തൃശൂർ: എറണാകുളത്തെ ജൂത സിനഗോഗിന് തീയിട്ട കേസിൽ ഒറ്റപ്പാലത്തുനിന്ന് അറസ്റ്റിലായ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗുരുമൂർത്തിയുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് കൈമാറാൻ നീക്കം. പ്രതിക്ക് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന പോലീസിന്റെ കണ്ടെത്തലാണ് കേസ് എൻഐഎയ്ക്ക് കൈമാറാനുള്ള നീക്കത്തിന് പിന്നിൽ.
ഗുരുമൂർത്തി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽനിന്ന് പണമിടപാടുകളുമായി ബന്ധപ്പെട്ടതുൾപ്പെടെ നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും. ഇയാളുമായി ബന്ധപ്പെട്ട് വിപുലമായ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന സൂചനകളും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുംബൈയിൽ അറസ്റ്റിലായ യഷ് സിങ്ങും ഗുരുമൂർത്തിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മുംബൈയിലെ ജൂത പൗരന്മാരുടെ വിവരങ്ങളും അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ ചിത്രങ്ങളും ശേഖരിച്ച് കൈമാറിയ കേസിലാണ് യഷ് സിങ് പിടിയിലായത്. ഇതിനായി യഷിനെ റിക്രൂട്ട് ചെയ്തത് ഗുരുമൂർത്തിയാണെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. വിവരങ്ങൾ ശേഖരിച്ചതിന് പലതവണയായി 25,000 രൂപ ഗുരുമൂർത്തി പ്രതിഫലമായി നൽകിയെന്നും പോലീസ് പറയുന്നു.
ഭീകരസംഘങ്ങൾക്കായി യുവാക്കളെ കണ്ടെത്തി പണം നൽകി വിവിധ ദൗത്യങ്ങൾ ഏൽപ്പിക്കുന്നതിൽ ഗുരുമൂർത്തിക്ക് പങ്കുണ്ടെന്നാണ് അന്വേഷണത്തിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ഇയാൾ ഏറെക്കാലം മുംബൈയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചിരുന്നു. ഈ കാലയളവിലാണ് ബന്ധങ്ങളുടെ ശൃംഖല വിപുലീകരിച്ചതെന്നാണ് അന്വേഷണവിവരം.
നാലുമാസം മുമ്പാണ് ഒറ്റപ്പാലത്ത് എത്തിയതെന്നാണ് ഗുരുമൂർത്തി പോലീസിന് നൽകിയ മൊഴി. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇയാൾ കേരളത്തിലുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ എത്തിയതിന്റെ ലക്ഷ്യവും ഇവിടെ നടത്തിയ പ്രവർത്തനങ്ങളും പരിശോധിച്ചുവരികയാണ്.
ഗുരുമൂർത്തിക്ക് ആറ് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും ഇവയിലെ സാമ്പത്തിക ഇടപാടുകൾ പോലീസ് പരിശോധിച്ചുവരികയാണെന്നും വിവരമുണ്ട്. ഇതിനിടെ ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വിദേശത്തുനിന്ന് പണം എത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഒറ്റപ്പാലത്തെ സ്വകാര്യ സ്ഥാപനത്തിൽ കണക്കെഴുത്ത് ജോലികളുമായി കഴിഞ്ഞിരുന്ന ഗുരുമൂർത്തിയെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. പ്രതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്താരാഷ്ട്ര ബന്ധങ്ങളും കൂടുതൽ വ്യക്തമായതോടെ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
എറണാകുളം സിനഗോഗ് ആക്രമണക്കേസ് : ഗുരുമൂർത്തിയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്ത് ; കേസ് എൻഐഎയ്ക്ക് കൈമാറാൻ നീക്കം
Advertisement
Advertisement
Advertisement