പലരും കടയിൽ നിന്ന് വാങ്ങുന്ന മുട്ട വീട്ടിലെത്തിച്ചാൽ ആദ്യം ടാപ്പിന് കീഴെ വെച്ച് കഴുകി വൃത്തിയാക്കുകയാണ് പതിവ്. എന്നാൽ മുട്ട ഒരിക്കലും ഇങ്ങനെ കഴുകി ഫ്രിഡ്ജിൽ വെക്കരുതെന്നാണ് ഭക്ഷ്യസുരക്ഷാ വിദഗ്ധർ കർശനമായി മുന്നറിയിപ്പ് നൽകുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് അറിയാമോ?
മുട്ടയുടെ പുറംതോടിന് ‘ക്യൂട്ടിക്കിൾ’ എന്നൊരു നേർത്ത പ്രകൃതിദത്ത സംരക്ഷണ പാളിയുണ്ട്. ബാക്ടീരിയകളും മറ്റ് സൂക്ഷ്മജീവികളും മുട്ടയ്ക്കുള്ളിലേക്ക് കടക്കാതെ തടയുന്നത് ഈ കവചമാണ്. നമ്മൾ വെള്ളം ഉപയോഗിച്ച് മുട്ട കഴുകുമ്പോൾ ഈ പാളി പൂർണ്ണമായും നശിക്കുകയും, തോടിലെ ചെറുസുഷിരങ്ങൾ തുറക്കപ്പെടുകയും ചെയ്യും. ഇത് സാൽമൊണല്ല പോലുള്ള അപകടകാരികളായ ബാക്ടീരിയകൾ മുട്ടയ്ക്കുള്ളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ ഇടയാക്കും.
തോടിലെ അഴുക്കോ പൊടിയോ കളയാൻ വെള്ളം ഉപയോഗിക്കുന്നതിന് പകരം ഒരു ഉണങ്ങിയ തുണികൊണ്ട് തുടച്ചാൽ മാത്രം മതിയാകും. അതുപോലെ മുട്ട ഫ്രിജിൽ വെക്കുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം.
കഴുകാത്ത മുട്ടകൾ മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. പൊട്ടിയ മുട്ടകൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. അവയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഫ്രിഡ്ജിന്റെ ഡോറിലല്ല, മറിച്ച് ഫ്രിഡ്ജിനുള്ളിലെ പ്രധാന തട്ടുകളിലാണ് മുട്ട വെക്കേണ്ടത്. കാരണം, ഫ്രിഡ്ജിന്റെ ഡോർ തുറക്കുമ്പോഴുള്ള താപനില വ്യതിയാനം മുട്ട പെട്ടെന്ന് കേടാകാൻ ഇടയാക്കും. അതുപോലെ മുട്ട മറ്റ് ഭക്ഷണസാധനങ്ങളുടെ മണം വലിച്ചെടുക്കാതിരിക്കാൻ, അതിന്റെ യഥാർത്ഥ കാർട്ടണിലോ അടപ്പുള്ള പാത്രത്തിലോ വെച്ച് സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ആരോഗ്യത്തിന് ഹാനികരമായ ഈ ചെറിയ അശ്രദ്ധകൾ ഇനിമുതൽ ഒഴിവാക്കാം.
മുട്ട കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടോ ? അറിയാതെ നിങ്ങൾ ചെയ്യുന്നത് വലിയ അബദ്ധം ! ആരോഗ്യത്തിന് ഭീഷണിയാകാം ഈ ശീലം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ !
Advertisement
Advertisement
Advertisement