breaking news New

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും ; സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പറഞ്ഞു കേള്‍ക്കുന്ന ഒരു വാചകമാണ് : പക്ഷെ എന്താണ് അണുബോംബിട്ടാല്‍ സംഭവിക്കുക എന്നറിയാമോ? അണുബോംബ് ഉണ്ടാക്കുന്ന ദുരന്തങ്ങളെക്കുറിച്ച് പങ്കുവെയ്‌ക്കപ്പെട്ട പോസ്റ്റ് വൈറൽ

കൊച്ചിയിലെ ബ്ലോഗറായ പ്രദീപ് എമിലി എഴുതിയപോസ്റ്റ് വായിക്കാം:

ഒരു പ്രദേശത്ത് അണുബോംബ് സ്ഫോടനം ഉണ്ടായാൽ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഭയാനകവും ദീർഘകാലം നിലനിൽക്കുന്നതുമാണ്. അത് എന്താണന്ന് നോക്കാം ...

സ്ഫോടനം നടന്ന നിമിഷം മുതൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ സംഭവിക്കുന്നത് മുകളിൽ നിന്ന് ക്രമമായി എഴുതാം ...

സൂര്യപ്രകാശത്തേക്കാൾ തീവ്രമായ പ്രകാശം കണ്ണഞ്ചിപ്പിക്കുകയും താൽക്കാലികമായോ സ്ഥിരമായോ കാഴ്ചശക്തി ഇല്ലാതാക്കുകയും ചെയ്യും. സ്ഫോടന കേന്ദ്രത്തിൽ ദശലക്ഷക്കണക്കിന് ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടും. സ്ഫോടനത്തിന്റെ പ്രഭവകേന്ദ്രത്തിന് (Hypocenter) ചുറ്റുമുള്ള മനുഷ്യരും കെട്ടിടങ്ങളും നിമിഷനേരം കൊണ്ട് ആവിയായിപ്പോകും. കിലോമീറ്ററുകൾ അകലെയുള്ളവർക്ക് മാരകമായ പൊള്ളലേൽക്കും.

വായുസമ്മർദ്ദം മൂലമുണ്ടാകുന്ന അതിശക്തമായ കാറ്റ് കെട്ടിടങ്ങളെയും മരങ്ങളെയും തകർത്തെറിയും. സ്ഫോടന കേന്ദ്രത്തിൽ നിന്നുള്ള മർദ്ദം കാരണം കോൺക്രീറ്റ് കെട്ടിടങ്ങൾ പോലും തകർന്നു വീഴും.

സ്ഫോടനത്തെത്തുടർന്ന് ഉയർന്നുപൊങ്ങുന്ന പുകയും പൊടിപടലങ്ങളും റേഡിയോ ആക്ടീവ് കണങ്ങളുമായി കലരുന്നു. ഇവ പിന്നീട് മഴയായോ പൊടിയായോ ഭൂമിയിൽ പതിക്കുന്നു. ഇത് ശ്വസിക്കുന്നതും ശരീരത്തിൽ ഏൽക്കുന്നതും മാരകമാണ്.

അമിതമായ വികിരണം ഏൽക്കുന്നവർക്ക് ഛർദ്ദി, മുടി കൊഴിച്ചിൽ, ആന്തരിക രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയും ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും.

വികിരണങ്ങൾ മനുഷ്യന്റെ ഡി.എൻ.എ (DNA) ഘടനയിൽ മാറ്റം വരുത്തും. ഇത് വരുംതലമുറകളിൽ വൈകല്യങ്ങളോടെ കുട്ടികൾ ജനിക്കാൻ കാരണമാകും. സ്ഫോടനത്തെ അതിജീവിച്ചവരിൽ ലുക്കീമിയ (രക്താര്‍ബുദം), തൈറോയ്ഡ് ക്യാൻസർ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

മണ്ണും വെള്ളവും റേഡിയോ ആക്ടീവ് വിഷാംശങ്ങളാൽ മലിനമാകും. പതിറ്റാണ്ടുകളോളം ആ സ്ഥലത്ത് കൃഷി ചെയ്യാനോ താമസിക്കാനോ കഴിയാത്ത അവസ്ഥയുണ്ടാകും.

വലിയ തോതിലുള്ള ആണവയുദ്ധം ഉണ്ടായാൽ, അന്തരീക്ഷത്തിൽ ഉയരുന്ന പുകയും ചാരവും സൂര്യപ്രകാശത്തെ തടയുകയും ഭൂമിയിലെ താപനില ക്രമാതീതമായി താഴുകയും ചെയ്യും. ഇത് മൂലം ലോകമെമ്പാടും ഉള്ള സർവ്വ സസ്സ്യങ്ങളും നശിക്കും ഒരു പുൽനാമ്പ് പോലും മുളക്കണമെങ്കിൽ കുറഞ്ഞത് 300 വർഷങ്ങൾ എങ്കിലും എടുക്കും. സസ്യങ്ങൾ വളാരത്ത ഭൂമിയിൽ ദിവസങ്ങളോളം പട്ടിണി കിടന്ന് മരിക്കാം, അങ്ങനെ ഒരവസ്ഥയിലേക്ക് എത്താൻ 200 ദിവസങ്ങൾ മതി.

രണ്ടാഴ്ച ഗ്യാസ് മുടങ്ങിയപ്പോൾ ഉണ്ടായ അവസ്ഥയുമായി ആഹാരമില്ലാത്ത അവസ്ഥയെ താരതമ്യം ചെയ്താൽ കാര്യങ്ങൾ എല്ലാം മനസ്സിലാകും, സോഷ്യൽ മീഡയകളിൽ ഇരുന്ന് പക്ഷം പിടിക്കുന്നവർ ഇതൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നന്നായിരുന്നു. ഭൂമിയിൽ അണുബോംബ് വീഴാത്ത ഇടങ്ങളിലെ മനുഷ്യർ ഭാഗ്യവാൻമാരാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t