breaking news New

ശക്തമായ മഴ നിര്‍ത്താന്‍ നാരങ്ങ മുറിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്‌തെന്ന ഛത്തീസ്ഗഢില്‍ നിന്നുള്ള ബിജെപി എംപി ഭോജ്രാജ് നാഗിന്റെ പരാമര്‍ശം വലിയ വിവാദങ്ങളിലേക്ക് : വിലക്കയറ്റത്തിനും ഇതേ വിദ്യ പരീക്ഷിക്കൂവെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് ...

ഓഗസ്റ്റ് 25-ന് ദൗണ്ടിലോഹറയില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു എംപിയുടെ ഈ പരാമര്‍ശം. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പങ്കെടുത്ത ‘മഹ്താരി വന്ദന്‍‘ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിലാണ് മഴ ഒഴിവാക്കാനായി താന്‍ നാരങ്ങ മുറിച്ച കാര്യം എംപി വ്യക്തമാക്കിയത്.

പരിപാടി നടക്കുന്നതിന് മുന്‍പ് പ്രോട്ടോക്കോള്‍ സംഘം അര്‍ധരാത്രിയില്‍ എത്തിയപ്പോഴും പ്രതികൂല കാലാവസ്ഥയായിരുന്നു. തുടര്‍ന്ന് ചടങ് തടസ്സമില്ലാതെ നടക്കാന്‍ ബുദ്ധദേവിനോടും മഹാദേവിനോടും പ്രാര്‍ഥിച്ച ശേഷം നാരങ്ങ മുറിക്കുകയായിരുന്നു. അതോടെ മഴ നിലച്ചുവെന്നും പരിപാടി ഭംഗിയായി പൂര്‍ത്തിയായതിനാല്‍ ഇനി എത്ര വേണമെങ്കിലും മഴ പെയ്യാമെന്നും ഭോജ്രാജ് നാഗ് കൂട്ടിച്ചേര്‍ത്തു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത് കേട്ട് ചിരിക്കുകയായിരുന്നു.

എംപിയുടെ വിചിത്ര അവകാശവാദത്തിനെതിരെ ശക്തമായ പരിഹാസവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. നാരങ്ങ മുറിച്ച് മഴ നിര്‍ത്താന്‍ കഴിയുമെങ്കില്‍ രാജ്യത്തെ വിലക്കയറ്റവും പഞ്ചസാരയുടെ വിലയും കുറയ്ക്കാന്‍ അതേ വിദ്യ തന്നെയൊന്ന് പരീക്ഷിക്കണമെന്ന് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് പരിഹസിച്ചു. ബിജെപി ജനങ്ങള്‍ക്കിടയില്‍ അന്ധവിശ്വാസവും വ്യാജവിവരങ്ങളും പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എംപിയുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പെട്രോള്‍ വിലയും വൈദ്യുതി ബില്ലും കുറയ്ക്കാന്‍ ഈ നാരങ്ങ പ്രയോഗം നടത്തിയാല്‍ കൊള്ളാമെന്ന രീതിയില്‍ ജനങ്ങളും പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നാരങ്ങ മുറിക്കലും മന്ത്രവാദവും പരാമര്‍ശിച്ച് വിവാദത്തിലായ നേതാവാണ് ഭോജ്രാജ് നാഗ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4