breaking news New

കലിഫോർണിയ ഇരട്ടക്കൊലയിൽ നിർണായക വഴിത്തിരിവ് ; അനില കുറ്റം സമ്മതിച്ചതായി സൂചന, കൊലപാതകങ്ങളുടെ കാരണം ഇപ്പോഴും ദുരൂഹം : സ്ഥിരീകരിക്കാതെ പൊലീസ്

തൃശൂർ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻമേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത് .

മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ നാളെ പൂർത്തിയാകുമെന്നാണ് വിവരം. എംബാമിങ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് രണ്ടുദിവസം കൂടി വേണ്ടിവന്നേക്കും.

ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില (32) കുറ്റമേറ്റതായി സൂചനകളുണ്ടെങ്കിലും ഇക്കാര്യം മിൽപീറ്റസ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫൊറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുന്നതിനാൽ കുറ്റസമ്മതം സംബന്ധിച്ച വിവരങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം വൈകാനാണ് സാധ്യത.

അഞ്ജനയെയും ആൻമേരിയെയും കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ഇരുവരുടെയും ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണ്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജനപ്രതിനിധികളും കേന്ദ്രസർക്കാരും ഇടപെടുന്നുണ്ട്. കോൺസുലേറ്റുമായി ആശയവിനിമയം നടത്തിവരികയാണെന്നും നടപടികൾ എത്രയും വേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. മന്ത്രി ഒ.ജെ. ജനീഷ് അഞ്ജനയുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും നടപടികൾ വേഗത്തിലാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

പോസ്റ്റ്മോർട്ടം, ഫൊറൻസിക് പരിശോധനകൾ, നിയമനടപടികൾ എന്നിവ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ അന്തിമമാകുക.

അതേസമയം, ഇരട്ടക്കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും പുറത്തുകൊണ്ടുവരുന്നതിനുമുള്ള അന്വേഷണം കലിഫോർണിയ പൊലീസ് തുടരുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4