breaking news New

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ (80) അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു. കലൂര്‍ പിസി റോഡിലെ വാടക വീട്ടിലായിരുന്നു താമസം.

ഇന്ന് രാവിലെ 10ന് അമൃത ആശുപത്രിയില്‍ നിന്ന് രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുവരും. 11 മുതല്‍ 12 വരെ പൊതുദര്‍ശനത്തിനുശേഷം സംസ്‌കാരം നടത്തും.

1945ല്‍ കണ്ണൂരിലാണ് ജനനം. കോളജ് വിദ്യാഭ്യാസ ശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വര്‍ഷത്തോളം പത്രപ്രവര്‍ത്തകനായിരുന്നു. എറണാകുളത്ത് സ്പൈസസ് ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. ഏലം സ്പൈസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. എഴുപതിലധികം ബാലസാഹിത്യ കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഏലം ഒരു ശീലമാക്കൂ എന്ന ഏലം ബോര്‍ഡിന്റെ പ്രശസ്തമായ പരസ്യവാചകം പി.ഐ. ശങ്കരനാരായണന്റേതാണ്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവത്കരണ അവാര്‍ഡ്, ഭിലായ് മലയാളം ഗ്രന്ഥശാലാ സുവര്‍ണ ജൂബിലി പുരസ്‌കാരം, സമഗ്ര സംഭാവനയ്‌ക്കുള്ള കവിസമാജം പുരസ്‌കാരം, കുഞ്ഞുണ്ണി പുരസ്‌കാരം എന്നിവ ലഭിച്ചു.

ജീവിത മൂല്യങ്ങള്‍ക്ക് ഊന്നലേകുന്ന കവിത-കഥ ക്ലാസുകളും ആധ്യാത്മിക പ്രഭാഷണങ്ങളും നടത്തി. നവമന പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരണ സ്ഥാപനം നടത്തിയിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു.

കൊച്ചി ആകാശവാണിയില്‍ സ്ഥിരമായി സുഭാഷിതങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നളിനിയാണ് ഭാര്യ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t