breaking news New

തമിഴ്‌നാട്ടിൽ എൽ നിനോ ഭീഷണി ; കടുത്ത വരൾച്ചയും ജലക്ഷാമവും വരുന്നു ? കേരളത്തിൽ അരി-പച്ചക്കറി വില കുതിച്ചുയർന്നേക്കും !

തമിഴ്‌നാട്ടിൽ എൽ നിനോ പ്രതിഭാസം ശക്തമാകുന്നതോടെ കടുത്ത വരൾച്ചയ്ക്കും ജലക്ഷാമത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്.

ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (INCOIS) വിലയിരുത്തൽ ദക്ഷിണേന്ത്യയിൽ ആശങ്ക ഉയർത്തുകയാണ്. തമിഴ്‌നാട്ടിലെ കാർഷിക മേഖലയെ ബാധിച്ചേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ ഭക്ഷ്യവിപണിയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

ഈ വർഷം കാർഷിക ആവശ്യങ്ങൾക്ക് നിർണായകമായ തെക്കുപടിഞ്ഞാറൻ മൺസൂണിൽ തമിഴ്‌നാട്ടിൽ 12.6 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. 2015ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴലഭ്യതയാണിത്. പശ്ചിമഘട്ട മേഖലയിൽ മഴ കുറഞ്ഞതും സംസ്ഥാനത്തെ ജലലഭ്യതയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

വടക്കുകിഴക്കൻ മൺസൂണിൽ സാധാരണയായി 468 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ പ്രവചനം. എന്നാൽ എൽ നിനോയുടെ സ്വാധീനത്തിൽ തീരദേശ ജില്ലകളിൽ ശക്തമായ മഴയും ഉൾനാടൻ മേഖലകളിൽ മഴക്കുറവും അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. മഴയുടെ ഈ അസന്തുലിതാവസ്ഥ കാർഷിക മേഖലയ്ക്ക് വലിയ വെല്ലുവിളിയാകും.

ജലക്ഷാമവും ഭൂഗർഭജലത്തിന്റെ അമിത ഉപയോഗവും തുടർന്നാൽ നെല്ല്, നിലക്കടല, ചോളം, പരുത്തി, പയർവർഗങ്ങൾ, കരിമ്പ്, തെങ്ങ് തുടങ്ങിയ പ്രധാന വിളകളുടെ ഉൽപ്പാദനം കുറയാൻ സാധ്യതയുണ്ട്. കന്നുകാലികൾക്കാവശ്യമായ തീറ്റപ്പുല്ലിന്റെ ലഭ്യതയെയും ഇത് ബാധിച്ചേക്കും.

പ്രതിസന്ധി നേരിടാൻ ദുരന്തനിവാരണ നിയമപ്രകാരം തമിഴ്‌നാട് സർക്കാർ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജലാശയങ്ങളിലെ ചെളി നീക്കം ചെയ്യുക, കുടിവെള്ളം സംരക്ഷിക്കുക, വരൾച്ചയെ അതിജീവിക്കുന്ന ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുക തുടങ്ങിയ നടപടികൾക്ക് പ്രാധാന്യം നൽകണമെന്നാണ് നിർദേശം.

കർഷകർക്ക് കൃത്യസമയത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ ലഭ്യമാക്കണമെന്നും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ നിർദേശിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ പ്രതിസന്ധി കേരളത്തെയും ബാധിക്കും!

അയൽസംസ്ഥാനത്തെ കാർഷിക പ്രതിസന്ധി കേരളത്തിന് വലിയ സാമ്പത്തിക വെല്ലുവിളിയായി മാറിയേക്കും. സംസ്ഥാനത്തിന് പ്രതിവർഷം ഏകദേശം 40 ലക്ഷം മെട്രിക് ടൺ അരി ആവശ്യമുള്ളപ്പോൾ ആഭ്യന്തര ഉൽപ്പാദനം അഞ്ച് ലക്ഷം മെട്രിക് ടൺ മാത്രമാണ്. അതിനാൽ അരി, പച്ചക്കറികൾ, പയർവർഗങ്ങൾ തുടങ്ങിയ അവശ്യ ഭക്ഷ്യവസ്തുക്കൾക്കായി കേരളം തമിഴ്‌നാടിനെ വലിയ തോതിൽ ആശ്രയിക്കുന്നു.

തമിഴ്‌നാട്ടിൽ ജലക്ഷാമം രൂക്ഷമായി കൃഷിയും വിളവെടുപ്പും കുറഞ്ഞാൽ കേരളത്തിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വരവിനെയും അത് നേരിട്ട് ബാധിച്ചേക്കും. ഇതോടെ വരും മാസങ്ങളിൽ അരി, പച്ചക്കറികൾ, പയർവർഗങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാനുള്ള സാധ്യതയും നിലനിൽക്കുന്നു.

കാലാവസ്ഥാ പ്രതിസന്ധി തമിഴ്‌നാട്ടിലെ കർഷകരിൽ മാത്രം ഒതുങ്ങാതെ കേരളത്തിലെ സാധാരണക്കാരുടെ അടുക്കള ബജറ്റിനെയും ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4