breaking news New

അമേരിക്കൻ പട്ടണത്തിൽ ‘ആക്രമണകാരി മൂങ്ങ’യുടെ വിളയാട്ടം ; തലക്കും കഴുത്തിനും നേരെ പറന്നെത്തി ആക്രമണം : 12 പേർക്ക് പരിക്ക് !

ബോസ്റ്റൺ: മരങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന് പെട്ടെന്ന് പറന്നിറങ്ങി മനുഷ്യരുടെ തലക്കും കഴുത്തിനും നേരെ ആക്രമണം നടത്തുന്ന മൂങ്ങ അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തിൽ ഭീതിയും കൗതുകവും സൃഷ്ടിക്കുന്നു. ആക്രമണം തുടർക്കഥയായതോടെ അധികൃതരും ഇടപെട്ടിരിക്കുകയാണ്. ബോസ്റ്റണിന് തെക്ക് മസാച്യുസെറ്റ്സിലെ ബ്രൂക്ക്ലൈനിലാണ് സംഭവം.

ഇതുവരെ കുറഞ്ഞത് 12 പേർക്ക് മൂങ്ങയുടെ ആക്രമണമേറ്റതായാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് മൂന്നോ നാലോ പരാതികൾ ലഭിച്ചതായി ബ്രൂക്ക്ലൈൻ പൊലീസ് അറിയിച്ചു. പ്രശ്നത്തിൽ സംസ്ഥാന വന്യജീവി അധികൃതരുടെ സഹായവും നിർദേശങ്ങളും തേടിയിട്ടുണ്ട്.

ഗ്രിഗ്സ് പാർക്കിന് സമീപം നടക്കുന്നതിനിടെയാണ് ടാരിസ് ബെസ്സെയുടെ കഴുത്തിലേക്ക് മൂങ്ങ പാഞ്ഞെത്തിയത്. മരത്തിന് മുകളിൽനിന്ന് പെട്ടെന്ന് പറന്നിറങ്ങിയ പക്ഷി നേരിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുൻകരുതലിന്റെ ഭാഗമായി ചികിത്സ തേടിയ ബെസ്സെ പേവിഷബാധയ്ക്കെതിരായ വാക്സിനും സ്വീകരിച്ചു. ആശുപത്രിയിൽ ബൂസ്റ്റർ ഡോസ് എടുക്കാനെത്തിയപ്പോൾ മൂങ്ങയുടെ ആക്രമണത്തിനിരയായ മറ്റൊരാളാണോ എന്ന് നഴ്സ് ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ബ്രൂക്ക്ലൈൻ ന്യൂസ് റിപ്പോർട്ടർ മിലേന ഫെൺസ്ലറും ആക്രമണത്തിനിരയായി. വീടിന് സമീപത്തുവെച്ച് പിന്നിൽനിന്ന് ശക്തമായ അടിയേറ്റതുപോലെയാണ് അനുഭവപ്പെട്ടതെന്ന് അവർ പറഞ്ഞു. പിന്നീട് ടെലിഫോൺ പോസ്റ്റിന് മുകളിൽ മൂങ്ങ ഇരിക്കുന്നത് കണ്ടു.

ഡീൻ റോഡിലൂടെ ഓടുന്നതിനിടെ ജൂലിയറ്റ് ഡെയ്‌ലി എന്ന യുവതിക്ക് നേരെയും മൂങ്ങ ഒന്നിലധികം തവണ പാഞ്ഞെത്തി. ആദ്യ ആക്രമണത്തിൽനിന്ന് ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും എത്തിയതോടെ റോഡ് മുറിച്ചുകടന്നാണ് യുവതി രക്ഷപ്പെട്ടത്.

കഴിഞ്ഞ വർഷം ശരത്കാലത്താണ് പ്രദേശത്ത് ആദ്യ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹാലോവീൻ കാലയളവിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിരവധി സംഭവങ്ങളുണ്ടായതായും വിവരമുണ്ട്.

മസാച്യുസെറ്റ്സിൽ എട്ട് ഇനം മൂങ്ങകളാണുള്ളത്. ഇവയെല്ലാം സംരക്ഷിത പക്ഷികളാണ്. സാധാരണഗതിയിൽ മനുഷ്യരെ ആക്രമിക്കുന്ന സ്വഭാവം മൂങ്ങകൾക്കില്ലെങ്കിലും സമീപത്ത് കൂടോ കുഞ്ഞുങ്ങളോ ഉണ്ടെങ്കിൽ അവയെ സംരക്ഷിക്കാനുള്ള പ്രതിരോധത്തിന്റെ ഭാഗമായി മനുഷ്യർക്കുനേരെ ആക്രമണം നടത്താമെന്നാണ് വന്യജീവി അധികൃതരുടെ വിശദീകരണം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4