വേക്ക്ഫിറ്റ് സംഘടിപ്പിച്ച സ്ലീപ്പ് ഇന്റേൺഷിപ്പിൽ വിജയിച്ചാണ് ജിനിയ ഇന്ത്യയുടെ ‘സ്ലീപ്പ് ചാമ്പ്യൻ’ ആയത്. രണ്ട് മാസം നീണ്ടുനിന്ന മത്സരത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി രണ്ട് ലക്ഷത്തിലധികം പേരാണ് അപേക്ഷിച്ചത്. വിവിധ ഘട്ടങ്ങളിലെ പരിശോധനകൾക്കും അഭിമുഖങ്ങൾക്കും ശേഷം പത്ത് പേരെയാണ് തിരഞ്ഞെടുത്തത്.
കൃത്യമായ ഉറക്കസമയം പാലിക്കുക, ഉറക്കത്തിന്റെ നിലവാരം നിരീക്ഷിക്കുക, ആഴ്ചതോറുമുള്ള വ്യത്യസ്ത വെല്ലുവിളികളിൽ പങ്കെടുക്കുക എന്നിവയായിരുന്നു ഇന്റേൺഷിപ്പിന്റെ ഭാഗം. ഓരോ ദിവസത്തെയും ഉറക്കത്തിന്റെ പ്രകടനം വിലയിരുത്തി പോയിന്റുകൾ നൽകി ലീഡർബോർഡ് തയ്യാറാക്കി.
മത്സരം ഉറങ്ങുന്നതിൽ മാത്രം ഒതുങ്ങിയിരുന്നില്ല. മത്സരാർഥികളുടെ സർഗാത്മകതയും പരീക്ഷിക്കുന്ന വ്യത്യസ്ത ടാസ്കുകളും ഉണ്ടായിരുന്നു. സിനിമകളിലെ രംഗങ്ങൾ ഉറക്കവുമായി ബന്ധപ്പെടുത്തി പുനരാവിഷ്കരിക്കുന്ന ‘സ്ലീപ്പ് സിനിമ’യും ഒരാഴ്ചത്തെ ഉറക്കശീലങ്ങൾ വിലയിരുത്തുന്ന ‘സ്ലീപ്പ് ബിങ്കോ’യും ഇതിൽ ഉൾപ്പെട്ടു.
‘അണ്ടർകവർ സ്ലീപ്പ് മിഷൻ’ ആയിരുന്നു മറ്റൊരു കൗതുകകരമായ ടാസ്ക്. ഒരു സംഭാഷണത്തിനിടെ ‘ബ്ലാങ്കറ്റ്’, ‘പില്ലോ’ എന്നീ വാക്കുകൾ പത്ത് തവണ ഉപയോഗിക്കണം. എന്നാൽ ഇത് മറ്റുള്ളവർക്ക് മനസിലാകരുത്. ഓരോ ആഴ്ചയിലെയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ‘പ്രോ സ്ലീപ്പർ ഓഫ് ദ വീക്ക്’ എന്ന പദവിയും ലഭിച്ചു.
രണ്ട് മാസത്തെ മത്സരത്തിനൊടുവിൽ ജിനിയ ചാറ്റർജി, രത്നഗിരി മണികണ്ഠൻ, മെഹക് ഖോട്ട് എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ആഴ്ചതോറുമുള്ള സർഗാത്മക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഹൈദരാബാദ് സ്വദേശി കരീം ഖാനും വൈൽഡ് കാർഡ് എൻട്രിയിലൂടെ ഫൈനലിൽ ഇടംപിടിച്ചു. ഇതോടെ അവസാനഘട്ടത്തിൽ നാല് പേരായി.
‘ബിഗ് ബെഡ്’ എന്ന് പേരിട്ട ഫൈനലിൽ രണ്ട് പ്രധാന വെല്ലുവിളികളാണുണ്ടായിരുന്നത്. ചിത്രങ്ങൾ നോക്കി ഒരു കിടപ്പുമുറിയുടെ ക്രമീകരണം അതേപടി പുനഃസൃഷ്ടിക്കേണ്ട ‘മെമ്മറി ഫോം ചലഞ്ച്’ ആയിരുന്നു ആദ്യത്തേത്. നിരീക്ഷണശേഷി, ഓർമ, കൂട്ടായ പ്രവർത്തനം എന്നിവയാണ് ഇതിലൂടെ പരീക്ഷിച്ചത്.
തലയണ, പുതപ്പ്, എയർ കണ്ടീഷനിങ്, വെളിച്ചം, ശബ്ദം തുടങ്ങിയ ഉറക്കത്തിന് ആവശ്യമായ സൗകര്യങ്ങൾ ലേലം വിളിച്ച് സ്വന്തമാക്കേണ്ടതായിരുന്നു രണ്ടാമത്തെ ടാസ്ക്. തുടർന്ന് ഓരോരുത്തരും തങ്ങൾ ഒരുക്കിയ ഉറക്കസാഹചര്യത്തിൽ ഒരു രാത്രി ചെലവഴിച്ചു. ലഭിച്ച ഉറക്ക സ്കോറുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിച്ചത്. ജിനിയയ്ക്ക് 9.6 ലക്ഷം രൂപയും വേക്ക്ഫിറ്റ് സ്പോൺസർ ചെയ്യുന്ന അവധിക്കാല യാത്രയും സമ്മാനമായി ലഭിച്ചു. 2019ൽ ആരംഭിച്ച സ്ലീപ്പ് ഇന്റേൺഷിപ്പിന്റെ ആദ്യ നാല് സീസണുകളിലായി പത്ത് ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ 65 ഇന്റേൺമാർക്ക് ഒരു ലക്ഷം രൂപ വീതം സ്റ്റൈപ്പൻഡും നൽകിയിട്ടുണ്ട്. ആറാം സീസണിലേക്കുള്ള പ്രീ-രജിസ്ട്രേഷനും വേക്ക്ഫിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.
ഉറങ്ങിക്കൊണ്ട് സമ്പാദിച്ചത് 9.6 ലക്ഷം രൂപ !! 60 ദിവസത്തെ വ്യത്യസ്ത മത്സരം ; മുംബൈ സ്വദേശിനിക്ക് സൗജന്യ വിദേശയാത്രയും സമ്മാനം !
Advertisement
Advertisement
Advertisement