breaking news New

രാജ്യം പാചകവാതക വിലക്കയറ്റത്തെയും ക്ഷാമത്തെയും ഭീതിയോടെ നോക്കിക്കാണുന്ന സാഹചര്യത്തിൽ, അസമിലെ ഒരു വീട്ടുമുറ്റത്ത് നിന്നുള്ള കാഴ്ച കൗതുകവും ഒപ്പം ഭീതിയും പടർത്തുന്നു !!

ജോർഹട്ടിലെ നാ അലി ധേക്കിയജുലി കഹാർ ഗ്രാമത്തിലെ ഒരു വീട്ടുമുറ്റത്താണ് കുടിവെള്ളത്തിനായി കുഴിച്ച കുഴൽക്കിണറിൽ നിന്നും പ്രകൃതിവാതകം ലഭിച്ചത്. കഴിഞ്ഞ 14 മാസമായി യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഈ വാതകം ഉപയോഗിച്ചാണ് വീട്ടുകാർ പാചകം ചെയ്യുന്നത്.

ഏകദേശം ഒന്നര വർഷം മുൻപാണ് വീട്ടുടമസ്ഥൻ കുടിവെള്ളം തേടി മുറ്റത്ത് കുഴൽക്കിണർ നിർമ്മിച്ചത്. ആവശ്യമായ ആഴത്തിൽ എത്തിയിട്ടും വെള്ളം ലഭിച്ചില്ലെന്ന് മാത്രമല്ല, കുഴിയുടെ ഉള്ളിൽ നിന്നും അജ്ഞാത വാതകം പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. പരീക്ഷണാർത്ഥം തീ കൊളുത്തി നോക്കിയപ്പോൾ ഇത് കത്തുന്ന വാതകമാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ പരിഭ്രമം മാറ്റി വെച്ച വീട്ടുകാർ ഇത് എങ്ങനെ ഉപയോഗപ്പെടുത്താം എന്നായി ചിന്ത. പൈപ്പിന് മുകളിൽ നേരിട്ട് അടുപ്പ് കൂട്ടി പാത്രങ്ങൾ വെച്ച് ഇവർ പാചകം ആരംഭിച്ചു.

പൈപ്പിന് മുകളിൽ റെഗുലേറ്ററുകളോ മറ്റ് സുരക്ഷാ വാൽവുകളോ ഒന്നുമില്ലാതെയാണ് വാതക ഉപയോഗം. വാതകം അനാവശ്യമായി പുറത്തേക്ക് പോകാതിരിക്കാൻ പൈപ്പിന്റെ മുകൾഭാഗം ചരൽ ഉപയോഗിച്ച് അടച്ചു വെക്കുകയാണ് ഇവർ ചെയ്യുന്നത്. വീട്ടിലെ നിത്യേനയുള്ള പാചകത്തിന് പുറമെ വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം തയ്യാറാക്കാനും ഈ സൗജന്യ വാതകം ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഇത് വലിയ സാമ്പത്തിക ലാഭമാണ് തങ്ങൾക്ക് നൽകുന്നതെന്ന് കുടുംബം അവകാശപ്പെടുന്നു.

കാണാൻ ലാഭകരമെന്ന് തോന്നുമെങ്കിലും അതീവ അപകടകരമായ സാഹചര്യമാണിതെന്ന് ഭൗമശാസ്ത്രജ്ഞരും സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഭൂമിക്കടിയിൽ നിന്നുള്ള വാതകത്തിന്റെ മർദ്ദം കൃത്യമായ രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ ഏതു നിമിഷവും വൻ സ്ഫോടനം സംഭവിക്കാം. കൂടാതെ, ഈ വാതകത്തിന്റെ രാസഘടന പരിശോധിക്കാത്തതിനാൽ അതിൽ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ ശ്വസിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വീട്ടുമുറ്റത്ത് ഒരു ‘ജീവനുള്ള ടൈം ബോംബ്’ വെച്ചതിന് തുല്യമാണ് നിലവിലെ സാഹചര്യമെന്നും, ശാസ്ത്രീയമായ പരിശോധനകൾ നടത്തി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ ഈ വാതകം ഉപയോഗിക്കുന്നത് അപകടകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t