കർണാടകയിലെ ധാർവാഡ് ജില്ലയിലാണ് മണാലിയെയും കാശ്മീരിനെയും അനുസ്മരിപ്പിക്കുന്ന രീതിയിൽ അതിശക്തമായ ആലിപ്പഴ വർഷമുണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ ഗ്രാമപ്രദേശങ്ങളും റോഡുകളും വെളുത്ത മഞ്ഞുപാളികൾ കൊണ്ട് മൂടിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ധാർവാഡ് ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം വലിയ തോതിൽ ആലിപ്പഴം പതിച്ചു. റോഡുകളിലും വീട്ടുമുറ്റങ്ങളിലും മഞ്ഞുകട്ടകൾ കുന്നുകൂടിക്കിടക്കുന്ന കാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്. "മഞ്ഞ് കാണാൻ ഇനി മണാലിക്ക് വണ്ടി കയറണ്ട, കർണാടകയിലേക്ക് വന്നാൽ മതി" എന്ന തരത്തിലുള്ള കുറിപ്പുകളോടെയാണ് വീഡിയോകൾ പ്രചരിക്കുന്നത്.
തലസ്ഥാന നഗരിയായ ബംഗളൂരുവിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മജസ്റ്റിക്, ശാന്തിനഗർ, ജയനഗർ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത് ചൂടിന് വലിയ ശമനമുണ്ടാക്കി.
വേനൽമഴ ആശ്വാസമായെങ്കിലും പലയിടങ്ങളിലും ആലിപ്പഴ വർഷം കൃഷിനാശത്തിന് കാരണമായിട്ടുണ്ട്. ചാമരാജ് നഗർ ഉൾപ്പെടെയുള്ള ജില്ലകളിൽ തെങ്ങ്, കവുങ്ങ് കൃഷികൾക്കും പച്ചക്കറി തോട്ടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി റെക്കോർഡ് ചൂട് രേഖപ്പെടുത്തിയ കർണാടകയിൽ പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.