breaking news New

'ഏലാദി' ഇനി ആർക്കും ഉപയോഗിക്കാനാകില്ല ! കണ്ടംകുളത്തി വൈദ്യശാലയ്ക്ക് അനുകൂലമായി ഹൈക്കോടതി ; മിഠായി കമ്പനിയുടെ അപ്പീൽ തള്ളി

കൊച്ചി: കണ്ടംകുളത്തി വൈദ്യശാലയുടെ പ്രശസ്തമായ 'ഏലാദി' എന്ന വ്യാപാരമുദ്രയ്ക്ക് സമാനമായ പേരുകൾ ഉപയോഗിക്കുന്നതിനെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മിഠായി നിർമാതാക്കളായ അമേയ സ്വീറ്റ്സിന് 'ഏലാദി', 'ഏലാദി ത്രിൽ' എന്നീ പേരുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.

ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് അമേയ സ്വീറ്റ്സും ഉടമ വിനീത സുരേഷ് ബാബുവും നൽകിയ അപ്പീൽ തള്ളിയത്. സമാനമായ പേരുകൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

1989 മുതൽ 'ഏലാദി' എന്ന പേരിൽ ആയുർവേദ ഗുളികകൾ വിപണനം ചെയ്യുന്നുണ്ടെന്നും പതിറ്റാണ്ടുകളായുള്ള ഉപയോഗത്തിലൂടെ ഈ പേര് തങ്ങളുടെ ഉൽപന്നങ്ങളുടെ സവിശേഷമായ തിരിച്ചറിയലായി മാറിയെന്നും കണ്ടംകുളത്തി വൈദ്യശാല കോടതിയിൽ വാദിച്ചു.

വൈദ്യശാലയുടെ വിപണിയിലെ പ്രശസ്തി മുതലെടുക്കാനാണ് സമാനമായ പേരും പാക്കിങ്ങും ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ 2026 ഓഗസ്റ്റിൽ തൃശൂർ അഡീഷണൽ ജില്ലാ കോടതി അമേയ സ്വീറ്റ്സിന് ഇടക്കാല വിലക്ക് ഏർപ്പെടുത്തിയിരുന്നു.

എന്നാൽ 'ഏലാദി ത്രിൽ' തങ്ങളുടെ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയാണെന്നും മിഠായികൾ ക്ലാസ് 30 വിഭാഗത്തിലും ആയുർവേദ ഔഷധങ്ങൾ ക്ലാസ് 5 വിഭാഗത്തിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി അമേയ സ്വീറ്റ്സ് ഹൈക്കോടതിയെ സമീപിച്ചു. 'ഏലാദി' പൊതുവായി ഉപയോഗിക്കുന്ന ആയുർവേദ പദമാണെന്നും ഒരു സ്ഥാപനത്തിന് മാത്രമായി അതിന്മേൽ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും വാദിച്ചു.

എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. പൊതുവായി ഉപയോഗിക്കുന്ന ഒരു വാക്കിന് പോലും ദീർഘകാലത്തെ വാണിജ്യ ഉപയോഗത്തിലൂടെ പ്രത്യേകമായ തിരിച്ചറിയൽ ലഭിക്കാമെന്ന് കോടതി വ്യക്തമാക്കി. വ്യാപാരമുദ്രാ ലംഘനം വിലയിരുത്തേണ്ടത് സാധാരണ ഉപഭോക്താവിന്റെ കാഴ്ചപ്പാടിൽ നിന്നാണെന്നും കോടതി നിരീക്ഷിച്ചു.

ഉൽപന്നങ്ങളുടെ വിഭാഗങ്ങൾ വ്യത്യസ്തമാണെന്നത് മാത്രം പേരിന്റെ സാമ്യം മൂലമുള്ള ആശയക്കുഴപ്പത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു സ്ഥാപനത്തിന്റെ സൽപ്പേര് ഉപയോഗിച്ച് വാണിജ്യ നേട്ടമുണ്ടാക്കാൻ നിയമം അനുവദിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി.

ഇതോടെ കണ്ടംകുളത്തി വൈദ്യശാലയുടെ 'ഏലാദി' വ്യാപാരമുദ്രയുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ അമേയ സ്വീറ്റ്സിന് തിരിച്ചടിയായി. തൃശൂർ ജില്ലാ കോടതിയുടെ ഇടക്കാല വിലക്ക് തുടരും.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4