breaking news New

"ഈ നാട്ടിൽ കാക്കത്തൊള്ളായിരം കാക്കകൾ ഉണ്ടെങ്കിലും ഇലക്ട്രിക് കമ്പിയിൽ നിന്ന് ഷോക്കേറ്റ് ചാവുന്നതല്ലാതെ വയസ്സായ കാക്കകൾ ഒക്കെ എവിടെ പോയി ചാവുന്നു ? സിനിമാ ഡയലോഗ് ആണ് , എന്നാലും യാഥാർത്ഥ്യമെന്ത് ? നോക്കാം ...

ഷോക്കേറ്റോ, അപകടത്തില്‍ പെട്ടോ കാക്കകൾ ചത്തു കിടക്കുന്നത് കാണാറുണ്ടെങ്കിലും കാക്കളുടെ സ്വാഭാവിക മരണം മനുഷ്യര്‍ കാണുന്നത് അത്യപൂര്‍വ്വമായിട്ടായിരിക്കും.

ശാരീരികമായി ദുര്‍ബലരാകുമ്പോള്‍ കാക്കകള്‍ ഒളിച്ചിരിക്കുന്നതിനാലാണ് അവയുടെ മരണം സാധാരണക്കാരുടെ ദൃഷ്ടിയില്‍ പെടാതെ പോകുന്നത്. കാക്കകൾ എന്നല്ല, ഒട്ടുമിക്ക പക്ഷികളും വന്യജീവികളും മരണം ആസന്നമെന്ന തിരിച്ചറിവ് ഉണ്ടായാല്‍ ഇങ്ങനെ ഒളിച്ചിരിക്കാറാണ് പതിവ്.

പ്രതിരോധം അസാധ്യമായ സാഹചര്യത്തില്‍ മറ്റു ജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാനാണ് ഇവ ഇങ്ങനെ ചെയ്യുന്നത്. ഇതിന് കാരണം അവയുടെ മരണ ഭീതിയല്ല മറിച്ച്, അതിജീവന തൃഷ്ണയാണ്. ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കീറപ്പെടുന്നതിനെക്കാളും ഉപവസിച്ചു മരിക്കാനാണല്ലോ ഒരു പരിധിവരെ മനുഷ്യരും ആഗ്രഹിക്കുക.

മിക്ക സസ്തനികളും കരയിലുള്ള മറ്റു മൃഗങ്ങളും ദിവസങ്ങളോ, ആഴ്ചകളോ ഇങ്ങനെ പട്ടിണി കിടന്ന് മരിക്കാറാണ് പതിവ്. പ്രത്യേക വാസസ്ഥാനങ്ങളില്ലാത്ത മൃഗങ്ങള്‍ പൊന്തകളിലും വള്ളിക്കുടിലുകളിലും മറഞ്ഞിരുന്നു മരിക്കും. കൂടുണ്ടാക്കുന്ന ജീവികള്‍ അവയ്‌ക്കകത്ത് ഒളിച്ചിരുന്നാണ് മരിക്കുക. മരണം എന്ന ബോധ്യത്തിലല്ല മിക്ക ജീവികളും ഇങ്ങനെ ചെയ്യുന്നത്. ദുര്‍ബലമായ സ്ഥിതിയില്‍ അവ ശരീരമനക്കാതെ ഊര്‍ജ നഷ്ടം കുറയ്‌ക്കാനും മറ്റ് ജീവികളില്‍ നിന്ന് രക്ഷ നേടാനുമാണ് സ്വയം ഒളിക്കുന്നതെന്നതാണ് വസ്തുത.

പക്ഷികളുടെ ഇടയില്‍ കുറേക്കൂടി വിചിത്രമാണ് കാര്യങ്ങള്‍. അവയ്‌ക്ക് മറ്റു ജീവികളേക്കാള്‍ ഒളിക്കാനും അവരുടെ ദുര്‍ബലത ‘ഒളിപ്പിക്കാനുമുള്ള’ പ്രവണത കൂടുതലാണ്. ഇതിനു പക്ഷേ അവയുടെ ദൈനംദിന പ്രവര്‍ത്തനവുമായാണ് കൂടുതല്‍ ബന്ധം. 24 മണിക്കുറും അതിവേഗം പ്രവര്‍ത്തിക്കുന്ന അതിശേഷിയുള്ള യന്ത്രം പോലെയാണ് പക്ഷികളുടെ മെറ്റബോളിസം. പക്ഷികള്‍ തളര്‍ന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സാവധാനമാവുകയല്ല, മറിച്ചു മൊത്തത്തില്‍ തകരുകയാണ് ചെയ്യുക. കൂടാതെ അവ മറ്റു ജീവികളുടെ ഇരകളാണെന്നതിനാല്‍ ഇങ്ങനെ ഒളിക്കാനും തങ്ങളുടെ ശാരീരികമായ ദുര്‍ബലതകള്‍ കഴിയുന്നത്ര മറച്ചു വെക്കാനും ശ്രമിക്കും. ‘പ്രിസര്‍വേഷന്‍ റിഫ്‌ലെക്‌സ് ‘ എന്നാണ് ഇതിനു പറയുന്നത്.

കാക്കയ്‌ക്കോ മറ്റു പക്ഷികള്‍ക്കോ രോഗബാധയുണ്ടായലോ ശാരീരികമായി ക്ഷീണിച്ചാലോ അവ തുറസിടങ്ങളിലോ കൂട്ടിലോ ആകാശത്തോ തുടരില്ല. പകരം ഭൂമിയിലിറങ്ങി ഒരു ‘ഒളിസ്ഥലം’ കണ്ടെത്തുകയാണ് ചെയ്യുക. ഇടതൂര്‍ന്ന പൊന്തകളിലോ, ഉയരമുള്ള പുല്ലുകള്‍ക്കിടിയിലോ, മരങ്ങളുടെ ആഴമുള്ള പൊത്തുകളിലോ, നഗരത്തിലാണെങ്കില്‍ അഴുക്കുചാല്‍ കുഴലുകളിലോ, കെട്ടിട വിടവുകളിലോ ഒളിസ്ഥലം കണ്ടെത്തും. പക്ഷികള്‍ക്ക് ഉയര്‍ന്ന ശാരീരിക താപനിലയാണുള്ളത്. അതു നിലനിര്‍ത്താന്‍ വന്‍തോതില്‍ ഊര്‍ജം ആവശ്യമാണ്. ഊര്‍ജത്തിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കാനാണ് ഇവ ഒളിച്ചിരിക്കുന്നത്. മറ്റു ജീവികളില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ പറക്കുകയും അതിന് വന്‍തോതില്‍ ഊര്‍ജം ഉപയോഗിക്കുകയും വേണം. ക്ഷീണിച്ച പക്ഷികളുടെ ഹൃദയത്തിന് അത്ര വലിയ ശ്രമം താങ്ങാനാകില്ല.

ഇത്തരം സന്ദര്‍ഭങ്ങളില്‍ കാക്ക ഉള്‍പ്പെടെയുള്ള പക്ഷികള്‍ വിചിത്രമായി പെരുമാറുന്നതും കാണാം. അവ തൂവലുകള്‍ വിടര്‍ത്തി പിടിച്ച് ഒരു പന്തു പോലെ ശരീരം ഒതുക്കി നിശ്ചലമായി തുടരും. ശരീരതാപം കൂടുതല്‍ നേരം നിലനിര്‍ത്താനാണിത്. ഒളിക്കുന്ന കാര്യത്തില്‍ ഇവയ്‌ക്കു സമര്‍ത്ഥ്യമേറുന്നതിനാല്‍ നമ്മള്‍ അടുത്തുകൂടെ പോയാലും ആ പക്ഷി നമ്മുടെ ശ്രദ്ധയില്‍ പെടണമെന്നില്ല.

ആ സ്ഥിതിയില്‍ ഇരുന്ന് അവ ചത്തുപോവുകയാണ് ചെയ്യുക. ഇങ്ങനെയല്ലാതെ പറന്നു പോകുമ്പോള്‍ പക്ഷികള്‍ വീണു മരിക്കുന്നത് അപൂര്‍വ്വമാണ്. പറക്കുന്നതിന് വലിയതോതില്‍ ഊര്‍ജം ആവശ്യമാണ്.

ശാരീരികമായി ക്ഷീണിച്ചിരിക്കുന്ന പക്ഷികള്‍ പറക്കല്‍ നിര്‍ത്തി ഭൂമിയില്‍ അഭയം തേടും. ആകാശത്തു നിന്ന് വീണ് മരിക്കുന്നവ മറ്റെന്തെങ്കിലും തട്ടിയിട്ടോ, ഷോക്കേറ്റോ, മറ്റ് പക്ഷികളുടെ ആക്രമണത്തിലോ ആണ് മരിച്ചു വീഴുക.

തുറസിടങ്ങളില്‍ ചത്തുവീഴുന്ന പക്ഷികളുടെ ജഡം പെട്ടന്നു തന്നെ അപ്രത്യക്ഷമാകും എന്നതും ഒരു പ്രകൃതി പ്രതിഭാസമാണ്. പരിസരത്തുള്ള ഉറുമ്പുകളടക്കം ശവം തീനികളുടെ പരിശ്രമവും പക്ഷികളുടെ ശരീരഘടനയുമാണ് ഇവയുടെ ജഡം പെട്ടന്ന് അപ്രത്യക്ഷമാക്കുക. തൂവലും പൊള്ളയായ എല്ലുകളും കഴിഞ്ഞാല്‍ ഒരല്പം മാംസമേ പക്ഷികള്‍ക്കുള്ളൂ. അത് പെട്ടന്നുതന്നെ ജീവികള്‍ തിന്നുതീര്‍ക്കും. തൂവലുകള്‍ പറന്നു പോകും. എല്ലടക്കം മറ്റുജീവികള്‍ തിന്നുന്നതിനാല്‍ അവശിഷ്ടമൊന്നും ബാക്കിയുണ്ടാകില്ല. ചെറിയ പക്ഷികളുടെ ജഡം 24 മണിക്കൂറിനുള്ളിലും കാക്കയുടെ ജഡം കുറച്ചു ദിവസങ്ങള്‍ക്കുള്ളിലും ഇന്ദ്രജാലത്തിലെന്നപോലെ അപ്രത്യക്ഷമാകുന്നത് ഇങ്ങനെയാണ്.

ഒളിച്ചിരിക്കുന്ന പക്ഷി പനി പിടിച്ച പോലെ തൂവലുകള്‍ വീര്‍പ്പിച്ച് ഗോളാകൃതിയിലാവും ഇരിക്കുക. അടുത്തു ചെന്നാലും അനങ്ങില്ല. മരക്കൊമ്പിന് പകരം ഒരു മൂലയിലോ
പൊന്തയ്‌ക്കടിയിലോ ആവും ഇവ ഇരിക്കുക.

മറ്റെല്ലാ പക്ഷികളേയും പോലെ കാക്കകളും ഇതേ സ്വഭാവം പ്രകടിപ്പിക്കുന്നു. ക്ഷീണിതരായാല്‍ തൂവലൊക്കെ എടുത്ത് പിടിച്ച് പന്തുപോലെ ഉരുണ്ടുമാറി ഏതെങ്കിലും പൊന്തയ്‌ക്കടിയാലോ, വേലിക്കടിയിലോ കാക്കള്‍ ഒളിച്ചിരിക്കും. എന്നാല്‍ കാക്കകളിലെ ഒരു സവിശേഷത, ഒരു കാക്കയെ ഈ അവസ്ഥയില്‍ മറ്റു കാക്കകള്‍ കണ്ടാല്‍ അവ ആ കാക്കയ്‌ക്ക് സഹായത്തിനായി പരിസരത്തുള്ള മരങ്ങളില്‍ തങ്ങുമെന്നതാണ്. ആസന്നമൃത്യുവായ കാക്കയ്‌ക്ക് അടുത്തേക്ക് ആരെങ്കിലും അറിയാതെ ചെന്നാല്‍ മറ്റ് കാക്കകള്‍ ആക്രോശിച്ചു വട്ടമിട്ടു പറക്കാന്‍ തുടങ്ങും.

ചിലപ്പോള്‍ കാക്കകള്‍ മണ്ണില്‍ ചിറകുവിരുത്തി ചത്തപോലെ കിടക്കും. എന്നാല്‍ അവ ചത്തുപോയി എന്നു കരുതരുത്. ഇത് അവയുടെ ഉറുമ്പ് ചികിത്സയാണ്. ചില ഉറുമ്പിന്‍ പുറ്റുകളില്‍ പോയി അവ ഇങ്ങനെ കിടക്കുന്നത്, പേന്‍, ഉപദ്രവകാരികളായ ചെറുജീവികള്‍ എന്നിവയെ കൊല്ലാനാണ്. ഉറമ്പുകള്‍ കാക്കകളുടെ ദേഹത്തുട സഞ്ചരിക്കുമ്പോള്‍ അവ തളിക്കുന്ന ഫോമിക്ക് ആസിഡ് കാക്കയുടെ ദേഹത്തു പുരണ്ട് പേനുള്‍പ്പെടെയുള്ള ചെറുജീവികളെ നശിപ്പിക്കുകയാണ് ചെയ്യുക.

കാക്കകള്‍ ഇതര പക്ഷികളെ പോലെ ഒളിച്ചിരുന്നാണ് മരിക്കുന്നതെങ്കിലും ബുദ്ധിയുള്ള പക്ഷികളായതിനാല്‍ ചത്ത കാക്കയെ മറ്റുള്ളവ ചുറ്റിപ്പറ്റി നില്‍ക്കുകയും ജഡം പരിശോധിക്കുകയും മറ്റു കാക്കകളെ വിളിച്ചറിയിക്കുകയും ഒക്കെ ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാക്കകൾ ജഡ പരിശോധന നടത്തുന്നത് അപകടങ്ങളെ ഭാവിയില്‍ ഒഴിവാക്കുന്നതിനാണത്രേ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t