നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മാര്‍ച്ച് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക വ്യോമപാതകള്‍ വഴിയാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രത്യേക അനുമതി പ്രകാരമാണ് ഈ നടപടി.
മാര്‍ച്ച് 9-ന് ദോഹയില്‍ നിന്നും സിയോള്‍, മോസ്‌കോ, ലണ്ടന്‍ ഹീത്രോ, ന്യൂഡല്‍ഹി, മാഡ്രിഡ്, ഇസ്ലാമാബാദ്, ബീജിംഗ്, പെര്‍ത്ത്, നെയ്റോബി എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. മാര്‍ച്ച് 10-ന് ദോഹയില്‍ നിന്നും കൊച്ചി, മുംബൈ, ന്യൂഡല്‍ഹി, കെയ്റോ, ലണ്ടന്‍ ഹീത്രോ, ജിദ്ദ, മനില, മസ്‌കറ്റ്, ഇസ്താംബുള്‍, നെയ്റോബി, ഇസ്ലാമാബാദ്, മാഡ്രിഡ്, ഫ്രാങ്ക്ഫര്‍ട്ട്, കൊളംബോ, മിലാന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തും. തിരികെ ദോഹയിലേക്കുള്ള ഈ വിമാനങ്ങളുടെ സര്‍വീസുകള്‍ ഒരു ദിവസം കഴിഞ്ഞ് മാര്‍ച്ച് 10, 11 തീയതികളില്‍ ആയിരിക്കും.
നിലവിലെ വിമാന സര്‍വീസുകളിലെ തടസ്സം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനും, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കഴിയുന്നത്ര വേഗത്തിലും സുരക്ഷിതമായും ഒത്തുചേരാന്‍ അവരെ സഹായിക്കുന്നതിനുമായാണ് പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നതെന്ന് ഖത്തര്‍ എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി. സാധാരണ വാണിജ്യ സര്‍വീസുകള്‍ പൂര്‍ണ്ണമായി പുനരാരംഭിച്ചിട്ടില്ലെന്നും, നിലവില്‍ പ്രഖ്യാപിച്ച വിമാനങ്ങള്‍ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ളതാണെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കിയിട്ടുണ്ട്.
ഈ വിമാനങ്ങളില്‍ ടിക്കറ്റുകള്‍ ഉറപ്പാക്കിയവര്‍ മാത്രം വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. യാത്രക്കാര്‍ക്ക് അവരുടെ യാത്ര മാറ്റിവെക്കാനോ (14 ദിവസത്തിനുള്ളില്‍) അല്ലെങ്കില്‍ ടിക്കറ്റ് തുക തിരികെ വാങ്ങാനോ അവസരമുണ്ടായിരിക്കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
അമേരിക്ക, ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലായ പശ്ചിമേഷ്യന്‍ മേഖലയിൽ വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് ഭാഗികമായി പുനരാരംഭിച്ചു
Advertisement
Advertisement
Advertisement