breaking news New

ചികിത്സാ ചെലവുകള്‍ സാധാരണക്കാരന്റെ നടുവൊടിക്കുന്ന കാലത്ത്, ആശ്വാസത്തിന്റെ പുതിയ മാതൃകയുമായി യു.ഡി.എഫിന്റെ 'നോ ബില്‍ ഹോസ്പിറ്റല്‍' പദ്ധതി വീണ്ടും സജീവ ചര്‍ച്ചയാകുന്നു

ജനനായകന്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നപദ്ധതിയായിരുന്ന 'എല്ലാവര്‍ക്കും സൗജന്യ ചികിത്സ' എന്ന ആശയം 2026-ലെ യു.ഡി.എഫ്. പ്രകടനപത്രികയില്‍ പ്രധാന വാഗ്ദാനമായി ഇടംപിടിക്കുമെന്ന് ഉറപ്പായതോടെയാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വെച്ചത്. സാമൂഹിക പ്രവര്‍ത്തകനായ ബിനോയ് വാര്യത്ത് പങ്കുവെച്ച കുറിപ്പിലൂടെയാണ് പദ്ധതിയുടെ നാള്‍വഴികളും പ്രസക്തിയും വീണ്ടും പൊതുമധ്യത്തില്‍ എത്തിയത്.

2021-ലെ യു.ഡി.എഫ്. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അന്ന് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഈ പദ്ധതി, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയുടെ പ്രധാന പ്രചാരണായുധമായി മാറും. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കൊപ്പം 'നോ ബില്‍ ഹോസ്പിറ്റല്‍' സംവിധാനവും യാഥാര്‍ത്ഥ്യമാക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍ വ്യക്തമാക്കിയതായി ബിനോയ് വാര്യത്ത് ചൂണ്ടിക്കാട്ടുന്നു.

2011-ല്‍ പത്തനംതിട്ട കുമ്പനാട് സ്വദേശിയും മുന്‍ കെ.എസ്.യു. നേതാവുമായ സന്തോഷ് വി. ജോര്‍ജാണ് ഇത്തരമൊരു ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. 2013-ല്‍ കൊച്ചിയില്‍ നടന്ന ആശയക്കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈ വിഷയം 2014-ലെയും 2019-ലെയും ലോക്‌സഭാ പ്രകടനപത്രികകളില്‍ 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന പേരില്‍ ഇടംപിടിച്ചു. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ ഇതിനെ അപ്രായോഗികമെന്ന് വിളിച്ച് പരിഹസിക്കുകയായിരുന്നു. എന്നാല്‍ വിദേശ സര്‍വകലാശാലകളിലെ വിദഗ്ധരും നിതി ആയോഗും പിന്നീട് ഈ മാതൃകയുടെ പ്രായോഗികത തിരിച്ചറിഞ്ഞുവെന്ന് കുറിപ്പില്‍ പറയുന്നു.

സര്‍ക്കാരും സ്വകാര്യ മേഖലയും കൈകോര്‍ക്കുന്ന ലാഭേച്ഛയില്ലാത്ത ആശുപത്രി മാതൃകയാണിത്. വെല്ലൂര്‍ സി.എം.സി. ആശുപത്രിയുടെ വിശ്വാസ്യതയോടെ പൂര്‍ണ്ണ സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. രോഗികള്‍ മുറിവാടകയും ഭക്ഷണച്ചെലവും മാത്രം നല്‍കിയാല്‍ മതിയാകും. ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമ്പോള്‍, ആശുപത്രി കെട്ടിടം നിര്‍മ്മിച്ച സ്വകാര്യ സ്ഥാപനത്തിന് മുറിവാടക ലഭിക്കും. കേരളത്തില്‍ 150 കിലോമീറ്റര്‍ ഇടവിട്ട് ഇത്തരത്തിലുള്ള മൂന്ന് ഉന്നത നിലവാരത്തിലുള്ള ആശുപത്രികള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

കാരുണ്യ ഫണ്ട് വഴി ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം നല്‍കിയ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ ഈ പദ്ധതിയും വിസ്മൃതിയിലാകുന്നത് അദ്ദേഹത്തോട് കാട്ടുന്ന വഞ്ചനയാകുമെന്ന് ബിനോയ് വാര്യത്ത് കുറിച്ചു. ബെന്നി ബെഹനാന്‍, എം.എം. ഹസ്സന്‍ തുടങ്ങിയ നേതാക്കള്‍ ഈ പദ്ധതി നടപ്പിലാക്കുമെന്ന ഉറപ്പ് നല്‍കിയത് സാധാരണക്കാര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം മാതൃകകള്‍ അടിയന്തരമായി തുടങ്ങാന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കണമെന്നും ബിനോയ് വാര്യത്ത് ആവശ്യപ്പെട്ടു. ഭാവനയില്‍ വിരിഞ്ഞ വെറുമൊരു പദ്ധതിയല്ല, മറിച്ച് കൃത്യമായ നയരേഖകളുടെ പിന്‍ബലമുള്ള ഈ ചികിത്സാ മാതൃക കേരളത്തിന്റെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് യു.ഡി.എഫ്. വിശ്വസിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ നയങ്ങളുടെ തുടര്‍ച്ചയായി 2026-ല്‍ ഈ പദ്ധതി ജനവിധി തേടും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t