breaking news New

നിക്ഷേപത്തട്ടിപ്പ് നടത്തി അറസ്റ്റിലായതും അല്ലാത്തതുമായ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളെ ലക്ഷ്യമിട്ട് മുന്‍പ് നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതികളായ സഹോദരങ്ങള്‍ രംഗത്ത് !!

വിവാദമായ നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു അടക്കം ഇവരുടെ വലയില്‍ വീണുവെന്ന വിവരം ആണ് ഇപ്പോൾ പുറത്തുവരുന്നത്. പത്തനംതിട്ട ജില്ലയിലെ തടിയൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫിനാന്‍സ് സ്ഥാപന ഉടമ ഇവരുടെ വലയില്‍ വീണ് പണം നഷ്ട്ടമായതിനെ തുടര്‍ന്ന് ഡിജിപിക്ക് പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല.

2010ല്‍ കല്ലമ്പലം പോലീസ് ഇവര്‍ക്കെതിരെ വഞ്ചനകേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ നടത്തിയ തട്ടിപ്പില്‍ അകപ്പെട്ട യുവാക്കള്‍ അവിടെ ജയിലില്‍ ആയിരുന്നു. ഇവര്‍ നാട്ടില്‍ മടങ്ങിയെത്തി നല്‍കിയ പരാതിപ്രകാരമാണ് കേസ് എടുത്തത്. പക്ഷെ ആ കേസില്‍ തുടര്‍ നടപടി ഉണ്ടായില്ല. ഇവര്‍ ചുരുങ്ങിയ കാലം കൊണ്ട് ഉന്നതങ്ങളില്‍ സ്വാധീനം നേടി. അറിയപ്പെടുന്ന പവര്‍ ബ്രോക്കേഴ്‌സ് ആയി ഇവര്‍ മാറി. തുടര്‍ന്ന് ചെന്നൈ കേന്ദ്രമായി ഒരു കടലാസു കമ്പനി തട്ടിക്കൂട്ടി ഇതിന്റെ മറവിലായി തട്ടിപ്പ്.

ഇതിനിടെയാണ് ഫിനാന്‍സ് സ്ഥാപനം പൊളിഞ്ഞ് ജയിലില്‍ ആയ നെടുംപറമ്പില്‍ ഉടമ എന്‍.എം രാജു ഇവരുടെ വലയില്‍ വീണത്. മുന്നൂറോളം കേസുകളാണ് രാജുവിനെതിരെ ഉണ്ടായിരുന്നത്. ഇതില്‍ പല കേസുകളിലും രാജുവിന്റെ ഭൂമി അറ്റാച്ച് ചെയ്തിരുന്നു. ഇതെല്ലാം താല്‍ക്കാലിക അറ്റാച്ച്‌മെന്റുകളായിരുന്നു. 30 ദിവസത്തിനകം ഇത്തരം അറ്റാച്ച്‌മെന്റുകള്‍ ബന്ധപ്പെട്ട അധികാരി കണ്‍ഫേം ചെയ്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിച്ചു റിലീസ് ചെയ്യാം. ഇങ്ങനെ റിലീസ് ചെയ്ത വസ്തുവകകള്‍ വിറ്റുവെന്നാണ് വിവരം. രാജു ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള തിരുവല്ലയിലെ തുണിക്കടയിലെ ആറു കോടിയോളം വരുന്ന സ്റ്റോക്കും ഇവര്‍ വിറ്റുവെന്നും പറയുന്നു.

രാജുവും ഇവരും മറ്റുചിലരും ചേര്‍ന്ന് ഒരു സിണ്ടിക്കേറ്റ് രൂപം കൊണ്ടിരുന്നു. അതിന് ശേഷമാണ് സഹോദരങ്ങള്‍ തടിയൂരിലെ സ്വകാര്യ സ്ഥാപന ഉടമയെ വലയില്‍ വീഴ്ത്തി കോടികള്‍ തട്ടിയത്. പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണി മുഴക്കിയെന്നും പറയുന്നു. ഭീഷണി വകവെക്കാതെ ഉടമ ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും തട്ടിപ്പ് സഹോദരങ്ങളുടെ ഉന്നത ബന്ധം മൂലം അന്വേഷണം മരവിച്ചിരിക്കുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t