തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് എയര്‍ലൈന്‍ അധികൃതര്‍ അപ്രതീക്ഷിതമായി നിര്‍ത്തിവെച്ചത്. ഇതോടെ പെരുന്നാള്‍ അവധി കഴിഞ്ഞ് മടങ്ങാനിരുന്നവരും നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവരുമായ നൂറുകണക്കിന് പ്രവാസികള്‍ കടുത്ത പ്രതിസന്ധിയിലായി.
ഈ ദിവസങ്ങളില്‍ യാത്ര നിശ്ചയിച്ചിരുന്നവര്‍ക്ക് സര്‍വീസുകള്‍ റദ്ദാക്കിയ വിവരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കാനുള്ള വ്യക്തമായ കാരണം വെളിപ്പെടുത്താന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സി മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക തകരാറുകളോ ജീവനക്കാരുടെ കുറവോ ആണോ ഇതിന് പിന്നിലെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, യു.എ.ഇ അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂടി ഒമാന്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന സമയത്താണ് ഈ തിരിച്ചടി. ദുബായില്‍നിന്ന് ബസ് മാര്‍ഗം ഒമാനിലെത്തി കുറഞ്ഞ നിരക്കില്‍ നാട്ടിലേക്ക് പോകാന്‍ പദ്ധതിയിട്ട പ്രവാസികള്‍ക്കും ഈ തീരുമാനം വലിയ പ്രഹരമായി. വിമാനങ്ങള്‍ റദ്ദാക്കിയതോടെ മറ്റ് എയര്‍ലൈനുകള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാനും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ എയര്‍ലൈനുമായി ബന്ധപ്പെട്ട് ബദല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ഈ മാസം 29 വരെ റദ്ദാക്കി !!
Advertisement
Advertisement
Advertisement