breaking news New

ഗുജറാത്തിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഹോട്ടലിലേക്ക് എത്തിക്കാനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി

അഹമ്മദാബാദിലെ വാസ്ന സ്വദേശികളായ മൂന്ന് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പരിചിതനായ ഒരാൾ അധികൃതരെ വിവരമറിയിച്ചതോടെയാണ് വൻ ചതിക്കുഴി ഒഴിവായത്.

അമീർ അലി ഷെയ്ഖ്, മുഹമ്മദ് സിറാജ് സൽമാനി, അൽതാബ് അലി അൻസാരി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കേസിലെ നാലാം പ്രതിയായ അരവിന്ദ് ചൗഹാനായി പോലീസ് തിരച്ചിൽ തുടരുകയാണ്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരവും വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയും കേസെടുത്തിട്ടുണ്ട്.

പെൺകുട്ടികൾക്ക് പ്രായപൂർത്തിയായെന്ന് കാണിക്കുന്നതിനായി 'ഹോണസ്റ്റ' എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പ്രതികൾ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചത്. ഹോട്ടലുകളിൽ മുറിയെടുക്കുന്നതിനായി പെൺകുട്ടികളുടെ പ്രായം കൂട്ടി കാണിക്കുകയും ചില രേഖകളിൽ സമുദായം മാറ്റുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളും പെൺകുട്ടികളും ഒരേ പ്രദേശത്തുകാരാണെന്നും കഴിഞ്ഞ ഒന്നര വർഷമായി ഇവർ തമ്മിൽ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു.

ഈ കാലയളവിൽ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മലവ് തലാബ്, പരിമൾ ഗാർഡൻ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും പരാതിയുണ്ട്. പ്രതികൾ പെൺകുട്ടികളുമായി ദീർഘകാലമായി ബന്ധം പുലർത്തിയിരുന്നതായും അവരുടെ പദ്ധതികൾ നടപ്പിലാക്കാൻ വ്യാജരേഖകൾ ഉപയോഗിച്ചതായും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമാനമായ രീതിയിൽ കൂടുതൽ പേർ ഈ സംഘത്തിന്റെ കെണിയിൽ പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t