breaking news New

ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം തുടരുന്നു ; സമരം കൊടുമ്പിരി കൊള്ളുമ്പോഴും ചില വന്‍കിട സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ മുഖം തിരിക്കുന്നു : പുതിയതായി നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി : ശമ്പള വര്‍ധനവ് നടപ്പാക്കും

അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി.

പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരുമല ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. നഴ്സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച ധാരണാപത്രം ആശുപത്രി സിഇഒ ഫാദര്‍ എം സി പൗലോസ് സീനിയര്‍ നഴ്‌സിംഗ് സ്റ്റാഫ് പ്രതിനിധികളായ സുജിത്ത് കെ ജോര്‍ജ്, സാം കെ മാത്യു എന്നിവര്‍ക്ക് കൈമാറി.

സമരക്കാരോട് അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിച്ച ആശുപത്രി അധികൃതര്‍ക്ക് നന്ദി അറിയിച്ചു യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷായും രംഗത്തുവന്നു.

"നന്ദി ബാവാ തിരുമേനി... ഞങ്ങളെ ചേര്‍ത്ത് പിടിച്ചതിന്, മനുഷ്യത്വത്തിന്റെ ആള്‍രൂപമായതിന്... നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന്... അങ്ങയുടെ കീഴിലുള്ള രണ്ട് ആശുപത്രികളിലും സ്‌നേഹത്തോടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിന്... യുഎന്‍എ കുടുംബത്തിന്റെ ഹൃദയാഭിവാദ്യങ്ങള്‍.. " ജാസ്മിന്‍ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ സമരത്തിലാണ്. അതേസമയം, സമരത്തെ തുടര്‍ന്ന് ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് യുഎന്‍എ നിലപാട്. ആസ്മ രോഗികളെ നോക്കുന്നവരെ എസ്മ എന്നു പറഞ്ഞു പേടിപ്പിക്കരുതെന്നും രോഗികളുടെ ജീവന്‍ വെച്ചു പന്താടുന്നത് ആശുപത്രി മാനേജ്‌മെന്റുകളാണെന്നും യുഎന്‍എ വ്യക്തമാക്കി. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം.

അതേസമയം മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വര്‍ധിപ്പിച്ച കരട് വിജ്ഞാപനം നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അംഗീകരിച്ചിരുന്നില്ല. സര്‍ക്കാര്‍ നിശ്ചയിച്ച വേതനത്തേക്കാള്‍ കൂടുതല്‍ തുക മാനേജ്‌മെന്റ് നല്‍കാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിന്‍വലിച്ചത്. സമരം തുടരുന്ന ആശുപത്രി മാനേജ്‌മെന്റുകളുമായി ഇന്ന് ചര്‍ച്ച തുടരും.

നഴ്‌സുമാരുടെ സമരം തുടരവേ പല ആശുപത്രികളും വാര്‍ഡുകളിലുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. കിടത്തിച്ചികിത്സയ്ക്കായി രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അടിയന്തര ചികിത്സാവിഭാഗങ്ങള്‍ മാത്രമാണ് മിക്ക ആശുപത്രികളിലും പ്രവര്‍ത്തിക്കുന്നത്. അവിടെയും ഏതാനും നഴ്‌സുമാര്‍മാത്രമാണ് ഡ്യൂട്ടിക്കുള്ളത്. ആശുപത്രികളില്‍ ഒ.പി. തടസ്സമില്ലാതെ പ്രവര്‍ത്തിച്ചെങ്കിലും ചികിത്സയ്ക്കെത്തിയവര്‍ കുറവായിരുന്നു. നഴ്‌സുമാര്‍ ചെയ്തിരുന്ന ചില സേവനങ്ങള്‍ ഡോക്ടര്‍മാര്‍ തന്നെ ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t