breaking news New

തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി !!

1,300ഓളം നായ്ക്കളെയാണ് മൂന്നര മാസങ്ങള്‍ക്കിടെ വിഷം കൊടുത്ത് കൊന്നത്. തെരുവുനായ ശല്യം പരിഹരിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായാണ് തദ്ദേശ പ്രതിനിധികളുടെ നേതൃത്വത്തില്‍ നായ്ക്കളെ കൂട്ടത്തോടെ കൊല്ലാന്‍ ആരംഭിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് കൂട്ടക്കൊല ആരംഭിച്ചത്. ഇത് പുതിയ വര്‍ഷം പിറന്നപ്പോഴും തുടരുകയായിരുന്നു. ജഗ്തിയല്‍, കാമറെഡ്ഢി, മഞ്ചെരിയല്‍, ഹനംകോണ്ട തുടങ്ങി പല ജില്ലകളിലും ഇത് നടന്നതായാണ് വിവരം.

2026 ജനുവരിയില്‍ മാത്രം 900 മുതല്‍ 1000 വരെ നായ്ക്കളെ കൊന്നതായി ആക്ടിവിസ്റ്റുകള്‍ പറയുന്നു. മാര്‍ച്ച് പകുതിയാവുമ്പോഴേക്കും എണ്ണം 1,300ല്‍ എത്തി. കിഷ്താപുര്‍ ഗ്രാമത്തില്‍ 100 നായ്ക്കളെ വിഷം കൊടുത്തു കൊന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

നായ്ക്കളുടെ ശവങ്ങള്‍ കൂട്ടമായി കുഴിച്ചിടുകയാണ് ചെയ്തുവന്നിരുന്നത്. ജഗ്തിയലില്‍ ഒരു കുഴിയില്‍ നിന്ന് മാത്രം 300 നായ്ക്കളുടെ ശവങ്ങള്‍ കണ്ടെത്തി. സ്‌ട്രേ ആനിമല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എ ഗൗതം ഉള്‍പ്പെടെയുള്ള മൃഗക്ഷേമ ആക്ടിവിസ്റ്റുകള്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അനവധി വില്ലേജ് അധികൃതര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കൂലിക്കെടുത്ത ആളുകള്‍ക്കുമെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിത, 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്ത സംഭവം അനധികൃതവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് സംസ്ഥാന മന്ത്രി ധനസരി അനസൂയ സീതക്ക പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t