breaking news New

അടിയന്തര സന്ദേശം ലഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ സ്ഥലത്തെത്താൻ എ.ഐ സംവിധാനം ; സ്മാർട്ട് സെക്യൂരിറ്റി മാപ്പിംഗ് പ്ലാറ്റ്‌ഫോമുമായി ദുബൈ പൊലീസ്

ദുബൈ: അടിയന്തര സാഹചര്യങ്ങളിൽ പൊലീസിന്റെ പ്രതികരണ സമയം കുറയ്ക്കുന്നതിനും സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത സ്മാർട്ട് സെക്യൂരിറ്റി മാപ്പിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ദുബൈ പൊലീസ്. വേൾഡ് പോലീസ് സമ്മിറ്റിന്റെ രണ്ടാം ദിവസമാണ് പുതിയ സാങ്കേതികവിദ്യ പുറത്തിറക്കിയത്.

അത്യാഹിത സന്ദേശം ലഭിച്ചാൽ ഏറ്റവും അടുത്തുള്ള പട്രോളിംഗ് വാഹനം കണ്ടെത്തുന്നതിനൊപ്പം ഗതാഗതക്കുരുക്കുകളും മറ്റ് തടസ്സങ്ങളും ഒഴിവാക്കി ഏറ്റവും വേഗത്തിൽ സംഭവസ്ഥലത്തെത്താനുള്ള യാത്രാമാർഗം നിർദേശിക്കാനും പുതിയ സംവിധാനത്തിന് കഴിയും. അടിയന്തര സന്ദേശം ലഭിച്ച് മൂന്ന് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ആഗോള ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം കമ്പനിയായ എസ്രിയുടെ (Esri) മാപ്പിംഗ് സാങ്കേതികവിദ്യയാണ് പ്ലാറ്റ്‌ഫോമിൽ ഉപയോഗിച്ചിരിക്കുന്നത്. തത്സമയ വിവരങ്ങൾ വിശകലനം ചെയ്ത് പട്രോളിംഗ് വാഹനങ്ങളുടെ സ്ഥാനവും ഏറ്റവും അനുയോജ്യമായ യാത്രാമാർഗവും എ.ഐ നിർണയിക്കും.

ജനസാന്ദ്രത, ഗതാഗതക്കുരുക്ക്, മുൻകാല സംഭവങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് പട്രോളിംഗ് വാഹനങ്ങളുടെ വിന്യാസം ക്രമീകരിക്കുന്നത്. ഒരു മേഖലയിലെ പട്രോളിംഗ് വാഹനം മറ്റൊരു അടിയന്തര സംഭവത്തിൽ ഇടപെടുകയാണെങ്കിൽ സമീപപ്രദേശങ്ങളിലെ മറ്റ് വാഹനങ്ങൾക്ക് പുതിയ സന്ദേശം കൈമാറാനും സംവിധാനത്തിന് സാധിക്കും.

മേഖലകളെ ചെറിയ യൂണിറ്റുകളായി തിരിച്ച് സമീപത്തുള്ള പൊലീസ് വാഹനങ്ങളുടെ സേവനം ഉറപ്പാക്കുന്നതാണ് മറ്റൊരു പ്രത്യേകത. വിവിധ നിറങ്ങളിലുള്ള സൂചകങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ ലഭ്യതയും നിലവിലെ പ്രവർത്തനസ്ഥിതിയും കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർക്ക് തത്സമയം മനസ്സിലാക്കാനാകും.

പട്രോളിംഗ് വാഹനങ്ങൾക്ക് പുറമെ ഡ്രോണുകളെയും പുതിയ മാപ്പിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നിശ്ചിത മേഖലകളിൽ ഡ്രോണുകൾ നടത്തുന്ന ആകാശ നിരീക്ഷണം പൊലീസിന്റെ സുരക്ഷാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരും.

ദുബൈയിലെ സുരക്ഷാ സംവിധാനങ്ങളെ കൂടുതൽ സാങ്കേതിക മികവുള്ളതാക്കുന്നതിനും അടിയന്തര സേവനങ്ങൾ വേഗത്തിലാക്കുന്നതിനും പുതിയ എ.ഐ പ്ലാറ്റ്‌ഫോം സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4