കഞ്ചാവ് ഒരുതവണ പരീക്ഷിച്ചാൽ എന്താണ് കുഴപ്പമെന്ന ചിന്തയുള്ള കൗമാരക്കാർക്ക് മുന്നറിയിപ്പുമായി പുതിയ പഠനം.
കഞ്ചാവിന്റെ ഒറ്റത്തവണ ഉപയോഗം പോലും കൗമാരക്കാരുടെ തലച്ചോറിൽ ആശങ്കാജനകമായ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കുട്ടികളിൽ ഭയം, വെപ്രാളം, വൈകാരിക പ്രശ്നങ്ങൾ എന്നിവ വർധിക്കാൻ ഇത്തരം മാറ്റങ്ങൾ കാരണമായേക്കാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
14 വയസ്സ് പ്രായമുള്ള ആൺകുട്ടികളിലും പെൺകുട്ടികളിലും നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തലുകൾ പുറത്തുവന്നത്. കഞ്ചാവിലെ സൈക്കോ ആക്ടീവ് രാസഘടകമായ ടിഎച്ച്സി (THC) തലച്ചോറിന്റെ ഘടനയിൽ വളരെ വേഗത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
തലച്ചോറിലെ ചില ഭാഗങ്ങളിലെ ഗ്രേ മാറ്ററിന്റെ അളവിലും കട്ടിയിലും വ്യത്യാസങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൗമാരപ്രായത്തിൽ സ്വാഭാവികമായി സംഭവിക്കേണ്ട തലച്ചോറിന്റെ വളർച്ചാ പ്രക്രിയയെ ഇത്തരം മാറ്റങ്ങൾ പ്രതികൂലമായി ബാധിക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
തലച്ചോറിലെ അമിഗ്ഡല, ഹിപ്പോകാമ്പസ് എന്നീ ഭാഗങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ കുട്ടികളുടെ വൈകാരിക നിയന്ത്രണം, ഭയത്തോടുള്ള പ്രതികരണം, ഓർമശക്തി, അഭിരുചികൾ എന്നിവയെ ബാധിച്ചേക്കാം. ഇംഗ്ലണ്ട്, അയർലൻഡ്, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെ കുട്ടികളുടെ തലച്ചോർ സ്കാൻ ചെയ്താണ് പഠനം നടത്തിയത്.
ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാലും അപകടസാധ്യത
കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നവരിൽ മാത്രമല്ല, ഒന്നോ രണ്ടോ തവണ പരീക്ഷിക്കുന്ന കൗമാരക്കാരിലും ഇത്തരം മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. അതിനാൽ കൗതുകത്തിന്റെ പേരിലുള്ള ലഹരി പരീക്ഷണങ്ങൾ പോലും നിസാരമായി കാണരുത്.
സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമാഫിയയുടെ സ്വാധീനം വർധിക്കുന്നുവെന്ന ആശങ്കകൾക്കിടയിൽ പുറത്തുവന്ന പഠനഫലം രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ മുന്നറിയിപ്പാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ഒരുതവണ കഞ്ചാവ് ഉപയോഗിച്ചാലും തലച്ചോറിന് ആഘാതം ! കൗമാരക്കാരിൽ ഭയവും ഉത്കണ്ഠയും വർധിപ്പിക്കുമെന്ന് പഠനം ; 14 വയസ്സുകാരിൽ കണ്ടെത്തിയത് ഗുരുതര മാറ്റങ്ങൾ !!
Advertisement
Advertisement
Advertisement