breaking news New

രാജസ്ഥാനിലെ അല്‍വാറില്‍ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അമ്മായിമ്മയെ വിഷം കൊടുത്തു കൊലപ്പെടുത്തി സ്വര്‍ണ്ണവും പണവുമായി കടന്നുകളഞ്ഞ നവവധു പിടിയില്‍

രേഖ കൗര്‍ഡ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളുമായി മുങ്ങിയത്. സമാനമായ രീതിയില്‍ ഹരിയാനയിലും രാജസ്ഥാനിലും യുവാക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവരെന്നും പോലീസ് കണ്ടെത്തി.

2025 മേയിലായിരുന്നു അല്‍വാര്‍ സ്വദേശിയായ വിക്രംജീത് സിംഗും രേഖയും തമ്മിലുള്ള വിവാഹം നടന്നത്. രേഖയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ രേഖ തന്റെ ക്രിമിനല്‍ ബുദ്ധി പുറത്തെടുത്തു. കഴിഞ്ഞ ജൂണ്‍ 23-നാണ് അമ്മായിമ്മയ്ക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി ഇവര്‍ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്വര്‍ണ്ണം, വെള്ളി മാലകള്‍, വളകള്‍, മോതിരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങളും 30,000 രൂപയുമായി രേഖ കടന്നുകളയുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് വിക്രംജീത് സിംഗ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ നടപടികളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം നീതി തേടി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രേഖയുടെയും സംഘത്തിന്റെയും തട്ടിപ്പുകള്‍ പുറത്തുവന്നത്. രേഖയുടെ അമ്മായിയായ പിങ്കി കൗറിന്റെ സഹായത്തോടെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് പോലീസ് കണ്ടെത്തി.

ഹരിയാനയിലും രാജസ്ഥാനിലുമുള്ള യുവാക്കളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിക്കുകയും തുടര്‍ന്ന് പണവും ആഭരണങ്ങളുമായി കടന്നുകളയുകയുമാണ് ഇവരുടെ രീതി. സമാനമായ രീതിയില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ പിടികൂടിയതോടെ വലിയൊരു തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളാണ് വെളിച്ചത്തായിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t