പാൽഘർ സ്വദേശിയായ ആൾദൈവം ഋഷികേശ് വൈദ്യ(40)യ്ക്കെതിരെയാണ് പൂനെ പൊലീസ് കേസെടുത്തത്. ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നാസിക്കിലെ മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ മറ്റൊരു ആൾദൈവം അശോക് ഖരാട്ട് അറസ്റ്റിലായ വാർത്ത കണ്ടതിനു പിന്നാലെയാണ് പൂനെ സ്വദേശിയായ യുവതി പരാതിയുമായി രംഗത്തെത്തിയത്.
2023-ലാണ് യുവതി പ്രതിയായ ഋഷികേശ് വൈദ്യയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നത്. ആ വർഷം ഡിസംബറിൽ യുവതിയെ കാണാൻ പൂനെയിലെത്തിയ ഇയാൾ, താൻ മഹാദേവന്റെ അവതാരമാണെന്നും യുവതി തന്റെ 'പാർവ്വതി'യാണെന്നും വിശ്വസിപ്പിച്ച് വലയിലാക്കുകയായിരുന്നു. തുടർന്ന് പൂനെ മഞ്ജരിയിലുള്ള ലോഡ്ജിലെത്തിച്ച് ലഹരിമരുന്ന് കലർത്തിയ പാനീയം നൽകി യുവതിയെ പീഡിപ്പിച്ചു. ഇതിനിടെ യുവതി അറിയാതെ പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും, പിന്നീട് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയ്ലിങ് തുടരുകയുമായിരുന്നു.
കഴിഞ്ഞ മേയ് മാസത്തിൽ വസായിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഇയാൾ യുവതിയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവം നടന്നത് പൂനെയിലായതിനാൽ മാണിക്പുർ പൊലീസ് 'സീറോ എഫ്ഐആർ' രജിസ്റ്റർ ചെയ്യുകയും പിന്നീട് അന്വേഷണം പൂനെ ഹദപ്സർ പൊലീസിന് കൈമാറുകയും ചെയ്തു. പ്രതി പാൽഘറിൽ ഒരു സാമൂഹിക സംഘടന നടത്തിവരികയായിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലമോ പരിധിയിലുള്ള പോലീസ് സ്റ്റേഷനോ പരിഗണിക്കാതെ ഇന്ത്യയിലെ ഏത് പോലീസ് സ്റ്റേഷനിലും ഫയൽ ചെയ്യാവുന്നതാണ് 'സീറോ എഫ്ഐആർ'. സമാനമായ രീതിയിൽ മറ്റ് പല സ്ത്രീകളെയും പ്രതി പ്രലോഭിപ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
താൻ ശിവന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച് ആൾ ദൈവം 35-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
Advertisement
Advertisement
Advertisement