ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ജബൽ അലി തുറമുഖം, ലോകപ്രശസ്തമായ ബുർജ് അൽ അറബ് ഹോട്ടൽ തുടങ്ങി അഞ്ചോളം സുപ്രധാന കേന്ദ്രങ്ങളിലാണ് മിസൈലുകളും ഡ്രോണുകളും പതിച്ചത്. വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ ആകാശത്തുവെച്ച് തകർത്തെങ്കിലും, ഇവയുടെ അവശിഷ്ടങ്ങൾ വീണാണ് നഗരത്തിൽ വ്യാപകമായ നാശനഷ്ടങ്ങളും പരിഭ്രാന്തിയും ഉണ്ടായത്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് പുകയും പരിഭ്രാന്തിയും പടർന്നു. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റതായി വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ മേഖലയിലെ പ്രധാന ചരക്കുനീക്ക കേന്ദ്രമായ ജബൽ അലി തുറമുഖത്തെ ഒരു ബർത്തിലും തീപിടുത്തമുണ്ടായി. അമേരിക്കൻ നാവികസേനയുടെ പശ്ചിമേഷ്യയിലെ പ്രധാന താവളം കൂടിയാണ് ഈ തുറമുഖം. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് യുഎഇ താൽക്കാലികമായി വ്യോമപാത അടച്ചു. കുടുങ്ങിക്കിടക്കുന്ന 20,000-ത്തോളം യാത്രക്കാരുടെ താമസം ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ലോകത്തിലെ ആദ്യത്തെ സെവൻ സ്റ്റാർ ഹോട്ടലായ ബുർജ് അൽ അറബിന്റെ പുറംഭാഗത്ത് മിസൈൽ തകർക്കപ്പെട്ടതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് ചെറിയ രീതിയിൽ തീപിടുത്തമുണ്ടായി. ഇതിനുപുറമെ, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ പാം ജുമൈറയിലെ ഫെയർമോണ്ട് ഹോട്ടലിന് സമീപവും സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇവിടെ രണ്ടാമതൊരു ഡ്രോൺ കൂടി പതിച്ചതായും സാക്ഷികൾ പറയുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപമുള്ള ഡൗൺടൗൺ മേഖലയിലും ഉഗ്രസ്ഫോടന ശബ്ദങ്ങൾ കേട്ടതായി താമസക്കാർ സാക്ഷ്യപ്പെടുത്തി.
തലസ്ഥാനമായ അബുദാബിയിലും ഇറാൻ ആക്രമണം നടത്തി. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾ കൊല്ലപ്പെട്ടു. സാദിയാത്ത് ഐലൻഡ്, ഖലീഫ സിറ്റി, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലും മിസൈൽ അവശിഷ്ടങ്ങൾ വീണതായി റിപ്പോർട്ടുകളുണ്ട്. ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഈ നടപടിയെന്ന് കരുതപ്പെടുന്നു.
ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായത് നഗ്നമായ ആക്രമണമാണ്. അപകടകരമായ ഈ നീക്കത്തിന് തിരിച്ചടി നൽകാൻ യുഎഇക്ക് അവകാശമുണ്ട്. ഇതുവരെ 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും യുഎഇ വ്യോമസേന വിജയകരമായി തകർത്തു.
നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും തെറ്റായ വീഡിയോകൾ പ്രചരിപ്പിക്കരുതെന്നും ദുബായ് മീഡിയ ഓഫീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. മേഖലയിൽ കടുത്ത സംഘർഷാവസ്ഥ തുടരുകയാണ്.
ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി യുഎഇയുടെ വാണിജ്യ കേന്ദ്രമായ ദുബായിൽ ഇറാന്റെ ശക്തമായ മിസൈലാക്രമണം : അഞ്ച് പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടു !!
Advertisement
Advertisement
Advertisement