യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സാഹചര്യം മുതലെടുത്ത് വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റ കൈക്കലാക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിക്കുന്നുണ്ടെന്ന് ദുബായ് പോലിസ് വ്യക്തമാക്കി. തട്ടിപ്പുകാരുമായി സ്വകാര്യ വിവരങ്ങള്‍ ഷെയര്‍ ചെയ്താല്‍ പണം നഷ്ടമാകാമെന്നും ദുബായ് പോലിസ് വ്യക്തമാക്കി. യുദ്ധസാഹചര്യം മുതലെടുത്ത് തട്ടിപ്പു സംഘങ്ങള്‍ വിലസുന്നതായാണ് റിപ്പോര്‍ട്ട്.
ദുബായ് ക്രൈസിസ് മാനേജ്മെന്റിലെ ജീവനക്കാരായും ദുബായ് പൊലീസുമായി ബന്ധമുള്ളവരാണെന്ന് പരിചയപ്പെടുത്തിയുമാണ് തട്ടിപ്പ് നടക്കുന്നത്. ഇതുവഴി യുഎഇ പാസ് ക്രെഡന്‍ഷ്യലുകള്‍, എമിറേറ്റ്സ് ഐഡി (ഇഐഡി) എന്നിവയുള്‍പ്പെടെയുള്ള സെന്‍സിറ്റീവായിട്ടുള്ള ഡിജിറ്റല്‍ ഡാറ്റ കൈക്കലാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പലരോടും ഇത്തരത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചതായും ജാഗ്രത വേണമെന്നും ദുബായ് പോലിസ് വ്യക്തമാക്കി. ദുബായ് പൊലീസോ മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളോ ഫോണ്‍ കോളുകളിലൂടെയോ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ ഇത്തരം രഹസ്യ വിവരങ്ങളോ കണ്‍ഫര്‍മേഷന്‍ കോഡുകളോ ആവശ്യപ്പെടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്.
എമിറേറ്റ്സ് ഐഡിപോലുള്ള വിവരങ്ങള്‍ തട്ടിപ്പുകാരുടെ കയ്യിലെത്തുന്നത് അതീവ ഗുരുതരമാണെന്ന് പൊലീസ് പറയുന്നു. സിം സ്വാപ്പിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഇതുവഴി നിങ്ങളുടെ മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം തട്ടിപ്പുകാര്‍ കൈക്കലാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഗവണ്‍മെന്റ് സ്ഥാപനങ്ങളോ ജീവനക്കാരോ ആണെന്ന് ഉറപ്പുവരുത്താതെ ആരുമായും സ്വകാര്യ അല്ലെങ്കില്‍ ബാങ്കിങ് വിവരങ്ങള്‍ പങ്കിടരുതെന്നും പൊതുജനങ്ങളോട് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുകയും അവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ 901 എന്ന നമ്പറില്‍ വിളിച്ചോ ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയവും ഇത്തരം തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബാങ്കിങ് വിവരങ്ങളോ മറ്റ് സ്വകാര്യ വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലിസ്
Advertisement
Advertisement
Advertisement