി, കാങ്‌പോക്പി ജില്ലാ അതിർത്തി മേഖലകളിൽ വീണ്ടും വൻ വംശീയ അക്രമസംഭവങ്ങളും വെടിവെപ്പും റിപ്പോർട്ട് ചെയ്തു !!
Advertisement
Advertisement
Advertisement