breaking news New

പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അത് അലക്കാതെ ധരിക്കാറുണ്ടോ ? എങ്കിൽ ജാഗ്രത വേണം

ആകർഷകമായ പാക്കേജിംഗിലും തിളക്കത്തിലും ലഭിക്കുന്ന വസ്ത്രങ്ങൾ നേരിട്ട് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പുതിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് നിർബന്ധമായും കഴുകേണ്ടതിന്റെ കാരണങ്ങൾ അനവധിയാണ്...

വസ്ത്ര നിർമ്മാണ വേളയിൽ നിറം നൽകുന്നതിനായുള്ള ഡൈകൾ, തുണികൾക്ക് ഉറപ്പും തിളക്കവും നൽകാനുള്ള ഫിനിഷറുകൾ എന്നിവ വ്യാപകമായി ഉപയോഗിക്കാറുണ്ട്. തുണികളിലെ ചുളിവുകൾ ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഫോർമാൽഡിഹൈഡ് റെസിനുകൾ, സ്റ്റാർച്ച് തുടങ്ങിയ രാസവസ്തുക്കൾ വസ്ത്രങ്ങൾക്കൊപ്പം തന്നെ നമ്മുടെ ചർമ്മത്തിലേക്കും എത്താൻ സാധ്യതയുണ്ട്. ഇവ ചർമ്മത്തിൽ അലർജിക്കും ചൊറിച്ചിലിനും കാരണമാകുന്നു. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മമുള്ളവർക്കും കുട്ടികൾക്കും ഇത് വലിയ അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം.

കടകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വസ്ത്രങ്ങൾ പലരും ട്രയൽ നോക്കാറുള്ളതാണ്. ഒന്നിലധികം ആളുകൾ ധരിച്ചു നോക്കുന്നതിലൂടെ ബാക്ടീരിയകൾ, ഫംഗസ്, വൈറസുകൾ എന്നിവ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. ഇവ ദീർഘനേരം വസ്ത്രങ്ങളിൽ നിലനിൽക്കുമെന്നതിനാൽ കഴുകാതെ ഉപയോഗിക്കുന്നത് ശുചിത്വത്തിന് വിഘാതമാണ്. വസ്ത്രങ്ങൾ കഴുകുന്നത് വഴി ഇത്തരം അണുക്കളെ നീക്കം ചെയ്യാനും തുണികൾ കൂടുതൽ മൃദുവാക്കാനും സാധിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാ വസ്ത്രങ്ങളും ഇത്തരത്തിൽ കഴുകേണ്ടതില്ല എന്നതും ശ്രദ്ധേയമാണ്. ജാക്കറ്റുകൾ, സ്വെറ്ററുകൾ തുടങ്ങിയ ശരീരവുമായി നേരിട്ട് സമ്പർക്കം പുലർത്താത്ത വസ്ത്രങ്ങൾ കഴുകാതെ തന്നെ ഉപയോഗിക്കാം. കൂടാതെ ‘ഡ്രൈ ക്ലീൻ ഒൺലി’ എന്ന് രേഖപ്പെടുത്തിയ വസ്ത്രങ്ങൾ വീട്ടിൽ കഴുകുന്നത് അവയുടെ ഗുണനിലവാരം നശിപ്പിക്കാൻ കാരണമാകും.

പുതിയ വസ്ത്രങ്ങൾ കഴുകുന്നതിന് മുൻപ് അതിലെ ‘കെയർ ലേബൽ’ നിർബന്ധമായും പരിശോധിക്കണം. വസ്ത്രങ്ങൾ തണുത്ത വെള്ളത്തിൽ കഴുകുന്നതാണ് എപ്പോഴും സുരക്ഷിതം. കടുത്ത വെയിലത്ത് ഉണക്കുന്നത് വസ്ത്രങ്ങളുടെ നിറം മങ്ങാനും നൂലിഴകൾ നശിക്കാനും കാരണമായേക്കാം. അതിനാൽ തണലത്തിട്ട് ഉണക്കിയെടുക്കുന്നതാണ് ഉചിതം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t