മുംബൈ: ലോകത്തിലെ മികച്ച വിമാനക്കമ്പനികളുടെ ആദ്യ പട്ടിക പുറത്തിറക്കി ടൈം മാഗസിൻ. 2027-ലെ പട്ടികയിൽ എമിറേറ്റ്സ് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഖത്തർ എയർവേയ്സ് രണ്ടാം സ്ഥാനത്തും എയർ ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമെത്തി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യാത്രക്കാർക്ക് ലഭിച്ച മികച്ച വിമാനയാത്രാ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. യാത്രക്കാർ നിർദേശിച്ച വിമാനക്കമ്പനികളുടെ പേരുകൾക്കൊപ്പം സ്റ്റാറ്റിസ്റ്റ ശേഖരിച്ച വിവരങ്ങളും ട്രാവൽ ഡാറ്റ കമ്പനിയായ ഒ.എ.ജി നൽകിയ പ്രവർത്തനമികവ് സംബന്ധിച്ച വിശകലനവും പരിഗണിച്ചു.
മധ്യപൂർവേഷ്യയിലെ സംഘർഷങ്ങൾ വ്യോമഗതാഗതത്തെ ബാധിച്ചിട്ടും എമിറേറ്റ്സ് ഒന്നാം സ്ഥാനം നിലനിർത്തിയത് ശ്രദ്ധേയമായി. ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒരു യൂറോപ്യൻ വിമാനക്കമ്പനിക്കും ഇടം നേടാനായില്ലെന്നതും പട്ടികയിലെ പ്രത്യേകതയാണ്.
യൂറോപ്യൻ കമ്പനികളിൽ ഏറ്റവും ഉയർന്ന റാങ്ക് തുർക്കിഷ് എയർലൈൻസിനാണ്. പതിനാലാം സ്ഥാനമാണ് കമ്പനിക്ക് ലഭിച്ചത്. ഫിൻഎയർ പതിനഞ്ചാം സ്ഥാനത്തും എൽ.ഒ.ടി പോളിഷ് എയർലൈൻസ് പതിനാറാം സ്ഥാനത്തും ബ്രിട്ടീഷ് എയർവേയ്സ് പതിനേഴാം സ്ഥാനത്തുമെത്തി.
ആദ്യ അഞ്ച് സ്ഥാനങ്ങളിലെ വിമാനക്കമ്പനികൾ:
* എമിറേറ്റ്സ് – ഒന്നാം സ്ഥാനം
* ഖത്തർ എയർവേയ്സ് – രണ്ടാം സ്ഥാനം
* എയർ ന്യൂസിലാൻഡ് – മൂന്നാം സ്ഥാനം
* സിംഗപ്പൂർ എയർലൈൻസ് – നാലാം സ്ഥാനം
* കാത്തേ പസഫിക് – അഞ്ചാം സ്ഥാനം
അതേസമയം, ലോകത്തിലെ മികച്ച പ്രധാന വിമാനത്താവളങ്ങളുടെ പട്ടികയിൽ സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം ഒന്നാമതെത്തി. മികച്ച കണക്ഷനുകളുടെ കാര്യത്തിൽ യൂറോപ്പിൽ ആംസ്റ്റർഡാം ഷിഫോൾ, മ്യൂണിക്ക്, ലണ്ടൻ ഹീത്രൂ വിമാനത്താവളങ്ങൾ മുന്നിലെത്തി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in