breaking news New

ഒമാനിലെ അൽ ദാഹിറ, മസ്കറ്റ് ഗവർണറേറ്റുകളിൽ 'മസറാത്ത്' ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു : ജനജീവിതം സ്തംഭിച്ചു : പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം !!

തുടർച്ചയായ മഴയെത്തുടർന്ന് വാദികൾ നിറഞ്ഞൊഴുകുകയും, പല പ്രദേശങ്ങളിലും ജനജീവിതം സ്തംഭിക്കുകയും ചെയ്തു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ചിലയിടങ്ങളിൽ വൈദ്യുതി മുടക്കം രേഖപ്പെടുത്തുകയും ചെയ്തതോടെ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു.

അൽ ദാഹിറ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ ശക്തമായ മഴയെ തുടർന്ന് വാദികൾ കരകവിഞ്ഞൊഴുകി. മഴയുടെ തീവ്രത ജനജീവിതത്തെ ഭാഗികമായി ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കനത്ത മഴയിൽ നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങിയ സംഭവങ്ങളും ഉണ്ടായി. ചില പ്രദേശങ്ങളിൽ വൈദ്യുതി മുടക്കവും അനുഭവപ്പെട്ടെങ്കിലും, ബന്ധപ്പെട്ട വകുപ്പുകൾ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ രംഗത്തിറങ്ങി. ഗവർണറേറ്റിലെ ജലസംഭരണികൾ നിറഞ്ഞതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ അടിയന്തര നടപടികൾ പുരോഗമിക്കുമ്പോൾ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാദികളിൽ പ്രവേശിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മസ്കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലും കനത്ത മഴയും ശക്തമായ കാറ്റും വ്യാപകമായി അനുഭവപ്പെട്ടു. വിലായത്തിലെ നഗരപ്രദേശങ്ങൾ, ഗ്രാമങ്ങൾ, താമസമേഖലകൾ എന്നിവ ഉൾപ്പെടെ എല്ലാ ഭാഗങ്ങളിലും മഴ വ്യാപിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് മുൻകൂട്ടി ലഭിച്ചതിനെ തുടർന്ന് സീബിൽ വിപുലമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.

പ്രളയബാധിത കുടുംബങ്ങൾക്കായി മൂന്ന് സ്ഥലങ്ങളിൽ താമസ സൗകര്യങ്ങളോടുകൂടിയ അഭയകേന്ദ്രങ്ങളും, താൽക്കാലിക താമസ സൗകര്യങ്ങളും സാമൂഹിക വികസന വകുപ്പുമായി സഹകരിച്ച് ഒരുക്കി. മഴവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഒഴുക്കാനുള്ള സംവിധാനങ്ങൾ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ സീബ് വിഭാഗം സജ്ജമാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t