breaking news New

വിദേശത്ത് പോകാതെയും ഡ്രൈവിംഗ് പരിശീലനവും പരീക്ഷകളും പൂർത്തിയാക്കാതെയും വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ സംഘടിപ്പിച്ചു നൽകിയ എട്ടംഗ സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു

ദുബായ് :
വ്യാജമായി നേടിയെടുക്കുന്ന വിദേശ ലൈസൻസുകൾ യു എ ഇ ലൈസൻസുകളാക്കി മാറ്റാമെന്ന സൗകര്യം ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. ഓരോ ലൈസൻസിനും 10,000 ദിർഹം വരെ സംഘം ഈടാക്കിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ദുബൈ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം, യു എ ഇ വിദേശകാര്യ മന്ത്രാലയം, ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. യു എ ഇയിൽ പ്രവർത്തിക്കുന്ന ചില ടൈപ്പിംഗ്, ഇടപാട് സേവന ഓഫീസുകൾ വഴി ഇടപാടുകാരെ കണ്ടെത്തിയാണ് സംഘം തട്ടിപ്പ് നടത്തിയത്. അയൽരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാതെയും പരിശീലനമോ പരിശോധനകളോ കൂടാതെയും വിദേശ ലൈസൻസ് സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത സംഘം, തുടർന്ന് ഇവ യു എ ഇ ലൈസൻസുകളാക്കി മാറ്റിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.

നിയമാനുസൃതമായി യോഗ്യതയുള്ള ഡ്രൈവർമാർക്ക് വിദേശ ലൈസൻസ് മാറ്റിയെടുക്കാൻ നൽകിയിട്ടുള്ള ഇളവുകൾ ഇത്തരം തട്ടിപ്പുകൾക്കായി ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

വ്യാജ രേഖകളിലൂടെ നേടുന്ന ഇത്തരം ലൈസൻസുകൾ നിയമലംഘനത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ആർക്കും സംരക്ഷണം നൽകില്ലെന്നും കൃത്യമായ പരിശീലനവും പരീക്ഷയുമില്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതരമായ റോഡ് സുരക്ഷാ ഭീഷണിയാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം അനധികൃത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സമീപിക്കരുതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4