breaking news New

അമേരിക്കയിലെ മിൽപിറ്റാസിൽ മലയാളി സമൂഹത്തിന് തീരാനൊമ്പരം ; ഉറ്റസുഹൃത്തിന്റെ ആക്രമണത്തിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

കാലിഫോർണിയ :
തൃശൂര്‍ പാണഞ്ചേരി മണ്ണൂത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ഹൗസില്‍ ആന്‍ മേരി മാത്യു (കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യ) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഇരുവരുടെയും സുഹൃത്തും മില്‍ ക്രീക്ക് അപ്പാര്‍ട്ട്മെന്റില്‍ ഒന്നിച്ച് താമസിച്ചിരുന്നയാളുമായ അനില എന്ന യുവതിയെ അമേരിക്കന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

'രണ്ടു ദിവസം മുന്‍പ് അവിടെ മലയാളി അസോസിയേഷന്റെ ഓണാഘോഷമായിരുന്നു. അന്ന് കളിച്ചുചിരിച്ച് ഒന്നിച്ച് ആഘോഷിച്ചവരാണ്. പെട്ടെന്ന് എന്തുപറ്റി എന്നറിയില്ല. ആകെ ഷോക്കായി ഇരിക്കുവാണ്' എന്നാണ് അഞ്ജനയുടെ അടുത്ത ബന്ധു പറഞ്ഞത്.

അഞ്ജനയെയും തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യുവിനെയും സുഹൃത്തായ മറ്റൊരു മലയാളി യുവതി അനില കൊലപ്പെടുത്തിയെന്ന വിവരം ഇന്നലെയാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ചത്. അഞ്ജനയും ആനും അനിലയും ഉറ്റസുഹൃത്തുക്കളായിരുന്നെന്ന് അഞ്ജനയുടെ ബന്ധു പറഞ്ഞു. കൊലപാതക കാരണം എന്താണെന്നറിയില്ല. അനിലയുടെ വീടോ മറ്റ് വിവരങ്ങളോ ഞങ്ങള്‍ക്കും കൃത്യമായി അറിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി മൂന്നുപേരും അടുത്ത സുഹൃത്തുക്കളാണെന്നു മാത്രം അറിയാം. അഞ്ജന ആറുവര്‍ഷമായി കുടുംബത്തോടെ കാലിഫോര്‍ണിയയിലാണ്.

അധ്യാപികയായാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് വിജീഷ് സോഫ്റ്റ്വെയര്‍ എന്‍ജിനീയറാണ്. മകള്‍ വാമികയ്ക്ക് ആറുവയസുണ്ട്. വിവരം അറിഞ്ഞതോടെ നോര്‍ക്കയുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ യുഎസ് എംബസിയുമായി സംസാരിക്കുന്നുണ്ട് എന്നാണ് പറഞ്ഞത്. നോര്‍ക്ക സിഇഒയ്ക്ക് മെയില്‍ അയച്ചിട്ടുണ്ട്. ഒരു കെട്ടിടത്തിലെ വിവിധ ഫ്‌ലാറ്റുകളിലായിരുന്നു മൂന്നുപേരും താമസിച്ചിരുന്നത്. രണ്ടുദിവസം മുന്‍പ് ഓണാഘോഷങ്ങളില്‍ വലിയ സന്തോഷത്തോടെ മൂന്നുപേരും പങ്കെടുത്തിരുന്നു. അതിനുശേഷം സിനിമയ്ക്ക് പോയെന്നും പറഞ്ഞിരുന്നു. ഒറ്റ ദിവസം കൊണ്ട് എന്താണുണ്ടായതെന്ന് അറിയില്ല. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉള്ളതായി വീട്ടുകാരോടും പറഞ്ഞിട്ടില്ല. ആകെ ഷോക്കിലാണ് എന്നും ബന്ധു പറയുന്നു.

ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ വിറപ്പിച്ച കൊലപാതക പരമ്പര നടന്നത്. ഫ്‌ലാറ്റിലെ മുറിക്കുള്ളില്‍ വെച്ച് ആന്‍ മേരി മാത്യുവിനെ അനില കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് താഴേക്ക് വിളിച്ചുവരുത്തിയ ശേഷം അപ്പാര്‍ട്ട്മെന്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വെച്ച് അഞ്ജനയെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. അഞ്ജനയുടെ ഭര്‍ത്താവ് വിലങ്ങന്നൂര്‍ സ്വദേശിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ വിജീഷ് ജോലിക്ക് പോയ സമയത്തായിരുന്നു അപകടം.

സംഭവത്തിന് ശേഷം നിർത്താതെ പോയ അനിലയുടെ കാര്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിജീഷ് തിരിച്ചറിഞ്ഞു. സംശയം തോന്നി ഇരുവരുടെയും പൊതുസുഹൃത്തായ ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിജീഷ് ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതോടെ ജേക്കബ് ഫ്‌ലാറ്റില്‍ ചെന്നു നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെ കണ്ടത്. വിജീഷ് എത്തുമ്പോഴേക്കും അഞ്ജനയും മരണപ്പെട്ടിരുന്നു. കൊലപാതകം നടക്കുമ്പോള്‍ അഞ്ജനയുടെ ആറു വയസ്സുകാരിയായ മകള്‍ വാമിക ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി മൂന്ന് കുടുംബങ്ങളും തികഞ്ഞ സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ ആറ്-എട്ട് വര്‍ഷമായി അഞ്ജനയും ഭര്‍ത്താവും കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്. സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു അഞ്ജന. സംഭവത്തിന് രണ്ട് ദിവസം മുന്‍പ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ മൂന്ന് കുടുംബങ്ങളും വലിയ സന്തോഷത്തോടെ ഒന്നിച്ചു പങ്കെടുക്കുകയും അതിനുശേഷം ഒരുമിച്ച് സിനിമയ്ക്ക് പോകുകയും ചെയ്തിരുന്നു. തങ്ങള്‍ക്കിടയില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഉള്ളതായി ഇവര്‍ കുടുംബത്തോടും പറഞ്ഞിരുന്നില്ല.

ഏറെ അടുത്തുപെരുമാറിയിരുന്ന സുഹൃത്തുക്കള്‍ക്കിടയില്‍ പെട്ടെന്ന് കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് അറിയാതെ വലിയ ഷോക്കിലാണ് അഞ്ജനയുടെയും ആനിന്റെയും കുടുംബാംഗങ്ങള്‍.

നോര്‍ക്ക അധികൃതര്‍ യു.എസ് എംബസിയുമായി തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെടുന്നുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4