തൃശൂരില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും (UNA) ആശുപത്രി മാനേജ്മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ വന്‍ ശമ്പള വര്‍ദ്ധനവിന് ധാരണയായി. ഇതോടെ തൃശൂരിലെ പ്രധാന ആശുപത്രികളില്‍ സമരം പിന്‍വലിച്ച് നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കും.
തൃശൂര്‍ എലൈറ്റ് ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ 7 പ്രമുഖ ആശുപത്രികളാണ് യുഎന്‍എ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചത്.
സണ്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രി
ദയ ആശുപത്രി
എലൈറ്റ് മിഷന്‍ ആശുപത്രി
മദര്‍ ആശുപത്രി
കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS)
വലിയത്ത് കിംസ് (കരുനാഗപ്പള്ളി)
അവൈറ്റിസ് ആശുപത്രി (പാലക്കാട്)
നഴ്സിങ് മേഖലയിലെ കാലഹരണപ്പെട്ട 'ട്രെയിനിംഗ് സമ്പ്രദായം' പൂര്‍ണ്ണമായും അവസാനിപ്പിച്ചു. ഇനി മുതല്‍ നഴ്സുമാരെ ട്രെയിനികളായി നിര്‍ത്തി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യിപ്പിക്കില്ല. തുടക്കക്കാരായ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 32,700 രൂപയായി വര്‍ദ്ധിപ്പിച്ചു. നിലവില്‍ ട്രെയിനികളായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും അവര്‍ക്ക് ഈ ശമ്പളം നല്‍കാനും തീരുമാനമായി.
നിലവില്‍ 40,000 രൂപയോളം ഗ്രോസ് സാലറി വാങ്ങുന്ന തൃശൂരിലെ നഴ്സുമാര്‍ക്ക് 8,000 മുതല്‍ 12,000 രൂപ വരെ അധികമായി ലഭിക്കും. ഇതോടെ പല നഴ്സുമാരുടെയും ശമ്പളം 50,000 - 60,000 രൂപയിലേക്ക് ഉയരും. പുതിയ ശമ്പള പരിഷ്‌കരണം ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരും.
ചെറുകിട ആശുപത്രികള്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായപ്പോള്‍, വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികള്‍ ഇപ്പോഴും വിമുഖത കാട്ടുകയാണെന്ന് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു.
തിരുവനന്തപുരത്തെ അനന്തപുരി, എസ്.കെ ആശുപത്രികള്‍, കോട്ടയം കാരിത്താസ് എന്നിവിടങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ്, ഫാത്തിമ, മലബാര്‍ ആശുപത്രികളുമായി വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.
40,000 രൂപ അടിസ്ഥാന ശമ്പളം നല്‍കാത്ത ആശുപത്രികള്‍ക്കെതിരെ മാര്‍ച്ച് 9 മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള സമ്പൂര്‍ണ്ണ പണിമുടക്ക് തുടരുമെന്ന് യുഎന്‍എ വ്യക്തമാക്കി. സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം മാനേജ്മെന്റുകളെ സഹായിക്കുന്നതാണെന്നും വെറും 3,000 രൂപയുടെ വര്‍ദ്ധനവ് കൊണ്ട് കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
നഴ്സുമാരുടെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിന് തൃശൂരിലെ ചര്‍ച്ച വലിയ ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. നഴ്സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിയോഗിക്കുന്ന മാനേജ്മെന്റുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ബാലന്‍സ് ഷീറ്റ് പുറത്തുവിടാന്‍ ആശുപത്രികള്‍ തയ്യാറാകണമെന്നും യുഎന്‍എ ആവശ്യപ്പെടുന്നു. സമരം വിജയത്തിലേക്ക് നീങ്ങുന്നു എന്ന ശുഭപ്രതീക്ഷയിലാണ് നഴ്സിങ് സമൂഹം.
സ്വകാര്യ നഴ്സുമാരുടെ സമരപോരാട്ടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് : സമ്പൂര്‍ണ്ണ പണിമുടക്കിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, തൃശൂരില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും ആശുപത്രി മാനേജ്മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ശമ്പള വർദ്ധനവിന് ധാരണ
Advertisement
Advertisement
Advertisement