നാഗർകോവിൽ: റെയിൽവേ യാർഡിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി മർദ്ദിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ.
ചെമ്പകരാമൻപുത്തൂർ സ്വദേശി ജെ. അയ്യപ്പനെയാണ് (31) നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 18-നാണ് അറ്റകുറ്റപ്പണികൾക്കായി യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നവംബർ 11 മുതൽ ട്രെയിൻ യാർഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്. നവംബർ 14-ലെ ദൃശ്യങ്ങളിൽ വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരാൾ ഭിന്നശേഷിക്കാർക്കുള്ള കോച്ചിൽ നിന്ന് ഇറങ്ങിപ്പോകുന്നത് അന്വേഷണസംഘം കണ്ടെത്തി. തുടർന്നുള്ള പരിശോധനയിലാണ് അയ്യപ്പനെ തിരിച്ചറിഞ്ഞത്.
നവംബർ 14-ന് പുലർച്ചെ 12.30-ഓടെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി ബലമായി പിടിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ ട്രെയിൻ കോച്ചിലെത്തിക്കുകയായിരുന്നു. തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദ്ദനമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. യുവതിയുടെ വ്യക്തിവിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
അറ്റകുറ്റപ്പണിക്ക് നിർത്തിയിട്ട ട്രെയിനിൽ ക്രൂരത ! യുവതിയെ ബലമായി കോച്ചിലെത്തിച്ച് പീഡിപ്പിച്ചു മർദ്ദിച്ചുകൊന്നു ; 31-കാരൻ പിടിയിൽ
Advertisement
Advertisement
Advertisement