കോട്ടയം : തിരശീലയുടെ മുമ്പിൽ വരേണ്ടവനായിരുന്നു പ്രിയ ഡിജോ കാപ്പൻ . പക്ഷെ രാഷ്ട്രീയത്തിലെ ചാണക്യന്മാരുടെ ചാട്ടുളി പ്രയോഗം മൂലം രാഷ്ട്രീയത്തോട് സലാം പറഞ്ഞ് തിരശീലയ്ക്കു പിന്നിലെ രാഷ്ട്രീയ തന്ത്രജ്ഞനായി .
പലരെയും എംപി യും , എം എൽ എ യുമൊക്കെ ആക്കുവാൻ രാസ ത്വരകമായി പ്രവർത്തിച്ചിരുന്നു ഡിജോ കാപ്പൻ പക്ഷെ അതിന്റെ അവകാശ വാദമൊന്നും അദ്ദേഹം ഉയർത്തിയില്ല. അതാണ് ഡിജോ കാപ്പനെ വ്യതിരിക്തനാക്കുന്നത്.
2004 ൽ പി സി തോമസ് മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ എൻ ഡി എ പിന്തുണയുള്ള ഐ എഫ് ഡി പി (ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി )സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ 529 വോട്ടുകൾക്ക് പി സി വിജയിക്കുമ്പോൾ ആ വിജയത്തിന്റെ ഊടും പാവുമായി പ്രവർത്തിച്ചത് ഡിജോ കാപ്പനും സംഘവുമായിരുന്നു .
കെഎം ഷാജി , ജോർജ്‌കുട്ടി ആഗസ്തി തുടങ്ങിയവരുടെ തീപ്പൊരി പ്രസംഗങ്ങളും ആ വിജയത്തിന് ആക്കം കൂട്ടി .
അന്നൊരു പ്രചാരണ യോഗം പാലാ കുരിശുപള്ളിക്കൽ നടന്നപ്പോൾ ബിജെപി യുടെ സംസ്ഥാന പ്രസിഡണ്ട് സി കെ പത്മനാഭൻ ജോർജുകുട്ടി ആഗസ്തിയുടെ പ്രസംഗം കേട്ട് പറഞ്ഞത് , ഞാൻ വരുമ്പോൾ ഒരു ചെറുപ്പക്കാരൻ ഇവിടെ ഘോര ഘോരം പ്രസംഗിക്കുകയായിരുന്നു .ഇടിവെട്ട് പോലത്തെ പ്രസംഗം . ഉടനെ മഴപെയ്തു . സി കെ പി ഉടനെ പറഞ്ഞു ഇടിവെട്ടി മഴ പെയ്തു .സി കെ പി യുടെ ആ പ്രയോഗം കേട്ട് കൊണ്ട് ഡിജോ കാപ്പനും ഊറി ചിരിച്ചു .
അന്ന് പാലാ സെന്റ് തോമസ് ഹൈസ്‌കൂളിന്റെ വാതിൽക്കൽ തെരെഞ്ഞെടുപ്പ് ഫലം കേട്ട് നിർന്നിമേഷനായി നിന്ന ഐ എഫ് ഡി പി പ്രവർത്തകരെ ഡിജോ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
പി സി തോമസിന്റെ ഭൂരിപക്ഷം എൽ ഡി എഫ് സ്ഥാനാർഥി പി എം ഇസ്മായേൽ കുറച്ചു കൊണ്ട് വരുമ്പോൾ പ്രവർത്തകർ നിരാശരായപ്പോൾ ആത്മ വിശ്വാസത്തോടെ ഡിജോ കാപ്പൻ അവരെ ആശ്വസിപ്പിച്ചു ,സാരമില്ലന്നെ അവസാന വിജയം നമുക്കുള്ളതാ ,നമ്മൾ വിജയിക്കും അതുപോലെ തന്നെ ഭവിച്ചു. പി സി തോമസ് മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ 529 വോട്ടിന് വിജയിച്ചു . തന്റെ ഉദ്യമത്തിൽ അത്രയും ആത്മ വിശ്വാസമായിരുന്നു ഡിജോ കാപ്പന്. അന്ന് 529 വോട്ടിനാണ് പി സി തോമസിനെ മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിൽ നിന്നും ഡിജോ കാപ്പനും സംഘവും വിജയിപ്പിച്ചെടുത്ത് . അന്ന് 256411 വോട്ട് പി സി നേടിയപ്പോൾ എൽ ഡി എഫിലെ പി എം ഇസ്മായേൽ 255882 വോട്ടു നേടി . 209880 വോട്ട് നേടി യു ഡി എഫ് മൂന്നാം സ്ഥാനത്തെത്തി .
കേരളാ രാഷ്ട്രീയത്തിലെ ഗതി മാറ്റിയ ഒരു തെരെഞ്ഞെടുപ്പായിരുന്നു 2004 ലെ മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിലെ വിധി .കെ എം ഷാജി , ജോർജ്‌കുട്ടി ആഗസ്തി , ഡിജോ കാപ്പൻ എന്നീ മൂവർ സംഘത്തിന്റെ അക്ഷീണ പരിശ്രമമാണ് പി സി തോമസിന്റെ കണ്ണഞ്ചിക്കുന്ന വിജയം .
പി ടി തോമസ് ഇടുക്കി വിട്ട് മത്സരിക്കേണ്ടി വന്നപ്പോൾ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തിന്റെ കാര്യങ്ങൾ പറയുകയും അവിടെ വിജയിപ്പിക്കാനും ഡിജോ കാപ്പൻ ഉണ്ടായിരുന്നു . മാണി സി കാപ്പന്റെ എല്ലാ തെരഞ്ഞെടുപ്പിലും തന്നെ ഡിജോ ഉണ്ടായിരുന്നു . മാണി സി കാപ്പന്റെ എം എൽ എ ആഫീസിലെത്തിയും അവിടെ വരുന്നവർക്ക് കാര്യാ സാധ്യം ഒരുക്കി കൊടുത്തിരുന്നു .
1975 ലെ അടിയന്തിരാവസ്ഥ കഴിഞ്ഞ് നടന്ന കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ പാലാ സെന്റ് തോമസ് കോളേജിൽ കേരള വിദ്യാര്തി ജനത (കെ വി ജെ )സീറ്റുകൾ തൂത്ത് വാരിയപ്പോൾ അന്ന് കെ എസ് സി ക്കു ഒരു ജനറൽ സെക്രട്ടറി സ്ഥാനം ഉണ്ടായിരുന്നു അത് ഡിജോ കാപ്പനല്ലാതെ മറ്റാരുമായിരുന്നില്ല . അക്കാലത്ത് കോളേജ് രാഷ്ട്രീയം സംഘർഷ ഭരിതമായിരുന്നു . പാലാ സെന്റ് തോമസ് കോളേജിൽ കയറി വിദ്യാർത്ഥികളെ പോലീസ് ലാത്തി ചാർജ് ചെയ്തപ്പോൾ പോലീസിനെതിരെയുള്ള സമര മുഖത്തെ ത്രസിക്കുന്ന കൂരമ്പായിരുന്നു ഡിജോ കാപ്പൻ.അന്നത്തെ ഡി വൈ എസ പി ഹാരിസ് സേവ്യർ ലാത്തിചാർജിനു നേതൃത്വം കൊടുത്തപ്പോൾ ഹാരിസ് സേവ്യറെ സൂക്ഷിച്ചോ , ആയുസ്സ് പോകാതെ സൂക്ഷിച്ചോ എന്ന് മുദ്രാവാക്യം ഡിജോ വിളിച്ചു കൊടുത്തത് എന്റെ കാതുകൾ കൊണ്ട് ഞാൻ കേട്ടതാണ്. രണ്ടു വര്ഷങ്ങൾക്ക് മുമ്പ് ഇങ്ങനെയൊരു മുദ്രാവാക്യം 1977 ൽ വിളിച്ചത് ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഗൂഢമായ ചിരിയായിരുന്നു മറുപടി .
പിന്നീട ഡിജോ വളരുകയായിരുന്നു. കെ എസ് സി യുടെ പ്രസിഡണ്ട് ആയിരുന്നു കൊണ്ട് കലാലയങ്ങളിൽ കെ എസ് സി കെട്ടി പ്പടുത്തു . പഠിക്കുക പഠിക്കാൻ അനുവദിക്കുക എന്ന മുദ്രാവാക്യമായിരുന്നു കെ എസ് സി യുടേത് . തലപ്പൊക്കമുള്ള ഈ ചെറുപ്പക്കാരന്റെ വളർച്ചയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സംസ്ഥാന നേതാക്കളെല്ലാം അസൂയാലുക്കളായിരുന്നു .1980 ലെ നായനാർ മന്ത്രി സഭയിൽ കെ എം മാണി ധനകാര്യ മന്ത്രിയായിരുന്നു .1982 ൽ കോൺഗ്രസ് ആന്റണി വിഭാഗം മന്ത്രി സഭ വിട്ടപ്പോൾ കെ എം മാണിയിൽ സമ്മർദ്ദമേറി. അവസാനം മുന്നണി വിടുവാൻ തീരുമാനിച്ചപ്പോൾ , കൊടകര എം എൽ എ യും ട്രാൻസ്‌പോർട് വകുപ്പ് മന്ത്രിയുമായ ലോനപ്പൻ നമ്പാടനെ സിപിഎം കാർ റാഞ്ചാൻ നോക്കുന്നു എന്നറിഞ്ഞ ഡിജോ കാപ്പൻ എം എൽ എ ഹോസ്റ്റലിൽ ലോനപ്പൻ നമ്പാടന്റെ പക്കൽ ചെന്നു . അന്ന് എസ് എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറി ആയിരുന്നു സി പി ജോണിന് ഡിജോ യുടെ സ്വഭാവം നല്ലവണ്ണം അറിയാമായിരുന്നു .നമ്പാടൻ ഡിജോ യോട് സംസാരിച്ചാൽ മനസ് മാറുമെന്ന് അറിയാവുന്ന സി പി ജോൺ ഡിജോ കാപ്പനുമായി നമ്പാടനെ സംസാരിക്കാൻ അനുവദിച്ചില്ല. ഉടനെ തന്നെ ലോനപ്പൻ നമ്പാടനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
അന്ന് എൽ ഡി എഫ് കൺവീനർ ആയിരുന്ന കെ പി കുഞ്ഞിക്കണ്ണൻ പറഞ്ഞു ആര് തോറ്റാലും ഞങ്ങൾ നമ്പാടൻ മാഷിനെ കൊടകര നിന്ന് വിജയിപ്പിക്കും . ഇന്ന് സിപി ജോൺ സിഎംപി സ്ഥാനാർത്ഥിയായി യു ഡി എഫ് ബാനറിൽ തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുകയാണ്.
"ഓപ്പറേഷൻ ലോനപ്പൻ" പരാജയപ്പെട്ടെങ്കിലും കേരളാ കോൺഗ്രസിൽ ഡിജോ കാപ്പന് പ്രസക്തിയും ,പ്രശസ്തിയും വർധിച്ചു .അതോടെ എം എൽ എ മാർ വരെ ഡിജോ യെ ശത്രുവായി കാണാൻ തുടങ്ങി .ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന രീതിയിലായി കാര്യങ്ങൾ .അങ്ങനെയാണ് ഡിജോ കാപ്പൻ ജോസഫ് ഗ്രൂപ്പ് കേരളാ കോൺഗ്രസിലെത്തിയത്.1987 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായി യു ഡി എഫ് ബാനറിൽ മത്സരിക്കുവാൻ പ്രാഥമിക പ്രവർത്തനങ്ങൾ എല്ലാം ചെയ്തതാണ് ചുവരെഴുത്ത് വരെ ചിലയിടങ്ങളിൽ നടന്നു . ഒരു ദിവസം പാർട്ടി ചെയർമാൻ പി ജെ ജോസഫ് വിളിച്ചു പറഞ്ഞു, കാപ്പാ ഇന്നലെ നടന്ന ചർച്ചയിൽ എം വി രാഘവന്റെ സിഎംപി യെ യു ഡി എഫിൽ എടുത്തു , അതുകൊണ്ടു തളിപ്പറമ്പ സീറ്റ് അവർക്കു വിട്ടു കൊടുത്തു .
അതുകൊണ്ടു കാപ്പൻ ഇങ് പോരെ , എം വി രാഘവൻ ഉടനെ ഡിജോയെ വന്നു കാണും എന്ന് പറഞ്ഞു .എം വി രാഘവനും , സി പി മൂസാൻ കുട്ടിയും ഡിജോ കാപ്പനെ കാണുവാൻ വന്നപ്പോൾ ഉറഞ്ഞു തുള്ളുന്ന ഡിജോ കാപ്പനെയാണവർ പ്രതീക്ഷിച്ചത് . എന്നാൽ ഡിജോ കാപ്പനാവട്ടെ പുഞ്ചിരിയോടെയാണ് അവരെ സ്വീകരിച്ചത്. ഡിജോ വൻ തുക ചോദിക്കുമെന്ന് എം വി രാഘവൻ പ്രതീക്ഷിച്ചെങ്കിലും 1500 രൂപാ തെരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകുകയാണ് ഡിജോ കാപ്പൻ ചെയ്തത്.
പി ജെ ജോസഫ് വിഭാഗം പിളർന്നപ്പോൾ ഡിജോ കാപ്പൻ ആർ ബാലകൃഷ്ണ പിള്ളയുടെ കൂടെയായിരുന്നു നിലയുറപ്പിച്ചത് .
1987 ലെ തിരഞ്ഞെടുപ്പിൽ പിള്ള ഗ്രൂപ്പിന് രണ്ടു സീറ്റുകൾ ലഭിച്ചപ്പോൾ കല്ലൂപ്പാറയിൽ മത്സരിക്കാൻ ഡിജോ കാപ്പനെ പിള്ള നിയോഗിച്ചു .
ചുവരെഴുത്ത് വരെ കഴിഞ്ഞിരുന്നു .
അപ്പോളാണ് പിള്ള ഗ്രൂപ്പിലെ മറ്റൊരു നേതാവായ ജോസഫ് എം പുതുശേരി മത പ്രശ്നം എടുത്തിട്ടത്. ഡിജോ സുറിയാനി ക്രിസ്ത്യാനി ആണെന്നും മത്സരിച്ചാൽ തോൽവി ഉറപ്പാണെന്നും താനായാൽ ഓർത്തഡോക്സ് ആയതിനാൽ വിജയിക്കുമെന്നുള്ള കുത്തിത്തിരുപ്പിൽ ആർ ബാലകൃഷ്ണ പിള്ളയും വീണു .
ഫലത്തിൽ ഡിജോ കാപ്പൻ വീണ്ടും മത്സരാർത്ഥി അല്ലാതായി. അതോടെ തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും അദ്ദേഹം സ്വയമേവ വിരമിക്കുകയായിരുന്നു .
പിൽക്കാലത്ത് കോൺഗ്രസിൽ നിന്നും എല്ലാ കേരളാ കോൺഗ്രസുകളിൽ നിന്നും സ്ഥാനാര്ഥിയാകുവാൻ ക്ഷണമുണ്ടായപ്പോൾ അദ്ദേഹം സ്നേഹ പൂർവം അതൊക്കെ നിരസിച്ചു .
അധികാര രാഷ്ട്രീയത്തോട് എന്നെന്നേക്കുമായി വിട പറയുകയായിരുന്നു ഡിജോ കാപ്പനെന്ന ക്രാന്ത ദർശി .അന്ന് ഡിജോ കാപ്പനെ വെട്ടിയ പുതുശേരി ഇന്ന് രാഷ്ട്രീയമായി ഒറ്റപ്പെട്ട അവസ്ഥയിലുമായി.
ഏറ്റവും അവസാനം ഡിജോ കാപ്പൻ തെരെഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത് 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിച്ച ഫ്രാൻസിസ് ജോർജിന് വേണ്ടിയായിരുന്നു .അദ്ദേഹത്തിന്റെ വിജയത്തിനായി അഹോരാർത്ഥം പോരാടി. ഒരു ദിവസം എന്നെ വിളിച്ച് ഡിജോ പറഞ്ഞു തങ്കച്ചന്റെ കൈയ്യിൽ ഫ്രാൻസിസ് ജോർജിന്റെ ഒരു നല്ല ഫോട്ടോ ഉണ്ടല്ലോ അതിങ്ങോട്ട് ഒന്ന് തന്നെ .
അതുകൊണ്ടു ഇച്ചിരെ പണിയുണ്ട് .
ഞാൻ ഫോട്ടോ കൊടുത്തപ്പോൾ പിറ്റേ ദിവസം ആ ഫോട്ടോ വച്ച് കുറെ പുതിയ പോസ്റ്റർ വന്നു.
തെരെഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനായി ഒരു ജെ സി ബി അദ്ദേഹം വാടകയ്ക്ക് എടുത്തു .
ആരും അറിയാതെ നാഗസഭയോട് വർക്ക് അനുമതിയും വാങ്ങി .
രേഖകൾ കൈവശം വച്ചു .
സമയമായപ്പോൾ ജെ സി ബി യുടെ ബക്കറ്റിൽ ഫ്രാൻസിസ് ജോർജിനെ കയറ്റി ഉയർത്തുകയും താഴ്ത്തുകയും ചെയ്തു .യു ഡി എഫ് അണികളിൽ വലിയ ആവേശമാണ് അത് സൃഷ്ട്ടിച്ചത് .
ഉമ്മൻചാണ്ടി മരിച്ചപ്പോൾ ഉമ്മൻചാണ്ടിയെ കുറിച്ച് തങ്കച്ചൻ ഒരു ലേഖനമെഴുതണമെന്നു ഡിജോ കാപ്പൻ പറഞ്ഞു . സുരേഷ് കുറുപ്പിന് ഉമ്മൻ ചാണ്ടിയെ കുറിച്ച് കുറെ കാര്യങ്ങൾ പറയാനുണ്ട് അത് നമുക്ക് ശേഖരിക്കാം എന്ന് പറഞ്ഞു .
അങ്ങനെ സുരേഷ് കുറുപ്പിനെ കാണുവാൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഡിജോയുമൊത്ത് പോയി.
ഉമ്മൻചാണ്ടിയുടെ ജനകീയതയെ കുറിച്ച് സുരേഷ് കുറുപ്പ്
വാചാലനായി .
ഇടയ്ക്കു ഞാനൊരു ചോദ്യം ചോദിച്ചു .വെള്ളക്കൊടിയെ തൊട്ടു കളിച്ചാൽ , വെള്ള പുതച്ച് കിടത്തീടും എന്ന് ഡി വൈ എഫ് ഐ മുദ്രാവാക്യം വിളിക്കുകയും ,പൊതിച്ചോർ കൊടുക്കുകയും ചെയ്യുന്നതിലെ വൈരുധ്യവുമായിരുന്നു ചോദ്യം .
ചോദ്യം കേട്ടപ്പോൾ തന്നെ ഡിജോ യും , കുറുപ്പും ചിരി തുടങ്ങി .
ചിരിക്കവസാനം കുറുപ്പ് പറഞ്ഞു അതൊക്കെ ആ ഒരു നിമിഷത്തെ വൈകാരിക പ്രകടനം മാത്രമാണ് അല്ലാതെ ഒന്നുമല്ല .
2024 ക്രിസ്മസ് കാലത്ത് ഡിജോ കാപ്പൻ ഫോണിൽ വിളിച്ചു ടൗണിലെങ്ങാനും ഉണ്ടോ ഞാൻ ഉണ്ടെന്നു പറഞ്ഞപ്പോൾ എന്നാൽ കുരിശുപള്ളി കവലയിലേക്കു വാ ഒരു ക്രിസ്മസ് കേക്ക് തന്നേക്കാം .ഞാൻ ആയിക്കോട്ടെ എന്ന് പറഞ്ഞു. ചെന്ന് കേക്ക് സ്വീകരിച്ച് കുശലം പറഞ്ഞു പോന്നു. പത്ര പ്രവർത്തന രംഗത്ത് ലഭിച്ച വലിയൊരു അംഗീകാരമായാണ് ഞാൻ അതിനെ കാണുന്നത്. കേവലം ഒരു കേക്ക് മാത്രമായി ഞാൻ അതിനെ കാണുന്നില്ല .ഒരു അഴിമതി രഹിതന്റെ സമ്മാനമായാണ് ഞാൻ അതിനെ കാണുന്നത് .കഴിവും , പ്രാപ്തിയുമുള്ള മികച്ചൊരു സംഘാടകനായ ഡിജോ കാപ്പനെ അദ്ദേഹം വിശ്വസിച്ച രാഷ്ട്രീയ പാർട്ടികളൊന്നും അംഗീകരിച്ചില്ല .
തങ്ങളെക്കാളും വലിയ ആളായി പോകുമോ എന്നായിരുന്നു എല്ലാ കേരളാ കോൺഗ്രസ് ചെയർമാൻ മാർക്കും ഉണ്ടായിരുന്നത് .അത് കൊണ്ട് തന്നെ അവരെല്ലാം അദ്ദേഹത്തിന്റെ കൂമ്പ്ഞ്ഞുള്ളി. എന്നിരുന്നാലും ജനസേവനത്തിനായി ഡിജോ കാപ്പൻ പുതിയ പന്ഥാവ് വെട്ടി തുറന്ന് മുന്നേറി .ബാബു ചാഴികാടൻ കഴിഞ്ഞാൽ രാഷ്ട്രീയക്കാരിൽ ഇല്ലാത്ത എളിമയുടെയും വിനയത്തിന്റെയും ആൾ രൂപമായിരുന്നു ഡിജോ കാപ്പൻ. ഡിജോ കാപ്പൻ സൃഷ്ട്ടിച്ച നന്മയുടെ അഴിമതി രഹിത വീഥികളിൽ ഇനിയും ആയിരങ്ങൾ ചരിക്കട്ടെ. നാടിൻറെ നന്മകൾ പ്രചരിക്കട്ടെ, അനുസ്യൂതം.
റിപ്പോർട്ട് : തങ്കച്ചൻ പാലാ
തിരശീലയ്ക്ക് പിന്നിലെ തന്ത്രങ്ങളുടെ പെരുന്തച്ചൻ ഡിജോ കാപ്പൻ അരങ്ങൊഴിഞ്ഞപ്പോൾ ... ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഒരു തിരിഞ്ഞുനോട്ടം ...
Advertisement
Advertisement
Advertisement