നിലവിൽ പ്രതിമാസം 2.5 ലക്ഷം രൂപ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, താൻ ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് 15,000 രൂപ വരുമാനമുണ്ടായിരുന്ന കാലത്താണെന്ന് സാക്ഷി എന്ന യുവതി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മറ്റുള്ളവരുമായുള്ള താരതമ്യമാണ് ജീവിതത്തിൽ അസംതൃപ്തി ഉണ്ടാക്കുന്നതെന്ന് ഇവർ പറയുന്നു.
തന്റെ കരിയറിന്റെ തുടക്കത്തിൽ 15,000 രൂപ ലഭിക്കുമ്പോൾ താൻ അതീവ സംതൃപ്തയായിരുന്നുവെന്ന് സാക്ഷി പറയുന്നു. എന്നാൽ ശമ്പളം 1.5 ലക്ഷത്തിലേക്കും പിന്നീട് 2.5 ലക്ഷത്തിലേക്കും ഉയർന്നപ്പോൾ സന്തോഷം കുറഞ്ഞു. ഇത് പണം കുറവായതുകൊണ്ടല്ല, മറിച്ച് സഹപ്രവർത്തകരുമായും സുഹൃത്തുക്കളുമായും തന്റെ ജീവിതത്തെ താരതമ്യം ചെയ്യാൻ തുടങ്ങിയതുകൊണ്ടാണെന്ന് ഇവർ വ്യക്തമാക്കുന്നു. 2.5 ലക്ഷം രൂപ കിട്ടുമ്പോഴും തന്നെക്കാൾ കൂടുതൽ സമ്പാദിക്കുന്നവരെ കാണുമ്പോൾ തന്റെ വരുമാനം കുറവാണെന്ന തോന്നൽ ഉണ്ടായതായും ഇവർ കൂട്ടിച്ചേർത്തു.
ജോലി രാജിവെച്ച് കുറച്ചുനാൾ ശമ്പളമില്ലാതിരുന്ന ഘട്ടത്തിലാണ് യഥാർത്ഥ സന്തോഷം വരുമാനത്തിലല്ല, മറിച്ച് നാം ഇഷ്ടപ്പെടുന്ന ജോലി ചെയ്യുന്നതിലാണെന്ന് താൻ തിരിച്ചറിഞ്ഞതെന്ന് സാക്ഷി പറയുന്നു. “താരതമ്യം ചെയ്യുമ്പോഴാണ് അസംതൃപ്തി ഉണ്ടാകുന്നത്. ഇപ്പോൾ ഞാൻ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യുന്നു,” സാക്ഷി കുറിച്ചു.
സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിയൊരുക്കിയത്. “ലക്ഷ്യബോധത്തിൽ നിന്നാണ് സംതൃപ്തി ഉണ്ടാകുന്നത്, ശമ്പളത്തിൽ നിന്നല്ല” എന്ന് പലരും കമന്റ് ചെയ്തു. സമാനമായ അനുഭവം പങ്കുവെച്ച് ദുബായിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്ന സീമ പുരോഹിത് എന്ന യുവതിയുടെ വീഡിയോയും നേരത്തെ വൈറലായിരുന്നു. കോർപ്പറേറ്റ് ലോകത്തെ മത്സരയോട്ടത്തിനിടയിൽ പലർക്കും സ്വന്തം സമാധാനം നഷ്ടപ്പെടുന്നുവെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ പോസ്റ്റുകൾ വിരൽ ചൂണ്ടുന്നത്.
ഉയർന്ന ശമ്പളം ജീവിതത്തിൽ കൂടുതൽ സന്തോഷം നൽകുമെന്ന് കരുതുന്നവർക്കിടയിൽ ചർച്ചയായി ഒരു യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്
Advertisement
Advertisement
Advertisement